‘ജയിലർ 3’ വന്നാലും ഇനി സഹകരിക്കില്ല, മോഹൻലാലിന്റെ പകുതി സീനുകളും വെട്ടിമാറ്റി; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ

സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രമായ ‘ജയിലർ 2’വിൽ മോഹൻലാലിന്റെ പ്രകടനവും പ്രാധാന്യവും വെട്ടിക്കുറച്ചതിൽ പരസ്യമായി പ്രതിഷേധിച്ച് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറും മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റുമായ ജിഷാദ് ഷംസുദ്ദീൻ. ചിത്രത്തിൽ മോഹൻലാലിനായി താൻ ഡിസൈൻ ചെയ്ത ലുക്കുകളും വസ്ത്രങ്ങളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം കടുത്ത നിരാശയും അമർഷവും രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ മോഹൻലാലിന്റെ പകുതിയോളം രംഗങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നും, ഇനി ‘ജയിലർ 3’ ഉണ്ടായാൽ പോലും താൻ ഈ പ്രൊജക്టుമായി സഹകരിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

മോഹൻലാൽ കഥാപാത്രത്തിനായി വളരെയധികം മെനക്കെട്ട് താൻ തയ്യാറാക്കിയ പല കോസ്റ്റ്യൂമുകളും സീനുകളും തിയേറ്റർ പതിപ്പിൽ കാണാൻ സാധിച്ചില്ലെന്ന് ജിഷാദ് കുറിപ്പിൽ വ്യക്തമാക്കുന്നു. സ്റ്റാർഡത്തിനും കോടികളുടെ ക്ലബ്ബുകൾക്കും പുറമെ സിനിമയെയും ആരാധകരെയും സ്നേഹിക്കുന്നവർക്കൊപ്പമാണ് താനെന്നും, നടന്റെ പ്രകടനത്തിന് അർഹമായ ഇടം നൽകാതെ സീനുകൾ വെട്ടിച്ചുരുക്കിയത് തികഞ്ഞ നീതികേടാണെന്നും അദ്ദേഹം വിമർശിച്ചു. തങ്ങളെ വിശ്വസിച്ച് ഈ ചിത്രത്തിലേക്ക് എത്തിയ ആരാധകരോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് കോസ്റ്റ്യൂം ഡിസൈനറുടെ ഈ വെളിപ്പെടുത്തൽ വഴിവെച്ചിരിക്കുന്നത്. ‘ജയിലർ 2’വിൽ മോഹൻലാലിന്റെ അതിഥി വേഷത്തിനും മാസ് പ്രകടനത്തിനും മികച്ച സ്വീകാര്യത ലഭിക്കുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ കൂടുതൽ രംഗങ്ങൾ ഒഴിവാക്കപ്പെട്ടത് ആരാധകരിലും വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്.