അർജുനായുള്ള തിരച്ചിൽ നിരാശയിൽ, അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തിയിട്ടും വിജയം നേടാൻ കഴിഞ്ഞില്ല

ഷിരൂരിൽ മലയിടിഞ്ഞ് കാണാതായ അർജുനായുള്ള തിരച്ചിൽ തുടരുകയാണ്.പത്താം ദിവസത്തെ തിരച്ചിലത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത് . കഴിഞ്ഞ ദിവസം ട്രാക്ക് കിടക്കുന്ന സ്ഥലം കണ്ടെത്തിയിരുന്നു . ഈ സ്ഥലത്താണ് ഇന്ന് തിരച്ചിൽ നടത്തിയത്. ഒടുവിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. രാത്രിയിൽ വീണ്ടും ഡ്രോൺ പരിശോധന നടത്തിയേക്കും. തണുത്ത താപനിലയിൽ രാത്രിയിൽ വീണ്ടും ശ്രമം നടത്താനാണ് തീരുമാനം. ഗംഗാവാലി നദിയിലെ കനത്ത അടിയൊഴുക്കിന് തുടർന്നാണ് ഡ്രോൺ പരിശോധന നിർത്തിവെക്കേണ്ട വന്നത് . ഇതിനിടെ നദിയിൽ നിന്നും അർജുന്റെ ട്രാക്കിന്റെ സ്ഥാനം കണ്ടെത്തിയതോടെ അർജുന്റെ കുടുംബത്തിന നേരെ ഒരു വിഭാഗം സൈബർ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു . ലോറി പുഴയിൽ വീണുണ്ടാകുമെന്നും അവിടെ പരിശോധന നടത്താമെന്നുമാണ് കർണാടകയിൽ നിന്നുള്ള ദൗത്യ സംഘം ആദ്യം നിർദ്ദേശിച്ചത്. എന്നാൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് റഡാറിൽ സിഗ്നൽ കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. ഇതോടെ കരഭാഗം കേന്ദ്രീകരിച്ച് പരിശോധന നടത്താൻ ദൗത്യ സംഘം നിർബന്ധിതരായി.

ഇപ്പോൾ പുഴയുടെ ഭാഗത്ത് നിന്നാണ് വാഹനം കണ്ടെടുത്തത്. ഇത് ചൂണ്ടിക്കാട്ടിയാണ് ചിലരുടെ അധിക്ഷേപം. കേരളത്തിൽ നിന്നും പോയ രക്ഷാപ്രവർത്തകരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളും സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. രഞ്ജിത്ത് ഇസ്രായേലി, ലോറി ഉടമ മനാഫ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വിമർശനം ഉയരുന്നത്. ഇവരുടെ നിർബന്ധം കാരണമാണ് കരയിൽ തിരച്ചിൽ നടത്തി ദിവസങ്ങളോളം വെറുതെ കളഞ്ഞതെന്നാണ് കുറ്റപ്പെടുത്തലുകൾ. കർണാടകത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകർ പറഞ്ഞത് ചൊവിക്കൊള്ളാൻ തയ്യാറായിരുന്നുവെങ്കിൽ വാഹനം നേരത്തേ കണ്ടെത്താൻ സാധിക്കുമായിരുന്നുവെന്നും ഇക്കൂട്ടർ പറയുന്നു. മണ്ണിടിച്ചിലിൽ പെട്ട ടാങ്കർ ലേറിയും ബുള്ളറ്റും മറ്റ് ചിലരുടെ മൃതദേഹങ്ങളും കണ്ടെടുത്തത് പുഴയിൽ നിന്നാണെന്നാണ് തങ്ങളുടെ വാദത്തെ സാധൂകരിച്ച് ഇവർ പറയുന്നത്. അർജുന്റെ ഫോൺ റിങ് ചെയ്തുവെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. ഇതിനെ ചിലർ ചോദ്യം ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനായിരിക്കാം വീട്ടുകാർ ഇത്തരത്തിൽ പറഞ്ഞതെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തൽ. ജിപിഎസ് പ്രവർത്തിച്ചുവെന്നും എൻജിൻ സ്റ്റാർട്ട് ആയി എന്നുമുള്ള പ്രചരണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്നും ഇവർ പറയുന്നു. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് പരിശോധന നടത്താനായി രഞ്ജിത്ത് ഇസ്രായേലി അടക്കമുള്ള കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകർ ഇവിടേക്ക് എത്തിയിരുന്നു. എന്നാൽ ഇവിടെ രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തേക്ക് കയറ്റിവിടാൻ കർണാടകത്തിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നില്ല.

ഇതിനെ ചൊല്ലി പലപ്പോഴും വലിയ തർക്കം തന്നെ ഉടലെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരാതിരിക്കാനാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ നടപടിയെന്നായിരുന്നു വിമർശിക്കപ്പെട്ടത്. എന്നാൽ ഈ നടപടികളെല്ലാം അനാവശ്യ വാർത്തകൾക്കും സമ്മർദ്ദങ്ങൾക്കും കാരണമായെന്നും രക്ഷാദൗത്യത്തെ ബാധിച്ചെന്നും ചിലർ പറയുന്നു. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ പ്രദേശത്ത് അനുവദിക്കാതിരുന്നത് ഇക്കാരണങ്ങൾ കൊണ്ടൊക്കെയാണെന്നും ഇവർ വാദിക്കുന്നു.ചില അവസരങ്ങൾ മഴ കനത്തതോടെ രാത്രിയിലുള്ള രക്ഷാപ്രവർത്തനം പല ദിവസങ്ങളിലും അവസാനിപ്പിച്ചിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്റെ കൂടി അടിസ്ഥാനത്തിലാണെന്നാണ് ഇതെന്നായിരുന്നു കർണാടക ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ രക്ഷാപ്രവർത്തനം എന്നത് കൃത്യം സമയം പാലിച്ച് അവസാനിപ്പിക്കേണ്ട ജോലിയല്ലെന്നായിരുന്നു കേരളത്തിൽ നിന്നും പോയ ചിലരുടെ വിമർശനം. ഇവരിൽ പലരും ഷിരൂരിൽ എത്തിയതോടെ അവിടെ കനത്ത മഴയാണെന്നും രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നേരിട്ട് മനസിലാക്കി പ്രതികരിച്ചിരുന്നു. ഇതിനേയും ചിലർ വിമർശിച്ചു. രക്ഷാപ്രവർത്തനത്തിൽ പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടായിരുന്നു കർണാടക സർക്കാർ സ്വീകരിച്ചത്. ഇതിനെ കേരളത്തിൽ നിന്നവർ ചോദ്യം ചെയ്തിരുന്നു. എന്നാൽ സർക്കാരുകൾക്ക് അത്തരത്തിൽ വൈകാരികമായി പ്രവർത്തിക്കാനാകില്ലെന്നും ചിലർ പറയുന്നു.

അതേസമയം കർണാടക സർക്കാർ ആദ്യ ദിവസങ്ങളിൽ അലംഭാവം കാണിച്ചതാണ് രക്ഷാപ്രവർത്തനം ഇത്രയും നീളാൻ കാരണമെന്നാണ് ചിലർ പറയുന്നത്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ മാത്രമാണ് ഇവർ ശ്രമിച്ചതെന്നും ചിലർ വിമർശിക്കുന്നു. അതേസമയം കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ അർജുന്റെ മാതാവ് ഷീല പരാതി നൽകി . വാർത്താസമ്മേളനത്തിനിടെ അർജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.