സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തോട് പാകിസ്ഥാൻ്റെ ഭീഷണി. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിയന്ത്രണ രേഖയിൽ ഇന്നലെ രാത്രിയും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. പെഹൽഗാം ആക്രമണത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേണം, ഇതിന് രാജ്യാന്തര അന്വേഷകരുമായി പ്രവർത്തിക്കാൻ തയാറാണെന്നും, രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാക്കിസ്ഥാൻ സഹകരിക്കാൻ തയാറാണെന്നുംഖവാജ ആസിഫ് പറഞ്ഞു.
ഭീകരവാദികളെ സഹായിക്കാൻ പാകിസ്ഥാൻ നിർബന്ധിതമായതിന് പിന്നിൽ പാശ്ചാത്യ രാജ്യങ്ങളായിരുന്നു എന്നും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസിനും, ബ്രിട്ടണുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടിയാണ് ഈ പ്രവൃത്തി ഞങ്ങൾ ചെയ്തുകൊണ്ടിരുന്നതെന്ന് ഖവാജ ആസിഫ് പറഞ്ഞു. പക്ഷെ അതൊരു വലിയ തെറ്റായിരുന്നുവെന്നും പാകിസ്ഥാൻ ഇപ്പോൾ അതിന്റെ പരിണിത ഫലങ്ങൾ നേരിടുകയാണെന്നും പാക് പ്രതിരോധ മന്ത്രി വെളിപ്പെടുത്തി.
അതിനിടെ ഇന്നലെ രാത്രിയും രണ്ട് ഭീകരരുടെ വീടുകൾ കശ്മീരിൽ തകർത്തു. പുൽവാമയിലാണ് അഹ്സാൻ ഉൾ ഹഖ്, ഹാരി അഹമദ് എന്നിവരുടെ വീടുകളാണ് തകർത്തത്. പഹൽഗാം ഭീകരാക്രമണത്തിൽ ഇൻറലിജൻസ് വിവരവും അന്വേഷണവും പാകിസ്ഥാൻ്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ലോക നേതാക്കളോട് വിശദീകരിച്ചിട്ടുണ്ട്. കശ്മീർ താഴ്വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ അവലോകനം ചെയ്യാൻ സൈന്യം തീരുമാനിച്ചിട്ടുണ്ട്. അമർനാഥ് യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തെ വിനോദ സഞ്ചാര മേഖല സുരക്ഷിതമെന്ന് വിദേശ രാജ്യങ്ങളെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര തടയുന്ന മാർഗനിർദ്ദേശങ്ങൾ നൽകരുതെന്ന് രാജ്യങ്ങളോട് ഇന്ത്യ അഭ്യർത്ഥിച്ചു.
