വിസ്‌മയം തീർക്കാനൊരുങ്ങി നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് !!

വരുന്ന വെള്ളിയാഴ്ച നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ കൊടിയേറ്റമാണല്ലോ. 2008 ൽ മാടമ്പി എന്ന സൂപ്പർ ഹിറ്റിലൂടെ ആരംഭിച്ച മോഹൻലാൽ – ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ട് ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക്…

വരുന്ന വെള്ളിയാഴ്ച നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ കൊടിയേറ്റമാണല്ലോ. 2008 ൽ മാടമ്പി എന്ന സൂപ്പർ ഹിറ്റിലൂടെ ആരംഭിച്ച മോഹൻലാൽ – ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ട് ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ചാം തവണ ഒന്നിക്കുന്ന ചിത്രം . മിസ്റ്റർ ഫ്രോഡൊഴികെ മറ്റെല്ലാ ചിത്രങ്ങളിലും മോഹൻലാലിലെ താരത്തെയും നടനെയും അത്യാവശ്യം നന്നായി ഉപയോഗപ്പെടുത്തുന്നതിൽ സംവിധായകൻ വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. 2000 ജനുവരി 26 ന് മലയാള സിനിമയുടെ അന്നോളമുള്ള കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ നരസിംഹവുമായി ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ചലച്ചിത്ര നിർമാണ രംഗത്തേയ്ക്ക് കടന്നു വന്നു. അക്കാലത്തെ മോഹൻലാലിന്റെ മിക്ക ചിത്രങ്ങളുടെയും നിർമാണവും വിതരണവും സ്വർഗചിത്രയായിരുന്നു.

എന്നാൽ അധികം വൈകും മുമ്പ് മോഹൻലാൽ നായകനാകുന്ന ഒരു വിധം എല്ലാ ചിത്രങ്ങളും ആശിർവാദ് തന്നെ നിർമിക്കാൻ തുടങ്ങി. ഒരു പക്ഷേ അത്ഭുതമെന്ന് തന്നെ വിശേഷിപ്പിക്കാം 2008 മുതൽ മോഹൻലാലിനെ നായകനാക്കി ഏറ്റവും കൂടുതൽ ചിത്രമൊരുക്കിയ സംവിധായകരിൽ ഒരാളായിട്ടും ബി.ഉണ്ണിക്കൃഷ്ണൻ സംവിധായക മേലങ്കിയണിഞ്ഞ ഒരൊറ്റ ചിത്രം പോലും ആശീർവാദിന്റെ ബാനറിൽ പുറത്തു വന്നിട്ടില്ല. 14 വർഷത്തിനിടയിൽ ആറാട്ടുമായി അഞ്ചാംവട്ടവും മോഹൻലാൽ – ബി.ഉണ്ണിക്കൃഷ്ണൻ ടീം വരുമ്പോഴും ആശീർവാദ് രംഗത്തേയില്ല. ഇത്തവണ സംവിധായകൻ തന്നെയാണ് നിർമാതാവും . ബി.ഉണ്ണികൃഷ്ണന്റെ മോഹൻലാൽ ചിത്രങ്ങൾ മാത്രം ആശീർവാദിന്റെ ബാനറിൽ പുറത്തു വരാത്തത് എന്ത് കൊണ്ടെന്ന് അറിയില്ല. ഒരു പക്ഷേ പ്രൊഡക്ഷൻ ടീമിനെ റെഡിയാക്കിയിട്ടാകാം ബി.ഉണ്ണിക്കൃഷ്ണൻ പ്രോജക്ടുമായി ലാലിനെ സമീപിക്കുന്നത്.