വവ്വാലുകള്‍ പേടിച്ചാല്‍ പുറത്ത് വരുന്ന വൈറസ് ; ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയോ?

വീണ്ടും നിപ രോഗ ഭീതിയിലാണ് കേരളം.സാധാരണ വവ്വാലുകളിൽ കാണുന്ന വൈറസിൽ നിന്ന് പകർന്ന് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗമാണ് നിപ വൈറസ് മൂലം  ഉണ്ടാവുക. ചിലരിൽ ശ്വാസകോശത്തിലാണ്  രോഗബാധ ഉണ്ടാവുക.. 2018 ലാണ് …

വീണ്ടും നിപ രോഗ ഭീതിയിലാണ് കേരളം.സാധാരണ വവ്വാലുകളിൽ കാണുന്ന വൈറസിൽ നിന്ന് പകർന്ന് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗമാണ് നിപ വൈറസ് മൂലം  ഉണ്ടാവുക. ചിലരിൽ ശ്വാസകോശത്തിലാണ്  രോഗബാധ ഉണ്ടാവുക.. 2018 ലാണ്  നിപ എന്ന രോഗത്തെ കേരളത്തിലാദ്യമായി അരിഞ്ഞത്.കണ്ണൂര്‍ ബര്‍ണ്ണശേരിയിലെ ഇ കെ നായനാര്‍ സ്മാരക അക്കാദമിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ. പെട്ടന്ന് ഫോണിലേക്ക് പേരാമ്പ്ര എം എൽ എയും മന്ത്രിയുമായിരുന്ന ടി പി രാമകൃഷ്ണന്റെ വിളിയെത്തി. കേരളത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ ഒരു കാര്യമായിരുന്നു ആ ഫോൺ കോൾ പറ‌ഞ്ഞുവച്ചത്. അന്ന് മുതൽ രണ്ട് മാസക്കാലം നിപയെന്ന വലിയ വെല്ലുവിളിയായിരുന്നു പിന്നീട് കേരളം നേരിട്ട് വിജയിച്ചത്.നിപ വൈറസ് വീണ്ടും ആശങ്കയുയർത്തുമ്പോൾ നാല് വർഷങ്ങൾക്കുമുമ്പുള്ള കേരളത്തിന്റെ ആദ്യ നിപ അനുഭവത്തെക്കുറിച്ച് ഓർക്കാതിരിക്കാനാകില്ല. ഇന്ന് നമുക്ക് ഈ പേരും രോഗവും അത്ര അപരിചിതമല്ല. അതുകൊണ്ടുതന്നെ ആവശ്യമായ മുൻകരുതലുകളും ജാഗ്രതയും നടപടികളുമെല്ലാം കൂടുതൽ എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്നുണ്ട് എന്നത് ചെറിയ ആശ്വാസമല്ല തരുന്നത്. പക്ഷേ 2018 ൽ ഇതായിരുന്നില്ല സ്ഥിതി. തീർത്തും അപരിചിതമായ ഒരു രോഗത്തെയാണ് അന്ന് നമ്മൾ നേരിട്ടത്. പോരാടിയാണ് കേരളം അന്ന് ജയിച്ചത്. നാല് തവണ നിപ സ്ഥിരീകരിച്ചതില്‍ മൂന്ന് തവണയും കോഴിക്കാട് ജില്ലയിലായിരുന്നു എന്നത് ശ്രദ്ധേയമണ്. 2018 ലും 2021 ലും നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ പരിസ്ഥിതിക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പ്രദേശവും. ജാനകിക്കാടിന് സമീപം കള്ളാടാണ് ഇപ്പോള്‍ നിപ സ്ഥിരീകരിച്ചിരിക്കുന്നത്.2018 ല്‍ നിപ സ്ഥിരീകരിച്ച സൂപ്പിക്കടയും ജാനകിക്കാട് ഇക്കോടൂറിസം മേഖലയുടെ സമീപമാണ്. ഇരു സ്ഥലങ്ങളില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായാണ് ജാനകിക്കാട്. ഫലവൃക്ഷങ്ങള്‍ ഏറെയുള്ള പ്രദേശമാണ് ഇവിടം. അതിനാല്‍ തന്നെ പഴംതീനി വവ്വാലുകളും ഇവിടെ വസിക്കുന്നുണ്ട്.

പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ രോഗവാഹകര്‍ എന്ന് നേരത്തെ തന്നെ വ്യക്തമായതാണ്.വവ്വാലുകളില്‍ ഭീതിയോ സമ്മര്‍ദമോ ഉടലെടുക്കുമ്പോഴാണ് വൈറസ് പുറത്തുവരിക. ഭക്ഷണം കിട്ടാതെ വലയുമ്പോള്‍ വവ്വാലുകളില്‍ വൈറസിന്റെ സാന്ദ്രത വര്‍ധിക്കുകയും മൂത്രം, ഉമിനീര് എന്നിവയിലൂടെ വൈറസ് പുറന്തള്ളുകയും ചെയ്യും. ഇതാണ് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും എത്തുന്നത്. ധാരാളം കമുകുകളും തെങ്ങുകളും നിറഞ്ഞ പ്രദേശമാണ് കള്ളാട്. മുന്‍പ് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ പരിസ്ഥിതിയും ഇതിന് സമാനമായിരുന്നു. 2018 ല്‍ പഴംതീനി വവ്വാലുകളില്‍ വൈറസ് കണ്ടെത്തിയെങ്കിലും അതെങ്ങനെ മനുഷ്യനിലേക്കെത്തിയെന്നത് ഇന്നും വ്യക്തമല്ല. ഇത്തവണയും ഇതേ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. പഴംതീനി വവ്വാലുകളില്‍ നിന്നാണോ ഇത്തവണയും വൈറസ് പടര്‍ന്നതെന്നാണ് അന്വേഷിക്കുന്നത്. ഇന്ത്യ, ചൈന, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് പഴംതീനി വവ്വാലുകള്‍ വ്യാപകമായി കാണപ്പെടുന്നത്.ഭക്ഷണം തേടി 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്നവയാണ് ഇവ. പേരയ്ക്ക, മാങ്ങ, ഞാവല്‍ എന്നിവയാണ് ഇഷ്ട ഭക്ഷണമെങ്കിലും കശുമാങ്ങ, അടയ്ക്ക എന്നിയുടെ നീര് കുടിക്കാറുണ്ട്. അതിനാല്‍ തന്നെ കള്ളാട്ടിലെ കമുക് നിറഞ്ഞ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. മലേഷ്യയിലും സിംഗപ്പൂരിലുമാണ് നിപ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. കേരളത്തില്‍ ഇതുവരെ 20 മരണമാണ് 2018 ന് ശേഷം നിപ ബാധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.