നിശീഥിനി..

പകലന്തിയോളം പണിയെടുത്തിട്ട്, പകലോന്‍ ചെമ്മാന ചെരുവിറങ്ങി.. എരിയുന്ന പകലിന്‍റെ ചിതയില്‍നിന്നരുമയാം നിശീഥിനി വന്നണഞ്ഞു.. ഇരുണ്ട രാവിന്നൊരു അരണ്ടവെളിച്ചമായ്.. ആകാശത്തമ്പിളി ഉദിച്ചുയര്‍ന്നു.. പാടത്തിന്നോരത്തെ പാരിജാതത്തിന്‍റെ പരിമളംനുകരുവാനൊരു കുളിര്‍ തെന്നലെത്തി.. ചെത്തിയൊതുക്കാത്ത പറമ്പിന്‍ നടുവിലെ പൂക്കാത്ത മാവിന്‍റെ കായ്കാത്ത കൊമ്പിലൊരു രാക്കിളി പാട്ടിനായ് തുടിയുണര്‍ത്തി…

പ്രണയിനിക്കൊരുവരി പ്രണയമെഴുതുവാന്‍.. ഒരു പകല്‍ മുഴുവൻ ഞാന്‍ വ്യര്‍ത്ഥമാക്കി..! പല്ലവിയും അനുപല്ലവിയും എല്ലാമീ തൂലികയ്കന്യമായി.. ഒരു മഴ കൊതിക്കുന്നൊരു വരണ്ടചേതന മൂകമായ് ഉള്ളില്‍ നീറുകയായ്.. ഇടറുന്ന ഹൃദയത്തിന്‍ ഇടറിയ താളം ഇടതടവില്ലാതെ മുഴങ്ങിടുന്നു.. ഇനിയൊന്നുറങ്ങേണം രാവിന്‍ മടിയിൽ സ്വപ്‌നങ്ങള്‍തൻ തേരിലൊരു സ്വപ്നാടകനായ്‌.. പാതിമയക്കത്തിന്‍ പാതയില്‍ ഞാനിപ്പോള്‍.. പാതിവഴിയും കടന്നുപോയീ….!!!

Previous articleശരീരമല്ല..ഞങ്ങളുടെ മനസ്സ് കാണാന്‍ ശ്രമിക്കു !
Next article“സന്ധ്യ മായുന്നിടം” -രോഹിത് ഉണ്ണികൃഷ്ണൻ