ബിജു പൗലോസായി നിവിന്‍ പോളി വീണ്ടും; ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം

മലയാളത്തിലെ പോലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയതായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു. വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം അടക്കം ചെറിയ…

മലയാളത്തിലെ പോലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയതായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു. വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം അടക്കം ചെറിയ വേഷങ്ങളില്‍ എത്തിയവര്‍ പോലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്നതാണ് പുതിയ വാര്‍ത്ത.

നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്.

താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റുസിനിമകള്‍. ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ ആവിഷ്‌കരിച്ചത്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ഇപ്പോഴും സിനിമാപ്രേമികള്‍ നെഞ്ചേറ്റുന്നവയാണ്. അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. ജോജു ജോര്‍ജ്, കലാഭവന്‍ പ്രജോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു.