ഹനീഫ് അദേനിയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നിവിന്‍ പോളി; ചിത്രീകരണം ദുബായിയില്‍

‘മിഖായേല്‍’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജനുവരി 20ന് യുഎഇയില്‍ ആണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീമിനൊപ്പം നിവിന്‍ പോളിയും ജോയിന്‍ ചെയ്തിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമുള്ള നിവിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നിവിന്‍ പോളിയുടെ കരിയറിലെ 42മത് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക.

ദുബായ്‌യില്‍ ആണ് നിവിന്‍ പോളി ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നിവിന്‍ പോളിക്ക് പുറമേ ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പന്‍ എന്നിവരും ചിത്രത്തിലുണ്ടാകും. ദുബായ്, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍, കോസ്റ്റ്യൂം മെല്‍വി ജെ, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഗ്‌നിവേശ്, DOP അസോസിയേറ്റ് രതീഷ് മന്നാര്‍.

നിവിന്‍-ഹനീഫ് കൂട്ടുകെട്ടിലെ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിഖായേല്‍. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം നിര്‍വഹിച്ച ചിത്രം കൂടിയായിരുന്നു ഇത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയ സിനിമയായിരുന്നു ഇത്. അതേസമയം, സാറ്റര്‍ നൈറ്റ് എന്ന ചിത്രമാണ് നിവിന്‍ പോളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിനും ഒന്നിച്ച ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങിയത്.

Gargi