സിനിമകളിൽവർക്ക് ചെയ്യുമ്പോൾ സ്ത്രീയോ പുരുഷനെന്നോ നോക്കാറില്ല! എന്നാൽ അങ്ങനെ നോക്കേണ്ടി വരുന്നത് പേടിച്ചിട്ട്, ജൂഡ് ആന്റണി

മലയാളികൾക്ക് സുപരിചിതനായ നടനും സംവിധായകനുമാണ് ജൂഡ് ആന്റണി ജോസഫ്. സംവിധാനം ചെയ്ത മിക്ക സിനിമകളും വിജയിച്ചെങ്കിലും ജൂഡ് ആന്റണിയുടെ പ്രതിച്ഛായ്ക്ക് പലപ്പോഴും വിനയാകുന്നത് വിവാദങ്ങളാണ്. സോഷ്യൽ മീഡിയ പോസ്റ്റുകളും അഭിമുഖങ്ങളിൽ ജൂഡ് ന‌ടത്തുന്ന തുറന്ന്…

മലയാളികൾക്ക് സുപരിചിതനായ നടനും സംവിധായകനുമാണ് ജൂഡ് ആന്റണി ജോസഫ്. സംവിധാനം ചെയ്ത മിക്ക സിനിമകളും വിജയിച്ചെങ്കിലും ജൂഡ് ആന്റണിയുടെ പ്രതിച്ഛായ്ക്ക് പലപ്പോഴും വിനയാകുന്നത് വിവാദങ്ങളാണ്. സോഷ്യൽ മീഡിയ പോസ്റ്റുകളും അഭിമുഖങ്ങളിൽ ജൂഡ് ന‌ടത്തുന്ന തുറന്ന് പറച്ചിലുകളും ചർ‌ച്ചയാകാറുണ്ട്. 2018 എന്ന സിനിമ വൻ വിജയം നേടിയപ്പോഴും വിജയത്തിന്റെ നിറം കെടുത്തിയ ചില പ്രശ്നങ്ങളിൽ ജൂഡ് ആന്റണി അകപ്പെട്ടു എന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. നടൻ ആന്റണി വർ​ഗീസിനെക്കുറിച്ച് ജൂഡ് ആന്റണി നടത്തിയ പരാമർശം അടുത്തിടെ വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. തനിക്ക് തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതവും ദേഷ്യവും ഉണ്ടെന്ന് സംവിധായകൻ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്ത്രീകളെ തന്റെ സഹസംവിധായകരായി നിർത്താത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ജൂഡ് ആന്റണി.

മലയാളത്തിലെ ഒരു വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജൂഡ്. സിനിമകളിൽ വർക്ക് ചെയ്യുമ്പോൾ സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കാറില്ല. പക്ഷെ ചില സമയത്ത് അങ്ങനെ നോക്കേണ്ടി വരുന്നത് കൊണ്ടാണ് പേടിച്ച് മാറുന്നത്. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി ഒരു പെൺകുട്ടിയെയും വെക്കാറില്ല. ഞാനെന്റെ അസിസ്റ്റന്റ് ഡയറക്ടറോ‌ടൊക്കെ ഭയങ്കര ദേഷ്യത്തിൽ സംസാരിക്കും. ഏതെങ്കിലും സമയത്ത് അറിയാതെ പറഞ്ഞ് പോയാൽ മീടൂ എന്ന് പറഞ്ഞ് അവളൊരു പരാതി കൊടുത്താൽ പിന്നെ വർഷങ്ങളോളം ജയിലിൽ കിടക്കണം. അത്തരത്തിലുള്ള പേടി വരാനുള്ള കാരണം സ്ത്രീകളും പുരുഷനുമായുള്ള ഇന്റരാക്ഷന് സമൂഹം സ്പേസ് കൊടുക്കാത്തതാണെന്നും ജൂഡ് ആന്റണി പറയുന്നു. വിദേശ രാജ്യത്ത് പോയി ഒരു സ്ത്രീയോട് നിങ്ങൾ ആദ്യം ഇരിക്കൂ എന്ന് പറഞ്ഞാൽ എന്തിനാണ് ഞാൻ ആദ്യം ഇരിക്കുന്നതെന്ന് അവർ ചോദിക്കും. സ്ത്രീയാണെന്ന് പറഞ്ഞ് പ്രത്യേക ബഹുമാനം കൊടുത്താൽ അവരെ കളിയാക്കുന്നത് പോലെയാണ്. ഞാൻ സിനിമ ചെയ്യുമ്പോൾ സ്ത്രീ കഥാപാത്രത്തിന്റെ  സിനിമയാണെന്ന് ചിന്തിക്കുന്നത് മാർക്കറ്റ് ചെയ്യുന്ന സമയത്താണെന്നും ജൂഡ് ആന്റണി വ്യക്തമാക്കി. അസിസ്റ്റന്റ് ഡയറക്ടറോട് മാന്യമായി സംസാരിക്കാറില്ല. അതിനാൽ സ്ത്രീകളെ ഒരിക്കലും സഹസംവിധായകരായി നിർത്തില്ലെന്ന് ജൂഡ് ആന്റണി അഭിമുഖത്തിൽ ആവർത്തിച്ചു. സിനിമാ റിവ്യൂകൾക്കെതിരെയും ജൂഡ് ആന്റണി സംസാരിച്ചു. റിവ്യൂ പറയുന്ന ആൾ യൂട്യൂബിലിട്ട് വരുമാനം ഉണ്ടാക്കാൻ എന്തും പറയും. പക്ഷെ ഇവർക്ക് നല്ല സിനിമയെ മോശം സിനിമയെന്ന് പറഞ്ഞ് പരാജയപ്പെടുത്താൻ കഴിയില്ലെന്നും ജൂഡ് ആന്റണി ചൂണ്ടിക്കാട്ടി.

2018 പ്രത്യേക ​ഗ്യാങ്ങിലുള്ള സംവിധായകനാണ് ചെയ്തതെങ്കിൽ പിആർ കൊണ്ട് രാജ്യാന്തര തലത്തിൽ എത്തിച്ചേനെയെന്നും ജൂഡ് ആന്റണി തുറന്നടിച്ചു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ജോഷി സാർ തുടങ്ങിയവരുടെ സിനിമകൾ വരുമ്പോൾ കാണാത്ത ചില പ്രത്യേക തരം വാർത്തകൾ മറ്റ് ചിലരുടെ സിനിമകൾക്ക് വരാറുണ്ടെന്ന് ജൂഡ് ആന്റണി പറയുന്നു. പിആർ വർക്കിലൊക്കെ കാര്യമുണ്ട്. പക്ഷെ അതിനുള്ള ടെക്നിക്ക് അറിയില്ല. മാർക്കറ്റിം​ഗിൽ കഴിവുള്ള ഒരാളാണ് ചെയ്തിരുന്നതെങ്കിൽ ചിലപ്പോൾ ഈ സിനിമ ഓസ്കാർ അ‌ടിച്ച് പോയെനെ. നിങ്ങൾ തന്നെ ശ്രദ്ധിച്ചാൽ മതി. ഒരു സിനിമ ഹിറ്റാകുമ്പോൾ നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നും സപ്പോർട്ട് ചെയ്ത് വന്ന സംവിധായകരുടെ പോസ്റ്റുകളോ കമന്റുകളോ ഷെയറുകളോ നോക്കു. ഈ ​ഗ്യാങ്ങിൽ വന്ന ശരാശരിയിൽ താഴെയുള്ള സിനിമയ്ക്ക് ലഭിച്ച സപ്പോർട്ടും പോസ്റ്റും നോക്കു. തനിക്കിത് ഫീൽ ചെയ്തിട്ടുണ്ട്. ഒരു ആക്ട‌റെന്ന നിലയിൽ പലരോടും താൻ ചാൻസ് ചോദിച്ചിട്ടുണ്ട്. പക്ഷെ അവർക്കെല്ലാം മറ്റുള്ളവരെ അകത്തോ‌ട്ട് കയറ്റാൻ വിമുഖതയാണെന്നും ജൂഡ് ആന്റണി തുറന്നടിച്ചു.