‘ഭാരതം വെട്ടി സെന്‍സര്‍ ബോര്‍ഡ്!! ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ തിയ്യേറ്ററിലേക്ക്

അജു വര്‍ഗീസ്, സുബീഷ് സുധി എന്നിവരെ പ്രധാന കഥാപാത്രമാക്കി ടിവി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’. വ്യത്യസ്തമായ പേര് കൊണ്ട് തന്നെ ചിത്രം പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ പേര് മാറ്റിയിരിക്കുകയാണ്.

ചിത്രത്തിന്റെ പേരില്‍ ഇനി ഭാരതം ഉണ്ടാകില്ല. ഇനി ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്ന പേരില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ പ്രധാന നടനായ സുബീഷ് സുധിയാണ് ഇക്കാര്യം അറിയിച്ചത്.

‘പ്രിയരെ, ഞങ്ങളുടെ സിനിമക്ക് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന പേര് ഇനിയില്ല. സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം ‘ഭാരതം വെട്ടി മാറ്റുന്നു’. ഇനി മുതല്‍ ‘ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം’. മാര്‍ച്ച് 8 മുതല്‍ തീയ്യേറ്ററുകളില്‍’, എന്നാണ് സുബീഷ് സുധി കുറിച്ചത്.

ചിത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. പിന്നാലെയാണ് പേര് മാറ്റവും. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി വി കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ സി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഷെല്ലിയാണ് നായിക. അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

നിസാം റാവുത്തര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അന്‍സാര്‍ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ് വര്‍മ്മ ക്രിയേറ്റീവ് ഡയറക്ടര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാഗരാജ്, എഡിറ്റര്‍ ജിതിന്‍ ടി കെ, സംഗീതം അജ്മല്‍ ഹസ്ബുള്ള, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, ആര്‍ട്ട് ഷാജി മുകുന്ദ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍, നിതിന്‍ എം എസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍ രാമഭദ്രന്‍ ബി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, സ്റ്റില്‍സ് അജി മസ്‌കറ്റ്, ഡിസൈന്‍ യെല്ലൊ ടൂത്ത്. പി ആര്‍& മാര്‍ക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.