രാധേ ശ്യാമിന്റെ പരാജയം: ആദ്യമായ് പ്രതികരിച്ച് പ്രഭാസ്: നിരാശയോടെ ആരാധകര്‍

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത രാധേ ശ്യാമിന്റെ പരാജയം അംഗീകരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് നടത്തിയ പ്രതികരണമാണ് ചിത്രത്തിന്റെ പരാജയത്തെ അണിയറ…

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത രാധേ ശ്യാമിന്റെ പരാജയം അംഗീകരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് നടത്തിയ പ്രതികരണമാണ് ചിത്രത്തിന്റെ പരാജയത്തെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍ക്കൊണ്ടതായ സൂചനയുള്ളത്. ആദ്യമായാണ് ചിത്രത്തെ കുറിച്ചുള്ള മോശം പ്രതികരണങ്ങളില്‍ പ്രഭാസ് പ്രതികരിക്കുന്നത്.

കോവിഡ് അല്ലെങ്കില്‍, തിരക്കഥയില്‍ ഉള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. എന്നെ ആളുകള്‍ അങ്ങിനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നില്‍ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടുമാകാം എന്നായിരുന്നു സിനിമയെ കുറിച്ചുള്ള പ്രഭാസിന്റെ പ്രതികരണം.

Prabhas undergoes surgery for injury

രാജ്യമൊട്ടാകെ നടന്ന വലിയ പ്രൊമോഷന് ഒടുവില്‍ മാര്‍ച്ച് 11നാണ് രാധേ ശ്യാം തിയേറ്ററുകളില്‍ എത്തിയത്. പ്രതീക്ഷകള്‍ കാലങ്ങളായി കാത്തിരുന്ന ചിത്രം പക്ഷേ വലിയ നിരാശയാണ് സമ്മാനിച്ചത്. ചിത്ത്രിന്റെ കഥയും വിഎഫ്എക്‌സും എഡിറ്റിങുമെല്ലാം വിമര്‍ശിക്കപ്പെട്ടു.

350 കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ ചിത്രത്തിന് 214 കോടി മാത്രമാണ് കളക്ഷന്‍ നേടാനായത്. മറ്റൊരു ബാഹുബലി പ്രതീക്ഷിച്ച ആരാധകര്‍ക്ക് ചിത്രം നല്‍കിയ നിരാശ വളരെ വലുതായിരുന്നു. ചിത്രത്തിന്റെ മോശം പ്രതികരണങ്ങളില്‍ മനം നൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തതും സിനിമാ ലോകത്ത് വലിയ വേദന സമ്മാനിച്ചു. ആന്ധ്ര സ്വദേശിയായ 24കാരന്‍ രവി തേജയാണ് ആത്മഹത്യ ചെയ്തത്. സിനിമ കണ്ട് വീട്ടിലെത്തിയ ഇയാള്‍ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്തതിലെ ദുഖം അമ്മയോട് പങ്കുവെച്ച ശേഷം സീലീങ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുക ആയിരുന്നുവെന്നാണ് വിവരം.

ഹസ്തരേഖ വിദഗ്ധനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിച്ചത്. പ്രഭാസിന് പുറമെ മുരളി ശര്‍മ, പ്രിയദര്‍ശിനി, സത്യന്‍, ജയറാം, സാഷാ ഛേത്രി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തെലുങ്കിന് പുറമെ, ഹിന്ദി, കന്നഡ, മലയാളം, തമിഴ് ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, ജീവിതത്തില്‍ കടന്നുപോകാന്‍ പറ്റാത്ത അവസ്ഥകള്‍ നേരിടുകയും വിദഗ്ധ സഹായങ്ങള്‍ ആവശ്യമായി വരുകയും ചെയ്യുമ്പോള്‍ എത്രയും വേഗം മനസിക ആരോഗ്യ വിദഗ്ധരുടെ സേവനം തേടുക. ഏത് പ്രശ്‌നത്തെയും അതിജീവിക്കാന്‍ ശ്രമിക്കുക. സഹായങ്ങള്‍ക്ക്: 1056 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുക)