മ്മടെ അരി പ്രാഞ്ചിയെ പോലെ ഹൃദയത്തിൽ ഒരുപാട് നന്മയുള്ളവർ! അന്നത്തിന് വിഷമിക്കുന്നവർക്കായി ‘പ്രാഞ്ചിയേട്ടൻസ് അടുക്കള’

വിശപ്പനുഭവിക്കുന്ന പാവങ്ങൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകുവാൻ സമൂഹ നന്മക്കായി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്ന ചമ്മണികോടത്ത് ഫ്രാൻസിസ് ആൻഡ് ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് (സിഎഫ്എഫ്സിടി) ‘അന്നദാനം മഹാ പുണ്യം’ എന്ന സന്ദേശവുമായി…

വിശപ്പനുഭവിക്കുന്ന പാവങ്ങൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകുവാൻ സമൂഹ നന്മക്കായി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്ന ചമ്മണികോടത്ത് ഫ്രാൻസിസ് ആൻഡ് ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് (സിഎഫ്എഫ്സിടി) ‘അന്നദാനം മഹാ പുണ്യം’ എന്ന സന്ദേശവുമായി ‘പ്രാഞ്ചിയേട്ടൻസ്അടുക്കള’ ആരംഭിച്ചു. ചക്കരപ്പറമ്പ് ഹോളിഡേ ഇൻ ഹോട്ടലിന് സമീപത്തായി ആരംഭിച്ച സംരംഭം എറണാകുളം എംഎൽഎ ടി. ജെ വിനോദ്, തൃക്കാക്കര എംഎൽഎ ഉമാ തോമസ്, സിഎഫ്എഫ്സിടി ചെയർമാൻ ഷിബു ഫ്രാൻസിസ് ചമ്മിണി എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എല്ലാദിവസവും രാവിലെയും (8 മുതൽ 9 വരെ) ഉച്ചയ്ക്കും(12-30 മുതൽ 2.00 വരെ) സൗജന്യ ഭക്ഷണം ഇവിടെ നിന്നു ലഭിക്കുന്നതായിരിക്കും.

വിശക്കുന്നവർക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നിടത്തോളം പുണ്യപ്രവത്തി വേറെയില്ല. അത് ദിവസേന കൊടുക്കുവാൻ ചമ്മണികോടത്ത് ഫ്രാൻസിസ് ആൻഡ് ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് കാണിക്കുന്ന ഈ മനസ്സ് എല്ലാവരും മാതൃകയാക്കേണ്ടാതാണെന്ന് തൃക്കാക്കര എംഎൽഎ ഉമാ തോമസ് പറഞ്ഞു. സമൂഹ നന്മയ്ക്കായി എന്നും നിലകൊള്ളുന്ന ചമ്മണികോടത്ത് ഫ്രാൻസിസ് ആൻഡ് ഫാമിലി ചാരിറ്റബിൾ ട്രസ്റ്റും അതിന്റെ സാരഥിയുമായ ഷിബു ഫ്രാൻസിസ് ചമ്മിണിയും ആരംഭിച്ച പ്രാഞ്ചിയേട്ടൻസ് അടുക്കള മറ്റുള്ളവരും മാതൃകയാക്കി മുന്നോട്ട് വരികയാണെങ്കിൽ കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വരില്ലന്ന് എറണാകുളം എംഎൽഎ ടി. ജെ വിനോദ് പറഞ്ഞു.

”വിശപ്പില്ലാത്ത കേരളം എന്ന പദ്ധതി കേരള സർക്കാരിന് തന്നെയുണ്ട്. ആ പ്രവർത്തനങ്ങൾക്ക് പ്രാഞ്ചിയേട്ടൻസ് അടുക്കള ഊർജ്ജം പകരും. പ്രാഞ്ചിയേട്ടൻസ് അടുക്കള തുടങ്ങാൻ മനസ് കാണിച്ച ചമ്മണികോടത്ത് കുടുംബത്തിനും ഷിബു ഫ്രാൻസിസ് ചമ്മിണിക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു”, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും പാലിയേറ്റിവ് കെയർ സൊസൈറ്റി ജില്ല പ്രസിഡന്റ് കൂടിയായ സിഎൻ മോഹനൻ വെണ്ണല ഉദ്യാൻ കൺവെൻഷൻ സെന്ററിൽ നടന്ന ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് പറഞ്ഞു.

”14 ദിവസം കൊണ്ടാണ് 3000 സ്‌ക്വയർ ഫീറ്റ് കെട്ടിടം ഞങ്ങൾ ഇതിനായി ഒരുക്കിയത്. പരേതനായ എന്റെ അപ്പച്ചൻ ഫ്രാൻസിസ് ചമ്മണിയുടെ ജന്മദിനത്തിൽ തന്നെ ഈ സംരംഭം ആരംഭിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. ഇപ്പോൾ തന്നെ 250ഓളം ആളുകൾക്ക് ഇവിടെ നിന്ന് ഭക്ഷണം കൊടുക്കുന്നതിന് ഏർപ്പാട് ചെയ്തിട്ടുണ്ട്. എന്റെ സ്ഥാപനത്തിൽ തന്നെ മുന്നൂറോളം ജീവനക്കാർ ഉണ്ട്. അവരുടെ ജീവിതത്തിലെ ജന്മദിനം, വിവാഹവാർഷികം തുടങ്ങിയ ചടങ്ങുകൾ പുറത്ത് ആഘോഷിക്കാതെ ഇവിടെ പാവങ്ങൾക്ക് അന്നം കൊടുക്കാൻ അവർ തയ്യാറാണ്. എന്റെ കുടുംബവും ജീവനക്കാരുമാണ് ഇത്‌പോലൊരു സംരംഭം മുന്നോട്ട് കൊണ്ടുപോകാനുള്ള എന്റെ ശക്തി”, സിഎഫ്എഫ്സിടി ചെയർമാൻ ഷിബു ഫ്രാൻസിസ് ചമ്മിണി പറഞ്ഞു.

ഫാ. തോമസ് പുളിക്കൽ, ഫാ. ജോജി കുത്ത്കാട്ട്, ഫാ. ബാബു വാവക്കാട്ട്, ഫാ. ജോഷി നെടുംപറമ്പിൽ, 46-ാം ഡിവിഷൻ വാർഡ് കൗൺസിലർ കെ ബി ഹർഷൽ, കാക്കനാട് കിൻഫ്ര ഇൻഡസ്ട്രീസ് ചെയർമാൻ സാബു ജോർജ്, കലൂർ വിജ്ഞാനോദയ വായനശാല പ്രസിഡന്റ് പി. എ. സ്റ്റീഫൻ, സിനിമ സീരിയൽ താരം ഗിന്നസ് പ്രസാദ്, സാലി ഷിബു, ബേബി ഫ്രാൻസിസ്, മാർട്ടിൻ ചമ്മണി, ആഷ്‌ലിൻ ഷിബു, അലൻ ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.