‘നീ തിരുവനന്തപുരത്ത് വന്നു നോക്കൂ, തിരിച്ചു പോകില്ല ജീവനോടെ’ കാപ്പ ട്രെയിലര്‍ എത്തി

തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍ കൊട്ട മധുവായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സരിഗമ ചാനലിലൂടെയാണ് പുറത്തുവിട്ടത്. സരിഗമയും തീയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

ജി ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 ന് പ്രദര്‍ശനത്തിനെത്തും. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ കഥയാണ് സിനിമ പറയുന്നത്. വലിയ ഒരു ഇടവേളക്കു ശേഷമാണ് പൃഥ്വിരാജ് ജന്മനാടായ തലസ്ഥാന നഗരിയില്‍ വീണ്ടും ചിത്രീകരണവുമായി എത്തുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.

ചിത്രത്തില്‍ നായികയാവുന്നത് അപര്‍ണ ബാലമുരളിയാണ്. ആസിഫ് അലി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് കാപ്പയില്‍ മറ്റ് പ്രധാന താരങ്ങള്‍. പൃഥ്വിരാജിന്റെ ക്യാരക്ടറിന്റെ പേര് കൊട്ട മധു എന്നാണ്. തിരുവനന്തപുരത്തെ ഒരു ഗാങ്സ്റ്റര്‍ ലീഡറാണ് കൊട്ട മധു. കറുത്ത കുറി തൊട്ട് ഗംഭീര ലുക്കിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. സമനോജ് പരമഹംസ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം നല്‍കുന്നത്.