2 ലക്ഷം നല്‍കി! ബാല തമാശ കളിയ്ക്കുകയാണ്..ബാലയോട് ദേഷ്യമില്ല- വിശദീകരിച്ച് ഉണ്ണി മുകുന്ദന്‍

ഷഫീക്കിന്റെ സന്തോഷം സിനിമയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത്. മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കുകയായിരുന്നു ഉണ്ണി. സിനിമയില്‍ അഭിനയിച്ചതിന് ബാലയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും രണ്ടു ലക്ഷം രൂപയാണ് കൈമാറിയതെന്നും ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട്…

ഷഫീക്കിന്റെ സന്തോഷം സിനിമയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത്. മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കുകയായിരുന്നു ഉണ്ണി. സിനിമയില്‍ അഭിനയിച്ചതിന് ബാലയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും രണ്ടു ലക്ഷം രൂപയാണ് കൈമാറിയതെന്നും ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാല തമാശ കളിക്കുന്നു എന്നാണ് കരുതുന്നത്. സിനിമാ ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഉണ്ണി പറഞ്ഞു. ബാല വേണമെങ്കില്‍ പരാതി കൊടുത്തോട്ടെ, അത് നേരിടാന്‍ തയ്യാറാണ് എന്നും ഉണ്ണി പറഞ്ഞു.

ബാല എന്താണ് ഇങ്ങനെ ചെയ്യാന്‍ കാരണമെന്ന് അറിയില്ല. ക്യാമറാമാന് പണം നല്‍കിയിട്ടില്ലെന്നത് തെറ്റാണ്. ബാലയെ സിനിമയിലേക്ക് നിര്‍ദേശിച്ചത് താനാണ്. സിനിമക്ക് മുമ്പ് തന്നെ ബാലയോട് വ്യക്തമായി സംസാരിച്ചിരുന്നു എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സൗഹൃദമാണ് എല്ലാമെന്നാണ് ബാല പറഞ്ഞിരുന്നത്. ബാലയുടെ ഹിറ്റ് ലിസ്റ്റ് എന്ന പടത്തില്‍ താന്‍ അഭിനയിച്ചതിന് പണം വാങ്ങിയിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

ബാലയ്ക്കുള്ള മറുപടി എന്നല്ല, എന്നെ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി വ്യക്തത വരുത്തിയതാണ്. സംവിധായകന്‍ മുന്നേ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്‍ എല്‍ദോയ്ക്ക് ഏഴ് ലക്ഷം നല്‍കി. വേതനം നല്‍കിയില്ല എന്ന വാദം എത്രത്തോളം ശരിയാണെന്ന് അറിയില്ല. എന്റെ അടുത്ത സുഹൃത്താണ് ബാല, ഇപ്പോഴും അങ്ങനെ തന്നെയാണ്. ഞാനാണ് ബാലയെ ഈ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്. ബാല 20 ദിവസം ജോലി ചെയ്തു. കഴിഞ്ഞ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു. ഇനിയും ബാലയെ വെച്ച് പടം ചെയ്താല്‍ അദ്ദേഹത്തിന് പണം കൊടുക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.

എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഉണ്ടാകാനും പോകുന്നില്ല. ഞാന്‍ ഇപ്പോഴും ഇത് തമാശയായാണ് കാണുന്നത്. സ്ത്രീകള്‍ക്ക് മാത്രം പൈസ കൊടുത്തു എന്ന് ബാല പറഞ്ഞു. ടെക്നീഷ്യന്‍മാരില്‍ ഒരാള്‍ക്ക് പോലും പൈസ കൊടുക്കാതെ ഇരുന്നിട്ടില്ല. ഞാന്‍ ഒരു സാധാരണ നടന്‍ ആണ്. രണ്ട് പടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന് അറിയില്ല. ബാല എന്തുകൊണ്ട് ഇത് ചെയ്തു എന്ന് അറിയില്ല. ഛായാഗ്രാഹകനുമായി വ്യക്തമായ ധാരണയിലെത്തിയിട്ടാണ് പൈസ കുറച്ചത്.

ഇത് മാര്‍ക്കറ്റിങ്ങ് അല്ല, എന്റെ വ്യക്തിഹത്യ ആയിട്ടാണ് കാണുന്നത്. സൗഹൃദം ആണ് എല്ലാം എന്ന് പറഞ്ഞ് വന്നയാളാണ് ബാല. അദ്ദേഹത്തിന്റെ പടത്തിന് (ഹിറ്റ് ലിസ്റ്റ്) ഞാന്‍ പൈസ വാങ്ങിയിട്ടില്ല. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്റെ അമ്മ കരഞ്ഞിട്ടുണ്ട്. എന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നാണ്. എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചിരുന്നു. നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു. ബാലയ്ക്ക് ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ.

ബാലയുടെ പെര്‍ഫോമന്‍സ് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ ഉള്ള വിഷയം ഞാന്‍ അറിഞ്ഞുകൊണ്ടല്ല. ഞങ്ങളല്ല അവിടെ പ്രശ്നം ഉണ്ടാക്കുന്നത്. സ്റ്റുഡിയോ ആണ്. അവിടെ ആള്‍ക്കാര്‍ നില്‍ക്കുന്നതില്‍ ഒരു പരിധിയുണ്ട്. എല്ലാവരും കയറുമ്പോള്‍ അത് പ്രശ്നമാകില്ലേ. ഞാന്‍ മാന്യമായാണ് ബാലയുടെ കുടുംബത്തെ ഡീല്‍ ചെയ്തതെന്നും ഉണ്ണി വ്യക്തമാക്കി.