പവര്‍ സ്റ്റാര്‍ പുനീതിന്റെ അവസാന ചിത്രം ‘ജെയിംസി’ന്റെ ടീസര്‍ പുറത്ത്- ഏറ്റെടുത്ത് ആരാധകര്‍

കന്നഡ താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിലെ ഞെട്ടലില്‍ നിന്നും ആരാധകര്‍ ഇതുവരെ മോചിതരായിട്ടില്ല. താരത്തിന്റെ അവസാന ചിത്രം ‘ജെയിംസ്’ അദ്ദേഹത്തിന്റെ ജന്മദിനമായ മാര്‍ച്ച് 17ന് റിലീസ് ചെയ്യും. താരത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച…

കന്നഡ താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിലെ ഞെട്ടലില്‍ നിന്നും ആരാധകര്‍ ഇതുവരെ മോചിതരായിട്ടില്ല. താരത്തിന്റെ അവസാന ചിത്രം ‘ജെയിംസ്’ അദ്ദേഹത്തിന്റെ ജന്മദിനമായ മാര്‍ച്ച് 17ന് റിലീസ് ചെയ്യും. താരത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവര്‍ത്തകരും വിതരണക്കാരും തീരുമാനിച്ചിരുന്നു. ഇതോടെ മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസ് സോളോ റിലീസാകും.

ഇപ്പോഴിതാ ജെയിംസിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പവര്‍ സ്റ്റാറിന്റെ മാസ് ആക്ഷന്‍ നിറഞ്ഞ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കുന്നതിനു മുന്‍പായിരുന്നു താരത്തിന്റെ വിയോഗം. അതിനാല്‍ പുനീതിന്റെ സഹോദരനും നടനുമായ ശിവരാജ് കുമാറാണ് ബാക്കി വന്ന ഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കിയത്. ടീസര്‍ പുറത്തിറങ്ങി രണ്ട് മണിക്കൂറില്‍ നാല് ലക്ഷത്തില്‍ അധികം പേരാണ് കണ്ടിരിക്കുന്നത്.

ആക്ഷന്‍ ചിത്രമാണ് ജെയിംസ്. പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുനീതിന്റെ സഹോദരന്‍മാരായ രാഘവേന്ദ്ര രാജ്കുമാറും ശിവരാജ്കുമാറും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

2021 ഒക്ടോബര്‍ 29ന് ഹൃദയാഘാതം മൂലമായിരുന്നു പവര്‍ സ്റ്റാര്‍, അപ്പു എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പുനീതിന്റെ മരണം. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് താരത്തെ ബംഗളൂരു വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല.