800നടുത്ത് സിനിമകൾക്ക് സംഗീതം ചെയ്ത ഈ മനുഷ്യനൊരു വിക്കിപ്പീഡിയ പേജില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?

രാജാമണിയേപ്പറ്റി ശ്രീമാൻ ഷിബു ചക്രവർത്തിയുടെ ഒരു പരാമർശമാണ് അദ്ദേഹത്തിന്റെ വിവരങ്ങൾ അൽപ്പം കൂടുതലായി തിരയാൻ കാരണമായത്. ഷിബുവും രാജാമണിയും കൂടി പാട്ടുണ്ടാക്കിയെങ്കിലും ബഡ്ജറ്റില്ലാത്തത് കാരണം കീരവാണി വന്ന് ഫ്രീയായ് പാടിക്കൊടുത്തു എന്നതായിരുന്നു ആ പരാമർശം.…

രാജാമണിയേപ്പറ്റി ശ്രീമാൻ ഷിബു ചക്രവർത്തിയുടെ ഒരു പരാമർശമാണ് അദ്ദേഹത്തിന്റെ വിവരങ്ങൾ അൽപ്പം കൂടുതലായി തിരയാൻ കാരണമായത്. ഷിബുവും രാജാമണിയും കൂടി പാട്ടുണ്ടാക്കിയെങ്കിലും ബഡ്ജറ്റില്ലാത്തത് കാരണം കീരവാണി വന്ന് ഫ്രീയായ് പാടിക്കൊടുത്തു എന്നതായിരുന്നു ആ പരാമർശം. അതിനെ പിൻപറ്റി കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ തിരച്ചിലുകൾ നടത്തിയതിന്റെ പരിണിത ഫലമാണ് താഴെയുള്ള ചില കൗതുകക്കുറിപ്പുകൾ. ലാൽജോസിന്റെ രാജാമണി പാലക്കാട് നിന്നും എക്കണോമിക്സ് ബിരുദവുമായി ചെന്നെയിലെ ഒരു ഗാർമന്റ് ഫാക്റ്ററിയിലെ മാനേജ്മെന്റ് ട്രെയിനിയായി ജോലി ചെയ്തിരുന്ന സംവിധായകൻ ലാൽജോസിന്റെ ചെന്നെയിലെ തുടക്ക കാലത്ത് സഹായകമായത് രാജാമണിയായിരുന്നു. അസിസ്റ്റന്റ് സംവിധായകരും ക്യാമറാസംഘവുമൊക്കെ താമസിച്ചിരുന്ന ലോഡ്ജിൽ ഒപ്പം താമസിച്ചിരുന്ന ലാൽജോസിനെ ബേബിയെന്നുള്ള ക്യാമറാമാനാണ് രാജാമണിക്ക് പരിചയപ്പെടുത്തുന്നത്. പാട്ട് പാടുമെന്ന് പറഞ്ഞതിനാൽ രാജാമണിയൂടെ റെക്കോർഡിംഗ് സെഷനുകളിലെ കോറസ് ഗ്രൂപ്പിലൊരു ഗായകനായിട്ടാണ് സിനിമയിൽ ലാൽജോസിന്റെ തുടക്കം.

രാജാമണി തന്നെയാണ് കമലിനോട് പെരുവണ്ണാപുരമെന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലാൽജോസിന്റെയും കാര്യം സൂചിപ്പിക്കുന്നതും. പിന്നീട് പ്രശസ്തനായ സംവിധായകനായപ്പോൾ ലാൽജോസ് “എൽസമ്മയെന്ന ആൺകുട്ടി” എന്ന തന്റെ സിനിമയിലെ പാട്ടുകൾക്ക് സംഗീതമൊരുക്കാൻ രാജാമണിയെ സമീപിച്ചിരുന്നു. ചിത്രത്തിലെ ഹിറ്റായ പാട്ടുകളാണ് ലാൽജോസിന്റെ ആ കടപ്പാടിനു സമ്മാനമായി രാജാമണി തിരികെ കൊടുത്തത്. കീരവാണിയെന്ന മരഗതമണിയൂടെ രാജാമണി നിരവധി പേർക്ക് സഹായം ചെയ്തിരുന്ന രാജാമണിയുടെ മറ്റൊരു ശിഷ്യനാണ് പിന്നീട് ഇന്ത്യയൊട്ടാകെ പ്രശസ്തനായ കീരവാണിയെന്ന മരഗതമണി. ചെന്നയിലെ തുടക്കകാലത്ത് ‌കഷ്ടപ്പെട്ടിരുന്ന കീരവാണിയെ തന്റെയൊപ്പം കൂട്ടുകയായിരുന്നു രാജാമണി. പിന്നീട് പല ഭാഷകളിലും സംഗീതം നിർവ്വഹിക്കുകയും ബാഹുബലിയൂടെയും ഹിന്ദി സിനിമകളിലൂടെയുമൊക്കെ വളരെ തിരക്കും പ്രശസ്തിയുമാർജ്ജിച്ച സംഗീതസംവിധായകനായ കീരവാണി എന്ന ശിഷ്യനും പിന്നീട് സ്ഥിരമായി അസിസ്റ്റും കണ്ടക്റ്റും ചെയ്തിരുന്നതും രാജാമണി തന്നെയായിരുന്നു എന്നതും കൗതുകമാണ്. മിന്മിനിയുടെ രാജാമണി സ്വാഗതം എന്ന സിനിമയ്ക്കു വേണ്ടി ട്രാക്കു പാടാൻ പോയ മിൻമിനിയുടെ പാട്ടുകേട്ട് ഇഷ്ടപ്പെട്ട സംഗീതസംവിധായകൻ രാജാമണി ആ പാട്ട് മിൻമിനിയെ കൊണ്ടു പാടിച്ചു. അങ്ങിനെയാണ് മിൻമിനി ഒരു ചലച്ചിത്ര ഗായികയായത്. ഇന്ന് ഓർമ്മദിനമാചരിക്കുന്ന വേണുനാഗവള്ളിക്കും അതിൽ പങ്കുണ്ട്. പിന്നീട് ഗായകൻ ജയചന്ദ്രന്റെ ശുപാർശയോടെ ഇളയരാജയെ കാണാൻ ചെന്ന മിൻമിനിയുടെ ശബ്ദം ഇളയരാജയ്ക്ക് ഇഷ്ടപ്പെട്ടതോടെ മീര എന്ന സിനിമയിൽ മിൻമിനിയ്ക്കൊരു അവസരം നൽകിയതും പിന്നീട് റഹ്മാനിലൂടെ മിന്മിനി തരംഗമായതും ചരിത്രം.

ജോൺസന്റെ രാജാമണി പി ജയചന്ദ്രന്റെയും ലതികയുടേയും ഒരു ഗാനമേളക്കിടെ സംഗീത സംവിധായകനായ ജോൺസനെ കണ്ട് മുട്ടിയതാണ് രാജാമണിയുടെ ജീവിതത്തിൽ വഴിത്തിരിവായതും ചിലകാല സ്വപ്നമായിരുന്ന മ്യൂസിക് കണ്ടക്റ്റിംഗ് പാതയിലേക്ക് വഴി തുറന്നതും. വിവിധ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തിരുന്ന രാജാമണിയുടെ കഴിവ് തിരിച്ചറിഞ്ഞ ജോൺസനിൽ നിന്നും ഓർക്കസ്ട്രേഷനും മ്യൂസിക് കണ്ടക്റ്റിംഗുമൊക്കെ പെട്ടെന്ന് തന്നെ രാജാമണി പഠിച്ചെടുത്തു. പിന്നീട് ജോൺസന്റെ കണ്ടക്റ്ററായി പ്രവർത്തിച്ച് പോന്ന രാജാമണിയെ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാവാൻ നിർബന്ധിച്ചതും ജോൺസൻ തന്നെയായിരുന്നു. സ്വതന്ത്ര സംഗീത സംവിധായകനായി രാജാമണി തുടക്കമിടുന്നത് തമിഴിലാണ്. 1982ൽ രാജാമണിയൂടെ തുടക്ക സിനിമകളായ ഗ്രാമത്തിൻ കിളികൾ , കല്ലൂരികനവ് എന്നീ സിനിമകൾക്ക് ജോൺസൻ മാസ്റ്ററാണ് രാജാമണിയെ അസിസ്റ്റ് ചെയ്യുന്നത് എന്നതും കൗതുകമാണ്. രാജാമണിയുടെ ആ സിനിമയിലെ പാട്ടുകൾക്ക് ജോൺസനാണ് ഓർക്കസ്ട്രേഷനും ഹാർമണൈസേഷനും ചെയ്തത്. ഇങ്ങനെയെഴുതിയാലീ ലിസ്റ്റ് വളരെയധികം തുടർന്നേക്കാമെങ്കിലും എന്ത് കൊണ്ടാണ് രാജാമണിക്ക് സിനിമകളിൽ പാട്ടുകൾ ചെയ്യാൻ കഴിയാതെ പോയത് ? നിരവധി ഹിറ്റ് ഗാനങ്ങള്‍ രാജാമണിയുടേതായി പിറന്നെങ്കിലും ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിക്കുന്നതിനേക്കാൾ സിനിമകളിലെ പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നതിനാണ് രാജാമണിയെ പലരും ഉപയോഗപ്പെടുത്തിയത്.

800നടുത്ത് സിനിമകൾക്ക് 10 ഭാഷകളിലായി പശ്ചാത്തല സംഗീതം നടത്തി, നിരവധി അവാർഡുകളും ആ മേഖലയിൽ കരസ്ഥമാക്കി. നിരവധി ഭാഷകളിൽ പശ്ചാത്തല സംഗീതമൊരുക്കുന്നത് കൊണ്ട് തന്നെ തിരക്കിലകപ്പെട്ട രാജാമണിക്ക് ഗാനങ്ങൾക്ക് സംഗീതമൊരുക്കുക എന്നതിൽ സമയം ലഭ്യമായിരുന്നില്ല. എങ്കിലും പതിനൊന്നു ഭാഷകളിലായി നൂറ്റിയമ്പതോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകിയിരുന്നു. സംഗീതസംവിധായകനാവുന്നതിനേക്കാൾ മ്യൂസിക് കണ്ടക്റ്റിംഗിലായിരുന്നു രാജാമണിക്ക് താല്പര്യവും. കാരണമുണ്ട്. 1969ൽ അച്ഛൻ ചിദംബരനാഥിന്റെ കൂടെ ഗംഗയാറു പിറക്കുന്നു എന്ന ആൽബത്തിന്റെ റെക്കോർഡിംഗിന് രാജാമണിയും ഒപ്പം പോയി. HMVയുടെ LP റെക്കോർഡിൽ പുറത്തിറങ്ങിയ ആ പാട്ടുകളുടെ ഓർക്കസ്ട്ര കണ്ടക്റ്റ് ചെയ്തത് ആർ കെ ശേഖറായിരുന്നു, കുറിയ ഒരു മനുഷ്യനൊരു വലിയ സംഗീത സംഘത്തെ നിയന്ത്രിക്കുന്നു എന്നത് കണ്ടതാണ് ട്യൂണിടുന്ന സംഗീതസംവിധായകനേക്കാൾ മ്യൂസിക് കണ്ടക്റ്ററാവണമെന്ന് രാജാമണിയെ പ്രേരിപ്പിക്കുന്നത്. ( നേരെ ചൊവ്വേ – രാജാമണി എപ്പിസോഡ് ) ഇനിയീ ചിത്രം നോക്കിയാൽ ആർ കെ ശേഖറിന്റെ മകനായ എ ആർ റഹ്മാനെ വരെ കണ്ടക്റ്റ് ചെയ്യുന്ന രാജാമണിയേയും കാണാം.