എഗൈയ്ൻ ടൈ​ഗർ കാ ഹുക്കും! ലാലേട്ടനും ശിവണ്ണനും ഉണ്ടാകുമോ എന്നത് സർപ്രൈസ്, ജയിലർ 2 വരുന്നു

തെന്നിന്ത്യയിലെ മെ​ഗാ താരങ്ങൾ ഒന്നിച്ച സൂപ്പർ സ്റ്റാർ രജനി ചിത്രം ജയിലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. സൺ പിക്ചേഴ്സിൻറെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ…

തെന്നിന്ത്യയിലെ മെ​ഗാ താരങ്ങൾ ഒന്നിച്ച സൂപ്പർ സ്റ്റാർ രജനി ചിത്രം ജയിലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. സൺ പിക്ചേഴ്സിൻറെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ്. രജനികാന്തിനൊപ്പം മലയാളത്തിൽ നിന്ന് മോഹൻലാൽ, കന്നഡയിൽ നിന്ന് ശിവരാജ് കുമാർ എന്നിവരും ചേർന്നതോടെ ചിത്രം തരം​ഗമായി മാറി.

ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന മുൻ ജയിലറുടെ വേഷവും ഒപ്പം വില്ലനായി എത്തിയ വിനായകന്റെ പ്രകടനവുമെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171ന് ശേഷമാകും രജനികാന്ത് ജയിലർ 2ൻറെ ഭാഗമാകുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. 2024 ജൂൺ മുതൽ ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും.

‘ഹുക്കും’ എന്നാണ് സിനിമയ്ക്ക് സംവിധായകൻ നെൽസൺ താത്കാലികമായി നൽകിയിട്ടുള്ള പേര്. ഹുക്കും, ടൈ​ഗർ കാ ഹുക്കും എന്ന ജയലറിലെ രജനി ഡയലോ​ഗ് ഹിറ്റായി മാറിയിരുന്നു. ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കൾ ആഗ്രഹിക്കുന്നത്. ടി.ജെ ജഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ എന്നൊരു ചിത്രവും രജനികാന്തിൻറെതായി റിലീസിന് ഒരുങ്ങുന്നുണ്ട്.