ധനുഷ് മകനാണ് എന്ന് അവകാശപ്പെട്ട് നിയമപോരാട്ടം നടത്തിയ കതിരേശൻ മരിച്ചു

തമിഴിലെ സൂപ്പർ താരം ധനുഷ് മകനാണ് എന്ന് അവകാശപ്പെട്ട് നിയമപോരാട്ടത്തിനിറങ്ങിയ മധുര സ്വദേശി കതിരേശൻ മരിച്ചു. 70 വയസായിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ ചികിത്സിലായിരുന്നു. മധുര രാ​ജാജി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചു. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള നിയമ പോരാട്ടം നടത്തി വരികയായിരുന്നു കതിരേശൻ. മധുരയിലെ മേലൂർ താലൂക്കിൽ മലംപട്ടി ​ഗ്രാമ സ്വദേശികളാണ് കതിരേശനും മീനാക്ഷിയും.

ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് എട്ട് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും കോടതിയിൽ എത്തുന്നത്. 2016 നവംബർ 25ന് മധുര മേലൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇവർ കേസ് ഫയൽ ചെയ്യുകയായിരുന്നു. 65,000 രൂപ മാസം തോറും ചെലവിന് നൽകണമെന്ന ആവശ്യമായിരുന്നു ഇരുവരും ഉന്നയിച്ചിരുന്നത്. തുടർന്ന് ജനുവരി 12ന് ധനുഷിനോട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ, ധനുഷ് മറ്റൊരു ഹർജി ഫയൽ ചെയ്യുകയായിരുന്നു.

ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതി ഇത്തരമൊരു ഹർജി നൽകിയിട്ടുള്ളതെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാൽ കേസ് തള്ളണമെന്നും ആവശ്യപ്പെട്ടായിരുന്നു ധനുഷിന്റെ ഹർജി. ഇതോടെ ഇരുകൂട്ടരോടും തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. ആരോപണത്തിൽ നിന്നും പിന്നോട്ടില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്ന് വിധി വന്ന ശേഷം കതിരേശനും മീനാക്ഷിയും പറഞ്ഞിരുന്നു. എന്നാൽ, കതിരേശന്റെ ആരോ​ഗ്യനില മോശമാവുകയായിരുന്നു.