ഹനുമാന്‍ എന്നെ നേരിട്ട ക്ഷണിച്ച നിമിഷം!!!അയോധ്യാ പ്രതിഷ്ഠാചടങ്ങിനെത്തി ചിരഞ്ജീവിയും രാംചരണും

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ച് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയും മകനും നടനുമായ രാംചരണും. പരമ്പരാഗത വസ്ത്രം ധരിച്ചാണ് താരങ്ങള്‍ അയോധ്യയിലേക്ക് എത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ രാം ചരണും ചിരഞ്ജീവിയും…

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ച് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയും മകനും നടനുമായ രാംചരണും. പരമ്പരാഗത വസ്ത്രം ധരിച്ചാണ് താരങ്ങള്‍ അയോധ്യയിലേക്ക് എത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ രാം ചരണും ചിരഞ്ജീവിയും മാധ്യമങ്ങളോട് സന്തോഷ നിമിഷം പങ്കുവച്ചു.

ഇതൊരു നീണ്ട കാത്തിരിപ്പാണ്, അവിടെയെത്തിയതില്‍ ഞങ്ങള്‍ക്കെല്ലാം വളരെ ബഹുമാനമുണ്ട്. എന്നുമാണ് രാം ചരണ്‍ പറഞ്ഞത്. ഇത് ശരിക്കും മഹത്തരവും അതിശക്തവുമാണ്. ഒരാള്‍ക്ക് ലഭിക്കുന്ന അപൂര്‍വ അവസരമാണിത്. എന്റെ ദൈവമായ ഹനുമാന്‍ എന്നെ വ്യക്തിപരമായി ക്ഷണിച്ചതായി എനിക്ക് തോന്നുന്നു. ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതിമനോഹരമായ അനുഭവമാണ്. പ്രാണ്‍ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്, അത് ചരിത്രത്തില്‍ എന്നും നിലനില്‍ക്കും, അതിന് സാക്ഷ്യം വഹിക്കുന്നത് ഒരു അനുഗ്രഹമാണ് എന്നും ചിരഞ്ജീവി പറഞ്ഞു.

രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷവും ചിരഞ്ജീവി സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവച്ചു. ഇന്ത്യക്കാരുടെ 500 വര്‍ഷം നീണ്ട വേദനാജനകമായ കാത്തിരിപ്പ് അവസാനിക്കുകയാണ് എന്ന് ചിരഞ്ജീവി കുറിച്ചു. പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്നും താരം പറഞ്ഞു. തന്റെ ആരാധന പുരുഷനായ ഹനുമാന്‍ നേരിട്ടെത്തി ചടങ്ങിലേക്ക് ക്ഷണിച്ചതുപോലെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു.

ചരിത്രം സൃഷ്ടിക്കുന്നു, എക്കാലത്തേയും ചരിത്രം. ഇത് ശരിക്കും ഒരു വല്ലാത്ത വികാരമാണ്. അയോധ്യയില്‍ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ ക്ഷണം ദൈവിക അവസരമായി ഞാന്‍ കരുതുന്നു. അഞ്ഞൂറ് വര്‍ഷത്തിലേറെയായി ഇന്ത്യക്കാരുടെ തലമുറകളുടെ വേദനാജനകമായ കാത്തിരിപ്പ് സഫലമാകുകയാണ്.

അഞ്ജനാദേവിയുടെ പുത്രനായ ആ ദിവ്യമായ ‘ചിരഞ്ജീവി’ ഭഗവാന്‍ ഹനുമാന്‍ തന്നെ ഈ ഭൂമിയിലെ അഞ്ജനാദേവിയുടെ പുത്രനായ ചിരഞ്ജീവിക്ക് ഈ അമൂല്യമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ സമ്മാനം നല്‍കിയതായി എനിക്ക് തോന്നുന്നു. ശരിക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭൂതി. എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും അനേകം ജന്മങ്ങളുടെ അനുഗ്രഹീത ഫലം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ സുപ്രധാന അവസരത്തില്‍ ഓരോ ഭാരതീയര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! ആ സുവര്‍ണ്ണ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.. എന്നാണ് ചിരഞ്ജീവി സോഷ്യലിടത്ത് കുറിച്ചത്.