‘കിടന്നാൽ സുഖമായി ഉറങ്ങണം, നിലപാടുകൾ എടുക്കാതിരുന്നാൽ ആ ഉറക്കം കിട്ടിയെന്ന് വരില്ല’; തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ

മലയാളത്തിന് പുറമെ തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ. ഗായികയായും, നർത്തകിയായും രമ്യ ആരാധകർക്ക് പ്രിയങ്കരിയായി. എന്നാൽ, അടുത്തകാലത്ത് താരത്തിന് വേണ്ടത്ര അവസരങ്ങൾ സിനിമകളിൽ ലഭിക്കുന്നില്ല. നടി…

മലയാളത്തിന് പുറമെ തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ. ഗായികയായും, നർത്തകിയായും രമ്യ ആരാധകർക്ക് പ്രിയങ്കരിയായി. എന്നാൽ, അടുത്തകാലത്ത് താരത്തിന് വേണ്ടത്ര അവസരങ്ങൾ സിനിമകളിൽ ലഭിക്കുന്നില്ല. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രമ്യ എടുത്ത നിലപാടുകൾ നടിയെ ബാധിച്ചെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. ഇപ്പോൾ തന്നെ കരിയറിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രമ്യ. തുടക്കത്തിൽ പ്രായത്തിൻറെതായ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനാൽ തന്നെ വിമർശനങ്ങളിൽ ഭയന്നിരുന്നുവെന്ന് രമ്യ പറഞ്ഞു.

‘എന്നാൽ അത് നല്ലതാണ്. അന്ന് അതില്ലായിരുന്നെങ്കിൽ താൻ ഇങ്ങനെ മാറില്ലായിരുന്നു. സിനിമയിൽ ആണെങ്കിലും പാട്ടിലാണെങ്കിലും കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചു. വ്യക്തിയെന്ന നിലയിലും നടിയെന്ന നിലയിലും ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിൽ സംതൃപ്തയാണ്. നാല് ഭാഷകളിൽ മികച്ച ചലച്ചിത്ര പ്രവർത്തകർക്കൊപ്പം നല്ല സിനിമകളുടെ ഭാഗമായി കുടുംബം നൽകിയ പിന്തുണ പോലെ എനിക്കവരെയും പിന്തുണയ്ക്കാനായി. പുറത്ത് നിന്ന് നോക്കുന്നവർക്ക് രമ്യ ഉദ്ദേശിച്ച രീതിയിൽ വിജയിച്ചില്ലെന്ന് തോന്നുണ്ടെങ്കിൽ അതവരുടെ മാത്രം പ്രശ്‌നമാണ്’ – രമ്യ പറഞ്ഞു.

‘വൻ വീഴ്ചകൾ വരുമ്പോൾ അത് എങ്ങനെ പറ്റിയെന്ന് ചിന്തിക്കാറുണ്ട്. ഇത്തരം കാര്യങ്ങളിൽ വിഷമം തോന്നതിരിക്കാൻ ഞാൻ അമാനുഷികയല്ല. സങ്കടം അനുഭവിച്ച് തന്നെ മുന്നോട്ട് പോകും. എല്ലാവരും കരയുകയും വിഷമിക്കുകയുമൊക്കെ ചെയ്യും. അതിന്റെ ദൈർഘ്യം വ്യത്യസ്തമാകുന്നതേയുള്ളു. ചിലർ ഒരു മാസം കരയും. കുറേ നാൾ വിഷമിച്ചിരിക്കും. മറ്റു ചിലർ വളരെ വേഗം എഴുന്നേൽക്കും’ – രമ്യ കൂട്ടിച്ചേർത്തു.

നിലപാടുകൾ എടുക്കുന്നതിനാൽ അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിനും താരം വ്യക്തമായ മറുപടി നൽകി. ‘ നിലപാട് എടുത്താൽ പിന്നെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി ചിന്തിക്കരുത്. നല്ലത് വന്നാലും മോശം വന്നാലും ഉൾകൊള്ളണം. ഒരാളെ അയാളുടെ നിലപാടുകളുടെ പേരിൽ തൊഴിലിടത്തിൽ ബുദ്ധിമുട്ടിക്കുന്നത് നല്ല പ്രവണതയല്ല. ഞാനത് അതിജീവിക്കും. മറ്റൊരാൾക്ക് അങ്ങനെയാകണമെന്നില്ല. എന്നെ സംബന്ധിച്ച് സമാധാനമാണ് പ്രധാനം. കിടന്നാൽ സുഖമായി ഉറങ്ങണം. നിലപാടുകൾ എടുക്കാതിരുന്നാൽ ആ ഉറക്കം കിട്ടിയെന്ന് വരില്ല’ രമ്യ പറഞ്ഞു.