‘സവര്‍ക്കര്‍’ ആകാൻ വമ്പൻ മേക്കോവർ നടത്തി രൺദീപ് ഹൂഡ ; കുറച്ചത് 18 കിലോ

കഥാപാത്രത്തിനായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന താരമാണ് നടന്‍ രണ്‍ദീപ് ഹൂഡ. ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ രൂപമാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന ചിത്രത്തിനു വേണ്ടിയും താരം നടത്തിയ മേക്കോവറാണ് ശ്രദ്ധേയമാകുന്നത്.

ചിത്രത്തിനു വേണ്ടി നടന്‍ ഇതുവരെ 18 കിലോ കുറച്ചു. ഇനിയും ഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. എന്നിരുന്നാലും, എല്ലാവര്‍ക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നാണ് സിനിമ പ്രഖ്യാപന വേളയില്‍ രണ്‍ദീപ് ഹൂഡ പറഞ്ഞിരുന്നു.

മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വതന്ത്ര വീര സവര്‍ക്കര്‍’. ചിത്രത്തില്‍ സവര്‍ക്കറായി എത്തുന്നത് രണ്‍ദീപ് ആണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.