‘മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുത്’ അഭ്യര്‍ത്ഥനയുമായി രഞ്ജിനി

പുല്ലാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. പഞ്ചായത്ത് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്തിന്റെ നടപടി. പുഴയുടെ സ്വഭാവിക…

പുല്ലാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. പഞ്ചായത്ത് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്തിന്റെ നടപടി. പുഴയുടെ സ്വഭാവിക ഒഴുക്ക് കട്ടൗട്ടുകള്‍ തടയുമെന്നാണ് പരാതി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി നടി രഞ്ജിനി. കട്ടൗട്ടുകള്‍ നീക്കം ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായാണ് നടി രംഗത്തെത്തിയത്. ഈ കട്ടൗട്ടുകളുടെ വാര്‍ത്ത ഒളിമ്പിക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു. ഈ സന്തോഷം ഇല്ലാതാക്കരുതെന്നും നടി അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നു.

‘പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങളായ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടറിനോടും മേയറോടും അഭ്യര്‍ത്ഥിക്കുകയാണ്. ലോകം മുഴുവന്‍ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ്. ഈ കട്ടൗട്ടുകള്‍ കേരളത്തെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ലോക വാര്‍ത്ത സൃഷ്ടിച്ചു… അത് സ്ഥാപിച്ച ആരാധകര്‍ക്ക് നന്ദി. എല്ലാ നാല് വര്‍ഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങള്‍ ആഘോഷിക്കട്ടെ. കട്ടൗട്ടുകള്‍ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വാര്‍ത്ത ഒളിമ്പിക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്…. ഇത് കേരളത്തിന് അഭിമാനമല്ലേ?’, എന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

കട്ടൗട്ടുകള്‍ സ്ഥാപിച്ചത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകും. ചില വനം വകുപ്പ് നിയമങ്ങളുടെ ലംഘനം കൂടെയാണ് നടന്നിരിക്കുന്നതെന്നും പരാതിയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫുട്ബോള്‍ ആരാധകരെ പഞ്ചായത്ത് സെക്രട്ടറി നേരില്‍ കണ്ട് കട്ടൗട്ടുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരന്‍ വ്യക്തമാക്കുന്നത്.