‘ഒന്ന് കൂടി നന്നായിട്ട് കൊള്ളിച്ചു ചവിട്ടാമോ’ മമ്മൂക്കയോട് റോഷാക്കിലെ റഷീദ്

മമ്മൂട്ടി-നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം റോഷാക്ക് വന്‍വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തിലെ ഓരോരുത്തരും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. സിനിമയിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു മാമ്പ്രയ്ക്കും പങ്കുവയ്ക്കാനുണ്ട് റോഷാക്കിലെ അനുഭവങ്ങള്‍. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട്…

മമ്മൂട്ടി-നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം റോഷാക്ക് വന്‍വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തിലെ ഓരോരുത്തരും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
സിനിമയിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു മാമ്പ്രയ്ക്കും പങ്കുവയ്ക്കാനുണ്ട് റോഷാക്കിലെ അനുഭവങ്ങള്‍. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ മാത്യു മാമ്പ്ര കുറച്ചു രംഗങ്ങളില്‍ മാത്രമാണ് റോഷാക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രീകരണത്തിനിടെ താന്‍ മമ്മൂക്കയോട് ആവശ്യപ്പെട്ട കാര്യത്തെ കുറിച്ചാണ് താരം മനോരമയോട് തുറന്നു പറഞ്ഞത്.

‘മൂന്ന് ദിവസം നീണ്ടു നിന്ന ക്ലൈമാക്‌സ് ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നു. ദേശീയ അവാര്‍ഡ് ജേതാവ് സുപ്രീം സുന്ദറാണ് ഫൈറ്റ്മാസ്റ്റര്‍. മമ്മൂക്ക അവതരിപ്പിച്ച ലൂക്ക് ആന്റണി റഷീദിനെ നെഞ്ചത്ത് തൊഴിക്കുന്ന ഒരു സീന്‍ ഉണ്ട്. മമ്മൂക്ക അത് കൃത്യമായി തന്നെ ചെയ്തു. ഞാന്‍ റിയാക്ഷനും നല്‍കി. സംവിധായകന്‍ ഓക്കേ പറഞ്ഞു. പക്ഷേ എനിക്ക് എന്റെ ആക്ഷന്‍ അത്ര നന്നായില്ല എന്ന് തോന്നല്‍. സുപ്രീം സുന്ദറിന്റെ സമ്മതത്തോടെ മമ്മൂക്കയോട് ‘ഒന്ന് കൂടി നന്നായിട്ട് കൊള്ളിച്ചു ചവിട്ടാമോ’ എന്ന് മെല്ലെ ശബ്ദം താഴ്ത്തി ചോദിച്ചു. അദ്ദേഹത്തിന് സീന്‍ നന്നാക്കാനുള്ള എന്റെ ആഗ്രഹം ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു. ചിരിച്ചു കൊണ്ട് ‘ഞാന്‍ ശരിക്കും ചവിട്ടും,കേട്ടോ’ എന്ന് പറഞ്ഞുകൊണ്ട് തയാറായി. ഇത് കണ്ടും കേട്ടുനിന്ന ഫൈറ്റര്‍മാര്‍ എന്റെ ഷര്‍ട്ടിനുള്ളില്‍ സുരക്ഷയ്ക്കായി റബ്ബര്‍പാട് വച്ച് കെട്ടി.

rorshach6

ഷൂട്ട് റെഡി, മമ്മൂക്ക കാലുയര്‍ത്തി എന്റെ നെഞ്ചില്‍ അതിവേഗം, എനിക്ക് അല്‍പ്പം പോലും നോവാതെ ചവിട്ടി. കാല്‍പാദം മുട്ടിച്ചു എന്ന് പറയുന്നതാകും ശരി. എനിക്ക് നല്ല റിയാക്ഷന്‍ കൊടുക്കാന്‍ സഹായിച്ചു. സിനിമയില്‍ അത് വളരെ നന്നായി വരികയും ചെയ്തു. അദ്ദേഹത്തിന്റെ കൂടെ മൂന്ന് ദിവസം, ഷൂട്ടിങ്ങിനായി ഒരു വീട്ടില്‍ ഉണ്ടായിരുന്നത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. എന്റെ ഭാഗം ഷൂട്ട് ഇല്ലാത്ത സമയത്ത് ഒരു വിദ്യാര്‍ഥിയെപ്പോലെ മുഴുവന്‍ സമയവും അദ്ദേഹത്തിന്റെ അഭിനയം നോക്കിയിരിക്കലായിരുന്നു പ്രധാന പരിപാടി. എല്ലാവരും അദ്ദേഹത്തെ വളരെ ബഹുമാനത്തോടെയാണ് നോക്കിയിരുന്നത്. പക്ഷേ മമ്മൂക്കയാവട്ടെ , എല്ലാവരോടും, തമാശകളൊക്കെ പറഞ്ഞ് വലിയ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നും റഷീദ് പറയുന്നു.