തനിക്ക് കുഞ്ഞുങ്ങളുണ്ടായതിന് കവിയെ അഭിനന്ദിക്കുന്നത് എന്തിന്? രോഷത്തോടെ ചിന്മയി

അമ്മയായ വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ഗായിക ചിന്‍മയിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചരണം നടക്കുകയാണ്. ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്ന ചിത്രം പങ്കുവച്ചാണ് ചിന്മയി അമ്മയായ സന്തോഷം പങ്കുവച്ചത്. വാടകഗര്‍ഭപാത്രത്തിലൂടെയാണ് താരം അമ്മയായതെന്ന അഭ്യൂഹം നിറഞ്ഞിരുന്നു. അതിനുള്ള മറുപടിയായാണ് താരം പാലൂട്ടുന്ന ചിത്രം പങ്കുവച്ചത്.

താരത്തിന് കുഞ്ഞുണ്ടായതിന് പിറകെ ചിന്‍മയി നേരത്തെ മീടു ആരോപണം ഉന്നയിച്ച വൈരമുത്തുവിനെ അഭിനന്ദിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിന്‍മയി ഇപ്പോള്‍.

രണ്ടരവര്‍ഷം മുന്‍പ് തനിക്ക് ഗര്‍ഭം അലസിപ്പോയിരുന്നു. അതിന് ശേഷം താന്‍ മാനസിക വിഷമത്തിലായിരുന്നു. അതുകൊണ്ടാണ് വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ആരെയും അറിയിക്കാതിരുന്നത്. ഏറ്റവും അടുപ്പമുള്ളവര്‍ മാത്രമേ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നുള്ളൂ എന്നും ചിന്മയി പറയുന്നു.

കുട്ടികള്‍ ഉണ്ടായപ്പോള്‍ കവിയ്ക്ക് അഭിനന്ദനം പറഞ്ഞ് ചിലര്‍ എത്തിയിരുന്നു.
അവരില്‍ പലരെയും താന്‍ ബ്ലോക്ക് ചെയ്തു. കുട്ടികള്‍ക്ക് കവിയുടെ നിറമില്ലാത്തത് എന്തുകൊണ്ടാണ് എന്നൊക്കെയാണ് ചോദിക്കുന്നതെന്ന് ചിന്മയി പറയുന്നു.

നമ്മുടെ സമൂഹം ആണ്‍കുട്ടികളെ വളര്‍ത്തുന്നത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല.
ഒരു സ്ത്രീ ലൈംഗിക ചൂഷണം നേരിട്ടെന്ന് തുറന്ന് പറയുമ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയാണ് സമൂഹം ചെയ്യുന്നത്. മീടൂ മൂവ്മെന്റിന്റെ ഭാഗമായി ഒരുപാട് സ്ത്രീകള്‍ രംഗത്ത് എത്തുന്നുണ്ട്.

തമിഴ്നാട്ടില്‍ ഞാന്‍ മാത്രമല്ല ഒരുപാട് സ്ത്രീകള്‍ അതേ കവിയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയക്കാര്‍ അടക്കമുള്ള പ്രമുഖര്‍ കവിയ്ക്ക് പിന്തുണ നല്‍കുന്നതുകൊണ്ട് നീതി ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും ചിന്മയി പറയുന്നു. സ്ത്രീകള്‍ക്ക് മര്യാദയും ബഹുമാനവും കൊടുക്കുന്ന സമൂഹമാണെന്നാണ് പറയുന്നത്, എന്നാല്‍ പ്രായോഗിക തലത്തില്‍ അതല്ല സംഭവിക്കുന്നതെന്നും താരം പറയുന്നു.

മുലയൂട്ടുന്നത് സ്വാഭാവികമാണെന്ന സന്ദേശം നല്‍കുന്നതിനാണ് താന്‍ മുലയൂട്ടുന്ന ചിത്രം പങ്കുവച്ചത്. അത് ഒളിച്ചിരുന്ന് ചെയ്യേണ്ട കാര്യമല്ല. ഞാന്‍ പ്രസവിച്ചാല്‍ മാത്രമേ എന്റെ കുട്ടികളെ പാലൂട്ടാന്‍ ആകൂ. തന്റെ കുഞ്ഞുങ്ങള്‍ വാടക ഗര്‍ഭപാത്രത്തിലൂടെയല്ല ഉണ്ടായതെന്നും ചിന്മയി വ്യക്തമാക്കുന്നു.