ആർഡിഎക്സ് ഇടം പിടിച്ചത് 100 കോടി ക്ലബ്ബിൽ; ഉമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ആഘോഷമാക്കി ഷെയ്ൻ

ആർഡിഎക്സ് സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചത് ആഘോഷമാക്കി ഷെയ്ൻ നിഗവും കുടുംബവും. ഉമ്മ സുനില, സഹോദരിമാരായ അഹന, അലീന എന്നിവരോടൊപ്പമാണ് കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് നേട്ടം ഷെയ്ൻ ആഘോഷിച്ചത്.…

ആർഡിഎക്സ് സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചത് ആഘോഷമാക്കി ഷെയ്ൻ നിഗവും കുടുംബവും. ഉമ്മ സുനില, സഹോദരിമാരായ അഹന, അലീന എന്നിവരോടൊപ്പമാണ് കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് നേട്ടം ഷെയ്ൻ ആഘോഷിച്ചത്. തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 100 കോടി രൂപയാണ് ആർഡിഎക്സ് വേൾഡ്‍വൈഡ് ബിസിനസിൽ നേടിയിരിക്കുന്നത് എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വർഗീസുമാണ് ആർഡിഎക്സിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഓണം റിലീസായി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തിയ ചിത്രം വമ്പൻ കുതിപ്പ് നടത്തുകയായിരുന്നു. നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. അൻപറിവിന്റെ നേതൃത്വത്തിലുള്ള ആക്‌ഷൻ കൊറിയോഗ്രഫിയായിരുന്നു സിനിമയുടെ മറ്റൊരാകർഷണം. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസി, മാലാ പാർവതി, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗർ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.