‘സിനിമയല്ല അത് തങ്ങളുടെ ജീവിതം’!! 17 വര്‍ഷം മുന്‍പ് നടന്ന ആ കൊടൈക്കനാല്‍ യാത്ര ഓര്‍മ്മിപ്പിച്ച് ‘യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ്’

സൗബിന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അരുണ്‍ കുര്യന്‍ തുടങ്ങി യുവ താരനിരയെ പ്രധാന കഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്.…

സൗബിന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അരുണ്‍ കുര്യന്‍ തുടങ്ങി യുവ താരനിരയെ പ്രധാന കഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്. ജാ നേ മന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയ്യേറ്ററിലെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തിയ്യേറ്ററിലെത്തിയ ചിത്രം ഗംഭീര പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്. ചിത്രം കാണാന്‍ ഇന്ന് തിയേറ്ററുകളില്‍ ‘യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സും’ എത്തിയിരുന്നു. സിനിമയല്ല കണ്ടത്, മറിച്ച് തങ്ങളുടെ ജീവിതമാണ് എന്നാണ് യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നത്.

‘ഹോളിവുഡ് സിനിമയുടെ മികവോടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്‌ക്രീനില്‍ കണ്ടത് ഞങ്ങളുടെ ജീവിതമായിരുന്നു. യഥാര്‍ത്ഥ സംഭവത്തില്‍ എന്തൊക്കെയാണോ സംഭവിച്ചത് അതെല്ലാം സിനിമയിലുമുണ്ട്. യഥാര്‍ത്ഥ ജീവിത്തിലെ സംഭവങ്ങളെല്ലാം അതേ പോലെ റീ ക്രിയേറ്റ് ചെയ്തിരിക്കുന്നു’-അവര്‍ പറയുന്നു.

2006ലായിരുന്നു ചിത്രത്തിനടിസ്ഥാനമായ യഥാര്‍ത്ഥ സംഭവം. അതിന് ശേഷം പിന്നീട് ഒരിക്കലും കൊടൈക്കനാലില്‍ യാത്ര പോയിട്ടില്ല. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പൂജ നടന്നത് കൊടൈക്കനാലിലാണ്. 17 വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ പങ്കെടുക്കാനായാണ് കൊടൈക്കനാലില്‍ എത്തിയതെന്നും അവര്‍ പറയുന്നു.

അതേസമയം, യഥാര്‍ത്ഥ ജീവിതത്തിലേതിനെക്കാള്‍ തീവ്രത കുറച്ചാണ് ചിത്രത്തില്‍ സംഭവങ്ങള്‍ കാണിച്ചിരിക്കുന്നത്. കൊടൈക്കനാലിലെ പോലീസുകാരടക്കം മോശമായാണ് അന്ന് പെരുമാറിയതെന്നും അവര്‍ പറയുന്നു. എറണാകുളം ജില്ലയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും 11 സുഹൃത്തുക്കള്‍ നടത്തിയ കൊടൈക്കനാല്‍ യാത്രയുടെ കഥയും അവിടെ സംഭവിയ്ക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.