‘ഏറെ വര്‍ഷമെടുക്കും വിശ്വാസം നേടിയെടുക്കാന്‍, എന്നാല്‍ ആ വിശ്വാസം നഷ്ടപ്പെടാന്‍ വെറും സെക്കന്‍ഡുകള്‍ മതിയാകും’!! നോവായി രഞ്ജുഷയുടെ മരണത്തിന് മണിക്കൂറുകള്‍ മുമ്പുള്ള പോസ്റ്റ്

നടി രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വേര്‍പാട് മലയാള സിനിമാ സീരിയല്‍ ലോകത്തിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. താരലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് നടിയുടെ അകാല വിയോഗം. സിനിമയിലും സീരിയലിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരമാണ് രഞ്ജുഷ. അടുത്തിടെയാണ് നടി അപര്‍ണ നായരും വിടപറഞ്ഞത്. ആ ദു:ഖത്തില്‍ നിന്നും മുക്തി നേടും മുമ്പാണ് രഞ്ജുഷയുടെയും വിയോഗം.

ഇന്ന് രാവിലെയാണ് താരത്തിനെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ മരണം പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും സീരിയല്‍ ലോകത്തിനുമൊന്നും വിശ്വസിക്കാനായിട്ടില്ല. എന്തിനാണ് രഞ്ജുഷ ജീവനൊടുക്കിയത് എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്.

ടെലിവിഷനില്‍ ക്രിയേറ്റീവ് ഡയറക്ടറായ മനോജ് ശ്രീകലമാണ് രഞ്ജുഷയുടെ ഭര്‍ത്താവ്. ഇരുവരും ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. മനോജ് ഷൂട്ടിങിനായി പോയ സമയത്താണ് രഞ്ജുഷ ജീവനൊടുക്കിയതെന്നാണ് വിവരം. രഞ്ജുഷയെ ഫോണില്‍ കിട്ടാതായതോടെ മനോജ് ഫ്ളാറ്റില്‍ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ രഞ്ജുഷയെ കണ്ടത്.

രഞ്ജുഷയുടെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു രഞ്ജുഷ. ഇന്നലെ വരെ താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ റീല്‍സ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ നിറയെ സന്തോഷത്തോടെയുള്ള പോസ്റ്റുകളാണ് മഞ്ജുഷ പങ്കിട്ടിരിക്കുന്നത്. എന്നാല്‍ ഫേസ്ബുക്കില്‍ നേരെ മറിച്ചാണ് പോസ്റ്റുകള്‍. വിഷാദം, വിശ്വാസം, പിന്തുണ മുതലായ വിഷയങ്ങള്‍ സംബന്ധിച്ച പോസ്റ്റുകളാണ് രഞ്ജുഷ അവസാനമായി പങ്കുവച്ചത്.

സ്വയം മോട്ടിവേറ്റ് ചെയ്യുന്ന തരത്തിലുള്ളതാണ് മഞ്ജുഷയുടെ അവസാന പോസ്റ്റുകള്‍.
‘ഏറെ വര്‍ഷമെടുക്കും ഒരു വിശ്വാസം നേടിയെടുക്കാന്‍ എന്നാല്‍ ആ വിശ്വാസം നഷ്ടപ്പെടാന്‍ വെറും സെക്കന്‍ഡുകള്‍ മതിയാകും. പിന്നെ ഒരിക്കലും അത് കൂടിച്ചേരുകയില്ല’ എന്നാണ് ഏറ്റവും ഒടുവില്‍ താരം പങ്കുവച്ച പോസ്റ്റ്.

‘ഉറക്കമാണ് എന്റെ ഏക ആശ്വാസം, അപ്പോള്‍ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാന്‍ തനിയെയല്ല, ഞാന്‍ ഒന്നുമല്ല’ എന്നര്‍ത്ഥമാക്കുന്ന ഒരു പോസ്റ്റാണ് ഒക്ടോബര്‍ 16ന് രഞ്ജുഷ പങ്കുവെച്ചത്.

രഞ്ജുഷയും നടി ശ്രീദേവി അനിലും കൂടിയുള്ള രസമുള്ള റീല്‍സ് വീഡിയോകളാണ് ഇന്‍സ്റ്റഗ്രാമില്‍ കൂടുതലും. നിരവധി പേരാണ് ഈ പോസ്റ്റുകള്‍ക്ക് താഴെ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.

മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളാണ് രഞ്ജുഷയെ ശ്രദ്ധേയയാക്കിയത്. നിലവില്‍ കൗമുദി ചാനലിലെ വരന്‍ ഡോക്ടറാണ് എന്ന പരമ്പരയില്‍ അഭിനയിച്ചു വരികയായിരുന്നു താരം.മുപ്പതോളം സീരിയലുകളില്‍ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുത ദ്വീപ് എന്നീ സിനിമകളിലും രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്.