വിക്രത്തിന്റെ പുതിയ ചിത്രം ‘ചിയാൻ62’, തരംഗമായി അനൗൺസ്മെന്റ് വീഡിയോ

വിക്രമിന്റെ അറുപത്തി രണ്ടാം ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമാതാക്കളായ എച്ച് ആർ പിക്ചേഴ്സ്. ഒരു വീഡിയോ മുഖേനെയാണ് ചിത്രം നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ഹിറ്റ്ചി ത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ് യു അരുൺ കുമാറാണ് ‘ചിയാൻ 62’ സംവിധാനം ചെയ്യുന്നത്. ഒരു ബിഗ്ബ ജറ്റ് ചിത്രത്തിന്റെ ട്രെയ്‌ലറിന് സമാനമായ അനൗണ്‍സ്‌മെന്റ് വീഡിയോ കുറഞ്ഞ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഒരു ദിവസത്തിനുള്ളിൽ 18 ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് വീഡിയോ. പ്രമുഖ നിർമാണക്കമ്പനിയും വിതരണക്കമ്പനിയുമായ എച്ച്ആർ പിക്‌ചേഴ്‌സിനുവേണ്ടി റിയ ഷിബു നിർമിക്കുന്ന ചിയാൻ 62 മുഴുനീള ആക്ഷൻ എന്റർടെയ്നർ ആയിരിക്കുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഏറെ കാത്തിരിക്കുന്ന ധ്രുവനച്ചത്തിരം, തങ്കലാൻ എന്നീ സിനിമകളുടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്ന അപ്‌ഡേറ്റുകളിൽ ആവേശം നിലയ്ക്കും മുമ്പാണ് 62-ാം ചിത്രത്തിന്റെ ആദ്യ അധ്യായത്തിലെ രംഗങ്ങൾ അടങ്ങുന്ന ഔദ്യോഗിക പ്രഖ്യാപന വീഡിയോ പുറത്തുവരുന്നത്. മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അതേസമയം പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിക്കാനായാണ് വിക്രം തൻകലാനിൽ  എത്തുക. ജനുവരി 26നാണു ചിത്രം തീയറ്ററുകളിൽ  സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണിതെന്നാണ് നിര്‍മ്മാതാവ് മുൻപ് പറഞ്ഞത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തലം എന്ന് മുൻപ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നരീതിയിൽ  വിക്രമിന്റെ ലുക്കും , മേക്കോവറും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. നടന്റെ മറ്റൊരു കരിയർ ബ്രേക്കാണ് വരാനിരിക്കുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതേസമയം വൈവിധ്യമാര്‍ന്ന വേഷങ്ങളാല്‍ തമിഴ് സിനിമാ ലോകത്ത് താരപദവി ഉറപ്പിച്ച നടനാണ് വിക്രം. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളില്‍ വിക്രം അഭിനയിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന അഭിനയജീവിതത്തില്‍ ദേശീയ അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ വിക്രമിനെ തേടിയെത്തിയിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ട താരമാണ് വിക്രം.

എന്നാല്‍ അചഞ്ചലമായ അഭിനിവേശവും അര്‍പ്പണബോധവും അദ്ദേഹത്തെ നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും തമിഴ് സിനിമാ ലോകത്ത് ഉറപ്പിച്ച് നിര്‍ത്തി. ഒരു മോഡലായാണ് വിക്രം തന്റെ കരിയര്‍ ആരംഭിച്ചത്. ചോള ടീ, ടിവിഎസ് എക്സല്‍ എന്നിവയുള്‍പ്പെടെ നിരവധി പരസ്യങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്‍ കാതല്‍ കണ്‍മണി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. ധ്രുവനച്ചത്തിരം ആണ് വിക്രത്തിന്റെയായി റിലീസ് ചെയാൻ ഒരുങ്ങുന്ന സിനിമ.  ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വൻ രണ്ടാം ഭാ​ഗമാണ് വിക്രമിന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.