‘ചിത്രം രണ്ടേ മുക്കാൽ മണിക്കൂറിനടുത്തുണ്ട്, എങ്കിൽ 20 മിനിറ്റ് കട്ട് ചെയ്തേക്ക്’; തീയേറ്ററുടമ പറഞ്ഞതിനെ കുറിച്ച് റോണി

പുതിയ റെക്കോർഡുകൾ തീർത്ത് തീയേറ്ററുകളെ ഉണർത്തി പ്രദർശനം തുടരുകയാണ് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്. ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്…

പുതിയ റെക്കോർഡുകൾ തീർത്ത് തീയേറ്ററുകളെ ഉണർത്തി പ്രദർശനം തുടരുകയാണ് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്. ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. അഭിനേതാവ് റോണി ഡേവിഡിനൊപ്പം മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണം നേടുമ്പോൾ ഒരു തീയേറ്ററുടമ തന്നോട് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് തുറന്ന് പറയുകയാണ് റോണി ഡേവിഡ്.

കണ്ണൂർ സ്ക്വാഡിന്റെ പ്രചാരണാർത്ഥം ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും തീയേറ്ററുകൾ സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് ഒരു തീയേറ്റർ ഉടമ ഇത്തരത്തിലുള്ള ഒരു കാര്യം തന്നോട് പറഞ്ഞിരുന്നുവെന്ന് റോണി പറഞ്ഞത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് മലബാറിലെ ഒരു തീയേറ്റർ ഉടമയാണ് ദൈർഘ്യത്തേക്കുറിച്ച് അന്വേഷിച്ചത്. രണ്ടേ മുക്കാൽ മണിക്കൂറിനടുത്തുണ്ടെന്ന് പറഞ്ഞതോടെ 20 മിനിറ്റ് കട്ട് ചെയ്തേക്ക് എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയം ഒന്നും മിണ്ടിയില്ല. ഇതോടെ വീണ്ടും ഇതേ കാര്യം ആവശ്യപ്പെട്ടു. ഒരിക്കൽ കൂടെ പറഞ്ഞതോടെ അടുത്ത തവണ തിരക്കഥയെഴുതുമ്പോൾ ചേട്ടനേയും വിളിക്കാമെന്ന് മറുപടി നൽകുകയായിരുന്നു.

ഒന്നും കാര്യമായെടുക്കരുതെന്ന് ഇപ്പോൾ അദ്ദേഹം വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്നും റോണി കൂട്ടിച്ചേർത്തു. കണ്ണൂർ സ്ക്വാഡിൽ താനടക്കമുള്ള പ്രധാനപ്പെട്ട അണിയറക്കാരെല്ലാം പുതുമുഖങ്ങളാണ്. നമ്മൾ ചെയ്തത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുക എന്നത് ദൈവാനു​ഗ്രഹമാണ്. ഈ കോരിച്ചൊരിയുന്ന മഴയത്തും ആളുകൾ തിയേറ്ററിലേക്ക് വന്ന സന്തോഷത്തോടെ മടങ്ങുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. 2019 ജൂണിൽ തുടങ്ങിയ ചിത്രമാണ് 2023 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയത്. മമ്മൂക്കയ്ക്ക് റോബിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നെന്നും റോണി പറഞ്ഞു.