ഒരിക്കലും മറക്കാന്‍ സാധിക്കില്ല! ദൂരെ എവിടെയോ നിന്ന് ‘സായ്’ എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ കൊതിക്കുന്നു-ആദിത്യനെ കുറിച്ച് സായ് കിരണ്‍

കഴിഞ്ഞ ദിവസമാണ് ആരാധകലോകത്തെയും മിനിസ്‌ക്രീന്‍ താരങ്ങളെയും ഞെട്ടിച്ച് പ്രിയ സംവിധായകന്‍ ആദിത്യന്‍ വിട പറഞ്ഞത്. മെഗാ ഹിറ്റുകളൊരുക്കിയ സംവിധായകന്റെ വേര്‍പാട് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അമ്മ, ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ മെഗാ ഹിറ്റുകളൊരുക്കിയ സംവിധായകനാണ്…

കഴിഞ്ഞ ദിവസമാണ് ആരാധകലോകത്തെയും മിനിസ്‌ക്രീന്‍ താരങ്ങളെയും ഞെട്ടിച്ച് പ്രിയ സംവിധായകന്‍ ആദിത്യന്‍ വിട പറഞ്ഞത്. മെഗാ ഹിറ്റുകളൊരുക്കിയ സംവിധായകന്റെ വേര്‍പാട് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അമ്മ, ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ മെഗാ ഹിറ്റുകളൊരുക്കിയ സംവിധായകനാണ് ആദിത്യന്‍. സിനിമയിലേക്കും ചുവടുവയ്ക്കാനിരിക്കെയാണ് ആദിത്യനെ വിധി കവര്‍ന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആദിത്യന്‍ മരണപ്പെട്ടത്. കൊല്ലം അഞ്ചല്‍ സ്വദേശിയായിരുന്നു ആദിത്യന്‍.

സീരിയല്‍ ലോകത്തുള്ള താരങ്ങള്‍ക്കെല്ലാം വലിയ ഷോക്കായിരുന്നു സംവിധായകന്റെ വിയോഗം. പ്രിയ സംവിധായകന്റെ വിയോഗം വിശ്വസിക്കാനാവാതെ പൊട്ടിക്കരയുന്ന താരങ്ങളുടെ വീഡിയോ വൈറലായിരുന്നു. നിരവധി താരങ്ങളാണ് ആദിത്യന് അന്ത്യാഞ്ജലി അര്‍പ്പിച്ച് എത്തിയത്. ആദിത്യന്റെ ഹിറ്റ് പരമ്പരമായ വാനമ്പാടിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് സായ്കിരണ്‍ റാം. തെലുങ്കില്‍ നിന്നെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് സായി കിരണ്‍. സായി കിരണിന്റെ അന്ത്യാഞ്ജലി പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

”ഏറെ ഹൃദയ വേദനയോടെ ആണ് പ്രിയ സുഹൃത്ത് ആദിത്യന്റെ മരണവാര്‍ത്ത കേട്ടത് എനിക്ക് ഇപ്പോഴും ആ വാര്‍ത്ത ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ വാനമ്പാടിയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ മലയാളം എനിക്ക് വഴങ്ങുമോ, മലയാളികള്‍ എന്നെ എങ്ങനെ സ്വീകരിക്കും എന്നൊക്കെ പേടി ഉണ്ടായിരുന്നു ഇത് ആദിത്യനോട് പറഞ്ഞപ്പോള്‍ ‘ഒന്നും പേടിക്കണ്ട സായി, ഞാന്‍ ഉണ്ടല്ലോ ധൈര്യമായി അഭിനയിച്ചോളു…” എന്ന് പറഞ്ഞു. അത് എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു. വാനമ്പാടി സൂപ്പര്‍ഹിറ്റ് ആയതിന്റെ പ്രധാന കാരണം ആദിത്യന്‍ തന്നെയാണ്.

ആദിത്യന്‍ ജോലി ചെയ്യുന്ന രീതി എന്നെ ഒരുപാടു അമ്പരപ്പിച്ചിട്ടുണ്ട്. വിശ്രമം ഇല്ലാതെ ഇപ്പോഴും സീരിയലിനു വേണ്ടി കഷ്ടപെടുവാന്‍ ആദിത്യന്‍ തയ്യാറായിരുന്നു. ഇത്രയും ഡെഡിക്കേറ്റഡും സിന്‍സിയറുമായ ഒരു ഡയറക്ടറെ ഞാന്‍ എന്റെ ലൈഫില്‍ വേറെ കണ്ടിട്ടുണ്ടാകില്ല. ഇന്ന് എന്നെ വാനമ്പാടിയിലെ മോഹന്‍കുമാറാക്കി, കേരളത്തിലെ അമ്മമാരുടെ പ്രിയപ്പെട്ട മോനുവായി മാറ്റിയത് ആദിത്യന്‍ എന്ന ഡയറക്ടര്‍ മാത്രമാണ്. സിനിമാ ഫീല്‍ഡിലേക്ക് കാലെടുത്ത് വയ്ക്കാന്‍ തുടങ്ങവേയാണ് ആദിത്യനെ മരണം തട്ടിയെടുത്തത്. ഇല്ലായിരുന്നെങ്കില്‍ ആദിത്യന്‍, മലയാള സിനിമാ രംഗത്തും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചേനെ.. ‘നമുക്കൊന്നിച്ച് ഇനിയും നല്ല പ്രൊജക്ട് ചെയ്യണം സായ്’ എന്ന എന്നോടെപ്പോഴും ആദിത്യന്‍ പറയുമായിരുന്നു. ഇപ്പോഴും ആ വോയിസ് എന്റെ വാട്ട്‌സ്അപ്പിലുണ്ട്.

പ്രിയപ്പെട്ട എന്റെ സുഹൃത്തേ.., നീ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ദൂരെ എവിടെയോ നിന്നുകൊണ്ട് ‘സായ്’ എന്ന് വിളിക്കുന്നതു കേള്‍ക്കാന്‍ മോഹിച്ചുപോകുന്നു. എനിക്കും എന്നേപ്പോലെ മറ്റനേകം നടന്മാര്‍ക്കും, പല അണിയറ പ്രവര്‍ത്തകര്‍ക്കും ജീവിതം നല്‍കിയ ആളാണ് ആദിത്യന്‍. ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഈശ്വരനോട് എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്നത് ‘ഡിയര്‍ ഗോഡ്.. ഷേം ഓണ്‍ യൂ’…” എന്നാണ് സായി കുറിച്ചത്.