സൈജു കുറുപ്പിന്റെ ഗുണ്ടാ കഥാപാത്രങ്ങള്‍ വിജയിക്കാനുള്ള കാരണം ഇതാണ്..!!

ഹാസ്യ കഥാപാത്രങ്ങളും സീരിയസ് റോളുകളും തനിക്ക് ഒരുപോലെ വഴങ്ങും എന്ന് തന്റെ സിനിമകളിലൂടെ തെളിയിച്ച നടനാണ് സൈജു കുറുപ്പ്. കഥാപാത്രങ്ങള്‍ ഒരുപാട് ഈ നടനിലൂടെ പിറന്നു എങ്കിലും ആട് എന്ന സിനിമയിലെ അറയ്ക്കല്‍ അബുവിനെ…

ഹാസ്യ കഥാപാത്രങ്ങളും സീരിയസ് റോളുകളും തനിക്ക് ഒരുപോലെ വഴങ്ങും എന്ന് തന്റെ സിനിമകളിലൂടെ തെളിയിച്ച നടനാണ് സൈജു കുറുപ്പ്. കഥാപാത്രങ്ങള്‍ ഒരുപാട് ഈ നടനിലൂടെ പിറന്നു എങ്കിലും ആട് എന്ന സിനിമയിലെ അറയ്ക്കല്‍ അബുവിനെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ഉപചാപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന സിനിമയിലും ഒരിക്കല്‍കൂടി ഗുണ്ടയായി എത്തുകയാണ് അദ്ദേഹം.

പുതിയ സിനിമയിലെ കഥാപാത്രത്തെ കുറിച്ചും അദ്ദേഹം വിവരിക്കുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ ആടിലെ തന്റെ കഥാപാത്രം അറയ്ക്കല്‍ അബുവിന്റെ സ്വാധീനം തനിക്കുണ്ടായി എന്നും എന്നാല്‍ സംവിധായകന്‍ അരുണ്‍ വൈഗ തന്നെ അത് ഓര്‍മിപ്പിക്കുമെന്നും സൈജു പറയുന്നു. സൈജുവിന്റെ വാക്കുകളിലേക്ക്…
‘ഒരു റിട്ടയേര്‍ഡ് ഗുണ്ടയായ ജയന്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.

അറക്കല്‍ അബുവും ജയനും രണ്ട് തലങ്ങളില്‍ നില്‍ക്കുന്നവരാണ്. അറക്കല്‍ അബുവന്റെ എന്തെങ്കിലും ഫ്‌ളേവര്‍ ഇതിലുണ്ടെങ്കില്‍ ഞാന്‍ ഈ സിനിമ ചെയ്യില്ല. പക്ഷേ എപ്പോഴൊക്കെയോ അറക്കല്‍ അബു എന്ന കഥാപാത്രത്തിന്റെ സ്വാധീനം എന്നിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ അരുണ്‍ വൈഗ എന്നെ അത് ഓര്‍മിപ്പിക്കും. ഞാനത് മാറ്റി ചെയ്യും. അറക്കല്‍ അബു എന്ന കഥാപാത്രം അത്രയേറെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ആയിരുന്നു ഞാന്‍ വളര്‍ന്നത്. അവിടെ എനിക്ക് രതീഷ് എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. രതീഷിന്റെ വീടിനടുത്ത് ഗുണ്ടായിസം കൊണ്ട് നടക്കുന്ന ചില ആളുകള്‍ ഉണ്ടായിരുന്നു. രതീഷ് മുഖേന അവരെ ഞാന്‍ പരിചയപ്പെടുകയും അവരുടെ ശൈലിയും പ്രവര്‍ത്തന രീതിയും മനസിലാക്കുകയും ചെയ്തിരുന്നു. ഒരു പരിധി വരെ അങ്ങനെയുള്ള അനുഭവങ്ങളാണ് ഞാന്‍ ചെയ്ത ഗുണ്ട കഥാപാത്രങ്ങളെ വിജയിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത്,’ എന്നാണ് അദ്ദേഹം പറയുന്നത്.