തന്റെ മുഖം പോസ്റ്ററില്‍ കണ്ടാല്‍ സിനിമയ്ക്ക് ആള് കയറുമോ എന്നായിരുന്നു സംശയം!!! ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ ലെ ആ കഥാപാത്രം വേണ്ടെന്ന് വച്ചു- സൈജു കുറുപ്പ്

അനശ്വരയും നസ്ലിനും മാത്യുവും ശ്രദ്ധേയമായ വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. ഗിരീഷ് എഡിയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയം പറഞ്ഞ സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയത്. ചിത്രത്തിലെ അധ്യാപകനായ രവി പദ്മനാഭന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസന്‍…

അനശ്വരയും നസ്ലിനും മാത്യുവും ശ്രദ്ധേയമായ വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. ഗിരീഷ് എഡിയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയം പറഞ്ഞ സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയത്. ചിത്രത്തിലെ അധ്യാപകനായ രവി പദ്മനാഭന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസന്‍ ആയിരുന്നു. ചിത്രത്തിനെ കുറിച്ചുള്ള നടന്‍ സൈജു കുറുപ്പിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമായിരിക്കുകയാണ്.

രവി പദ്മനാഭന്‍ എന്ന കഥാപാത്രമായി എത്തേണ്ടിയിരുന്നത് താന്‍ ആണെന്നായിരുന്നു സൈജുവിന്റെ വെളിപ്പെടുത്തല്‍. ഗിരീഷ് എ.ഡി. വന്നു കഥ പറഞ്ഞപ്പോള്‍ തന്റെ പോസ്റ്റര്‍ കണ്ടാല്‍ സിനിമയ്ക്ക് ആള് കയറുമോ എന്ന സംശയത്തില്‍ അദ്ദേഹത്തെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് സൈജു പറയുന്നു.

ആട് 2ന്റെ ഷൂട്ട് കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരാള്‍ വന്ന് കണ്ടു പരിചയപ്പെട്ടു. സിനിമകളെപ്പറ്റി സംസാരിച്ചിരിക്കവേ അദ്ദേഹത്തിന്റെ സുഹൃത്ത് ചെയ്ത ഒരു ഷോര്‍ട് ഫിലിം കാണിച്ചു. അതു കണ്ടപ്പോള്‍ എനിക്കത് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാന്‍ അയാളെ വിളിച്ച് അതിന്റെ എഴുത്തുകാരന്റെയും സംവിധായകന്റെയും നമ്പര്‍ വാങ്ങി. ആദ്യം സംവിധായകനെ വിളിച്ച് ഷോര്‍ട്ട് ഫിലിം കണ്ടു ഇഷ്ടമായി എന്ന് പറഞ്ഞു. പിന്നീട് അതിന്റെ എഴുത്തുകാരനെയും വിളിച്ചു സംസാരിച്ചു.

അയാള്‍ നന്നായി സംസാരിക്കുന്ന ആളായിരുന്നു. പിന്നീട് ഞങ്ങള്‍ ഇടയ്ക്കിടക്ക് സംസാരിക്കാറുണ്ടായിരുന്നു. ഒരുദിവസം എന്നോട് അദ്ദേഹം ഒരു കഥ പറഞ്ഞു. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികളുടെ കഥയായിരുന്നു അത്. പ്രധാന കഥാപാത്രം ഒരു പുതുമുഖ താരമായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ മാഷിന്റെ വേഷം ചെയ്യാമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു.

ഞാന്‍ പറഞ്ഞു, ”ഒരു പുതുമുഖമായ പയ്യനെയും സൈജു കുറുപ്പിനെയും പോസ്റ്ററില്‍ കണ്ടാല്‍ ആളുകള്‍ കേറുമോ എന്ന് ചിന്തിയ്ക്ക്. വേറെ ആരും കഥ കേട്ട് ഓക്കെ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചെയ്യാം”. എനിക്ക് ഡേറ്റ് ഉണ്ടായിരുന്നിട്ടും ആ സിനിമ ചെയ്യാത്തത് നന്നായെന്ന് പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കണ്ടപ്പോള്‍ മനസിലായി. വിനീത് ശ്രീനിവാസന്‍ ഗംഭീരമായാണ് രവി മാഷ് എന്ന ആ കഥാപാത്രം ചെയ്തതെന്നും സൈജു പറയുന്നു.