‘ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണം’- സലിം കുമാര്‍

ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്ന് നടന്‍ സലിം കുമാര്‍. ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാര്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിം കുമാര്‍ പങ്കുവച്ചു. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ‘മിത്ത് വിവാദത്തിന് ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ഇന്നലെ മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയിരുന്നു. പാളയം ഗണപതിക്ഷേത്രപരിസരത്തായിരുന്നു നാമജപയാത്ര. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞു.

അതേസമയം ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയണമെന്ന് എന്‍എസ്എസ്. ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളിയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എം വി ഗോവിന്ദന്റേത് പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികള്‍ കാണുന്നുള്ളൂവെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സര്‍ക്കാര്‍ നിലപാടും ഇതേ രീതിയില്‍ എങ്കില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും എന്‍ എസ് എസ് വ്യക്തമാക്കുന്നു.

”ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ ഷംസീറിന്റെ തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെ എന്‍എസ്എസ് പ്രതികരിച്ചിരുന്നു. നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. വിശ്വാസികളുടെ വികാരം പ്രണപ്പെടുത്തുംവിധം നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാത്ത പക്ഷം സംസ്ഥാന ഗവണ്‍മെന്റ് സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം എന്ന മൂന്ന് ആവശ്യങ്ങളാണ് എന്‍ എസ് എസ് ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഈ വിഷത്തില്‍ ഷംസീര്‍ മാപ്പ് പറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല, തിരുത്തേണ്ട ഒരു കാര്യവും ഇതിലില്ല, ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ് എന്ന പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയില്‍നിന്ന് ഉണ്ടായത്. പാര്‍ട്ടിസെക്രട്ടറിയുടെ അഭിപ്രായമായേ ഇതിനെ വിശ്വാസികള്‍ കാണുന്നുള്ളു”-എന്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.