‘സുരാജിന്റെ അഭിനയം ഇനിയും ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല’

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ഡിസംബര്‍ ഒമ്പതിന് സോണി…

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ഡിസംബര്‍ ഒമ്പതിന് സോണി ലിവ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി ‘റോയ്’ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഈ സിനിമ തീയറ്റര്‍ റിലീസ് ചെയ്ത് കുരിശില്‍ കയറാതെ OTT ക്ക് തന്നെ വിട്ടുകൊടുത്ത ബുദ്ധി ആരുടെതാണെങ്കിലും അഭിനന്ദനങ്ങള്‍ എന്നു പറഞ്ഞാണ് സാന്‍ ജിയോയുടെ കൂറിപ്പ് ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തം ആയി മാറേണ്ടിയിരുന്ന സിനിമ വീടിന്റെ ഊഷ്മളതയില്‍ പകുതി ഉറക്കത്തില്‍ കാണുന്നവര്‍ക്ക് അത്രയൊന്നും പരാതിയുണ്ടാക്കാന്‍ സാധ്യതയില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സ്വപ്നം കണ്ടതായി പോലും ഓര്‍മ്മയില്‍ വന്ന് അലോസരപ്പെടുത്താനുള്ള വകുപ്പ് ഇതില്‍ ഇല്ല. എന്നാല്‍ 200 രൂപ കൊടുത്ത് നെഞ്ചും തിരുമ്മി തീയറ്ററില്‍ കയറുന്നവന്റെ പ്രതികരണം അങ്ങിനെയൊന്നുമാവില്ല.
സുരാജിന്റെ അഭിനയം ഇനിയും ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. വ്യക്തമായി സംസാരിച്ച ഷൈന്‍ ടോം ഉള്‍പ്പെടെ മറ്റെല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഈ സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത് നിറയെ പഴുതുകള്‍ ഇട്ടാണ്. കഥയില്‍ ഉണ്ടാക്കി വെച്ചിട്ടുള്ള പല കുരുക്കുകളും അഴിക്കാതെ വിട്ടിരിക്കുന്നു. സംഭാഷണങ്ങള്‍ക്ക് ഒന്നുകില്‍ വല്ലാത്ത നാടകീയത അല്ലെങ്കില്‍ നിലവാരമില്ലായ്മ. തനിയെ കാട്ടില്‍ കയറി പോകാന്‍ മാത്രം നായികയുടെ ക്യാരക്ടര്‍ ടഫ് ആണെന്ന് കാട്ടാന്‍ ഉപയോഗിച്ചിരിക്കുന്ന കയ്പ്പുള്ള കാപ്പി എന്ന പ്രതീകം പല കുറി എടുത്ത് കാണിക്കുന്നുണ്ട്. എന്നാല്‍ ഒരിടത്ത് പോലും അതൊന്ന് സിപ് ചെയ്യാന്‍ പോലും സിജ റോസിന് കഴിയുന്നില്ല. ഒരു സ്‌ട്രോങ്ങ് കോഫി കുടിക്കാന്‍ പോലും കഴിയില്ല എന്ന് മുഖത്ത് എഴുതി വെച്ചിരിക്കുന്ന ഒരു നടിയെ ഒരു ഫ്രീക്ക് പെണ്ണിനെ പോലെ കൊടും കാട്ടിലൂടെ ട്രക്കിങ്ങിനു വിട്ട സംവിധായകന്റെ സാഡിസം (??) അല്‍പ്പം ക്രൂരതയായി പോയി എന്ന് തോന്നി.
കഥ മൊത്തത്തില്‍ ഒന്ന് പറയാം. കാണാതായ പ്രമുഖ എഴുത്കാരന്‍ എവിടെയാണ് എന്ന് സുരാജിന് സ്വപ്നത്തില്‍ ഒരു ദര്‍ശനം ഉണ്ടാകുന്നു. കൃത്യമായി വഴി പറയുന്ന ആ സ്വപ്നം അയാള്‍ എഴുത്കാരിയായ ഭാര്യയോട് പറയുന്നു. നായിക അയാളെ തേടി കൊടും വനത്തിലൂടെ ഒരു സഹസിക യാത്ര പോവുകയാണ്. വിറക് പെറുക്കാന്‍ പോകുന്ന ആദിവാസി പെണ്ണുങ്ങള്‍ പോലും റേപ്പ് ചെയ്യപ്പെടുന്ന ഈ നാട്ടിലെ ഒരു കാട്ടിലൂടെ ഹലുവ കഷണം പോലുള്ള നായിക പോകുന്നത് കാറില്‍ പിന്തുടര്‍ന്ന് ആരോ കാണുന്നുമുണ്ട്. കാടിന്റെ നടുക്ക് ആ കാര്‍ കാണുന്ന നായിക ‘ഇവനൊക്കെ ഏതെടാ’ എന്ന മട്ടില്‍ പുച്ഛത്തോടെ അവരെ ഒന്ന് നോക്കിയിട്ട് പോകുന്നതും കാട്ടുന്നുണ്ട്.
എന്തായാലും ഭാര്യയെ കാണാന്‍ ഇല്ല എന്ന് ഭര്‍ത്താവ് പരാതി കൊടുക്കുന്നു. അതായത് പോകേണ്ടത് എങ്ങോട്ടാണ് എന്ന് ഭാര്യക്ക് പറഞ്ഞ് കൊടുത്ത അതേ ഭര്‍ത്താവ് തന്നെ. പിന്നെ അദ്ദേഹതിന്റെ ഭയങ്കര മാനസിക പിരിമുറുക്കം, പ്രത്യേക മാനസിക അവസ്ഥ, ദേ ജാവു, സ്വപ്നങ്ങള്‍ – ഒക്കെ കാട്ടി കുറേ സമയം കളയുന്നു. എന്നിട്ട് പെട്ടന്ന് അയാള്‍ക്ക് ഭാര്യ പോയ അഡ്രസ്സ് ഓര്‍മ്മ വരുന്നു. നേരെ അങ്ങോട്ട് പോയി അവിടെ ബോധം കെട്ട് കിടക്കുന്ന ഭാര്യയെ രക്ഷിക്കുന്നു.
അവരെ ആരോ പുറകില്‍ നിന്ന് തള്ളിയിട്ടു എന്ന് മാത്രമേ അവര്‍ക്ക് ഓര്മയുള്ളൂ. സിനിമ കഴിയുമ്പോള്‍ അത് മാത്രമേ നമുക്കും ഓര്‍മ്മയുള്ളൂ. അത്ര തന്നെ!
കഥയില്‍ നിന്നല്ല റോയ് എന്ന കഥാപാത്രം ഉണ്ടായിരിക്കുന്നത്. ആ കഥാ പാത്രത്തിന്റെ സവിശേഷതകളില്‍ നിന്നാണ് കഥ ഉണ്ടക്കിയിരിക്കുന്നത് എന്നു വ്യക്തം. അത് തന്നെയാണ് സിനിമയുടെ കുറവുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡോക്ടര്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, ശ്രീലാല്‍ പ്രസാദ്, ഡെയ്‌സ് ജെയ്‌സണ്‍, രാജഗോപാലന്‍ പങ്കജാക്ഷന്‍, വിനയ് സെബാസ്റ്റ്യന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, നിപുണ്‍ വര്‍മ്മ, അനുപ്രഭ, രേഷ്മ ഷേണായി, നന്ദിത ശങ്കര, ആതിര ഉണ്ണി, മില്യണ്‍ പരമേശ്വരന്‍, ബബിത്, ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.