‘പത്രങ്ങളിലെ വാര്‍ത്താ കട്ടിങ്ങുകള്‍ ഒട്ടിച്ചു വച്ചല്ലേ നിങ്ങള്‍ സിനിമയുണ്ടാക്കുന്നത്?’ ശ്രദ്ധേയമായൊരു കുറിപ്പ്

സമകാലിക ഇന്ത്യയിലെ മാധ്യമലോകത്തിന്റെ കാഴ്ചകളെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നാരദന്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സനൂജ് സുശീലന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘ഉണ്ണി ആര്‍…

Sanooj fb post about aashiq abus naradhan movie

സമകാലിക ഇന്ത്യയിലെ മാധ്യമലോകത്തിന്റെ കാഴ്ചകളെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നാരദന്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സനൂജ് സുശീലന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘ഉണ്ണി ആര്‍ എഴുതിയത് എന്ന് വിശ്വസിക്കാനാവാത്ത സ്‌ക്രിപ്റ്റ് കഴിയുന്നത്ര ഭംഗിയായി അവതരിപ്പിക്കാന്‍ ആഷിഖ് അബുവും സംഘവും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെങ്കിലും തേങ്ങാ എത്ര അരച്ചാലും താളല്ലേ കറി എന്ന് പറയുന്നപോലെ പാതി വെന്ത ഒരു ഉദ്യമമായി നാരദന്‍ അവസാനിച്ചുവെന്നാണ് സനൂജ് കുറിക്കുന്നത്.

ത്രങ്ങളിലെ വാർത്താ കട്ടിങ്ങുകൾ ഒട്ടിച്ചു വച്ചല്ലേ നിങ്ങൾ സിനിമയുണ്ടാക്കുന്നത് ? അതിലുള്ളതല്ലാതെ വേറെന്താണ് നിങ്ങളുടെ സിനിമകളിലുള്ളത് ? “. ടി ദാമോദരൻ മാഷിനോട് ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ചോദിച്ച ചോദ്യമാണ്. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഈനാട്, വാർത്ത,അദ്വൈതം, ആവനാഴി തുടങ്ങി പല ഹിറ്റ് സിനിമകളും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു. “പത്രക്കട്ടിങ്ങുകളിൽ സിനിമയില്ല. അത് വെറും വാർത്തയാണ്. ആ വാർത്തയിൽ ഡ്രാമ ചേർക്കുമ്പോളാണ് അത് സിനിമയാവുന്നത്. അതാണെന്റെ പണി” എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മലയാളത്തിലെ നവ മാദ്ധ്യമ ലോകത്തെ കിടമത്സരങ്ങളുടെ കഥ പറയുന്ന നാരദനിൽ ആവശ്യത്തിൽ കൂടുതലുള്ളത് ഡ്രാമയാണ്. ഇല്ലാത്തതോ, നല്ലൊരു കഥയും. ഉണ്ണി ആർ എഴുതിയത് എന്ന് വിശ്വസിക്കാനാവാത്ത സ്ക്രിപ്റ്റ് കഴിയുന്നത്ര ഭംഗിയായി അവതരിപ്പിക്കാൻ ആഷിഖ് അബുവും സംഘവും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെങ്കിലും തേങ്ങാ എത്ര അരച്ചാലും താളല്ലേ കറി എന്ന് പറയുന്നപോലെ പാതി വെന്ത ഒരു ഉദ്യമമായി നാരദൻ അവസാനിച്ചു. മൂന്നു നേരവും ആഹാരത്തോടൊപ്പം ആറു നേരം ചൂട് വാർത്തയും ഭക്ഷിക്കുന്ന മലയാളിയുടെ മുന്നിൽ ഇത്തരമൊരു സിനിമ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും വളരെ ലാഘവത്തോടെയാണ് അണിയറക്കാർ കണ്ടതെന്ന് തോന്നുന്നു.
വാർത്താ മാദ്ധ്യമങ്ങളുടെ പശ്ചാത്തലത്തിലുള്ള സിനിമകഥകളുടെ ഫോർമാറ്റ് വന്ന് വന്ന് ആർക്കു വേണമെങ്കിലും ഊഹിക്കാവുന്ന രീതിയിലായി മാറിയിട്ടുണ്ട്. തെക്കോട്ടും വടക്കോട്ടും ഓടുന്ന കുറച്ച് ഓ ബി വാനുകൾ, കഴുത്തിൽ ബാഡ്ജും കയ്യിൽ മൈക്കുമായി ഓടിക്കൂടുന്ന റിപ്പോർട്ടർമാർ, പി സി ആറിൽ ഒരാവശ്യവുമില്ലാതെ വെപ്രാളപ്പെട്ടിരിക്കുന്ന കുറെ മൂത്ത ജേർണോകൾ, അവർ ഉപയോഗിക്കുന്ന ലിംഗോ, ഫ്രസ്ട്രേറ്റഡ് ആയ വെള്ളമടിക്കാരൻ സീനിയർ ജേർണോ, അണ്ടിപ്പരിപ്പും കള്ളും കാശും കിട്ടുമോ എന്ന് നോക്കി നടക്കുന്ന വേറൊരു ജേർണോ, ശൃംഗാരവേലനായ ഇനിയൊരു ജേർണോ തുടങ്ങി ഇത്തരം സിനിമകളിൽ സ്ഥിരം കാണുന്ന അസംസ്കൃതവസ്തുക്കളെല്ലാം നാരദനിലുമുണ്ട്. ഈ മിശ്രിതത്തിലേക്ക് അല്പം ആന്റി സംഘപരിവാർ, ദളിത് രാഷ്ട്രീയവും അർണാബ് ഗോസ്വാമിയെപ്പോലുള്ള ഒരു ന്യൂസ് എഡിറ്ററേയും ഒക്കെ ചേർത്തിളക്കിയിരിക്കുകയാണ്. നമ്മുടെ പുതുതലമുറ വാർത്താ മാദ്ധ്യമങ്ങളെ ഇത്രയും മോശമായി അവതരിപ്പിക്കുന്ന വേറൊരു സിനിമ മലയാളത്തിലുണ്ടായിട്ടില്ല. പ്രസ് ക്ലബ്ബിനു പുറകിലത്തെ ബാറിലിരുന്നുള്ള വെള്ളമടി, എടാ എടീ എന്ന് പരസ്പരം അഭിസംബോധന ചെയ്യുന്ന സഹപ്രവർത്തകർ, സ്ത്രീയായ ജൂനിയറിനോട് “നിനക്ക് ഇപ്പൊ ഓൺ എയർ പോകണ്ടേ ? പിന്നെന്തിനാണ് ഇവിടെ കിടന്നു തിരിഞ്ഞു കളിക്കുന്നത്, അപ്പുറത്തോട്ടു പോടീ” എന്നാക്രോശിക്കുന്ന സീനിയർ, റേറ്റിങ്ങിനും ലാഭത്തിനും വേണ്ടി എന്തും പടച്ചുവിടാൻ മടിയില്ലാത്ത സ്ഥാപനങ്ങൾ, ജാതിയും മതവും പറഞ്ഞുള്ള കളികൾ തുടങ്ങി പ്രൊഫെഷനലിസം തൊട്ടുതീണ്ടിയില്ലാത്ത തൊഴിലിടങ്ങളാണ് നാരദൻ കാണിച്ചു തരുന്നത്. ഇനി ഇതൊക്കെ ശരിക്കും ഇങ്ങനെ തന്നെയാണോ എന്നുമറിയില്ല. സിനിമയുടെ താങ്ക്സ് കാർഡിൽ മലയാളത്തിലെ പ്രശസ്തരായ ചില മാദ്ധ്യമപ്രവർത്തകരുടെ പേരും കണ്ടിരുന്നു. അതുകൊണ്ട് ഇതെല്ലാം ചിലപ്പോൾ ശരിയാവാനും സാദ്ധ്യതയുണ്ട്.
രു അന്തവും കുന്തവും ഇല്ലാത്ത മട്ടിലാണ് ചന്ദ്രപ്രകാശ് എന്ന കഥാപാത്രത്തിന്റെ പോക്ക് . ചാനലിലെ സ്റ്റാറായ അയാളെ ഒറ്റ ദിവസം കൊണ്ട് മാറ്റുന്നതൊക്കെ അവിശ്വസനീയമായ രീതിയിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പിന്നീടുണ്ടാവുന്ന സംഭവങ്ങളൊക്കെ കണ്ടപ്പോൾ ഇതൊക്കെ എന്ത് എന്ന തോന്നലുണ്ടാവുകയും ചെയ്തു. രാജി വച്ചതിനു ശേഷം പുതിയ ചാനലിൽ ചേരുന്ന അയാൾ മിന്നൽ മുരളിയെപ്പോലെ ഒറ്റയടിക്ക് രൂപവും ഭാവവും മാറുകയാണ്. സ്ഥാപനത്തിൽ തന്റെ ശക്തി തെളിയിച്ച ശേഷം ചാനൽ പ്രൊമോട്ടർമാരോട് തട്ടിക്കയറാനും ലാഭത്തിന്റെ പകുതി ഡിമാൻഡ് ചെയ്യാനുമൊന്നും മടിക്കാത്ത ഒരു സൂപ്പർമാനായി അയാൾ രൂപാന്തരം പ്രാപിക്കുന്നു. ഇതൊക്കെ യഥാർത്ഥ ലോകത്ത് നടക്കുമോ എന്ന് അത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കറിയാം. പുറകിൽ കളിക്കുന്നവർക്ക് ശക്തിയുണ്ടെങ്കിൽ എത്ര വലിയ പത്രക്കാരനെയും വരച്ചവരയിൽ നിർത്താൻ പറ്റും. ടൈംസ് നൗവിലെ അർണാബ് ഗോസ്വാമിയുടെ ശക്തി റിപ്പബ്ലിക് ചാനലിലെ ഗോസ്വാമിക്കില്ലല്ലോ. ബിസിനസ്സും മാദ്ധ്യമപ്രവർത്തനവും തികച്ചും വ്യത്യസ്തമായ രണ്ടു മേഖലകളാണ്. ആദ്യത്തെ ചാനലിൽ നിന്ന് പുറത്തു പോകേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താൽ പുതിയ സ്ഥലത്ത് അയാൾ അങ്ങേയറ്റം അഗ്രസ്സീവ് ആയി പെരുമാറുന്നത് മനസിലാക്കാം. എന്നാൽ ജാതി പറച്ചിൽ ഉൾപ്പെടെയുള്ള മാടമ്പി സ്വഭാവം അയാൾ കാണിക്കുന്നതിന് വിശ്വസനീയമായ ഒരു കാരണം സിനിമയിലില്ല. പുതുതായി ജോലി ചെയ്യാനെത്തിയവരുടെ ജാതിയും മതവും പോലും ശ്രദ്ധിക്കുന്ന ഒരാൾ എന്ത് മീഡിയ കിംഗ് ആയിരുന്നുവെന്നാണ് സിനിമ സ്ഥാപിക്കുന്നത് ?
തിൽ കൗതുകകരമായ വേറൊരു സംഗതി കൂടിയുണ്ട്. മലയാളത്തിലെ എട്ടോ പത്തോ ചാനലിലും കൂടി നൂറുകണക്കിന് ജേർണലിസ്റ്റുകളാണ് ജോലി ചെയ്യുന്നതിൽ. ഇതിൽ ജാതി വാൽ ഉപയോഗിക്കുന്ന എത്രപേരുണ്ട് ? മുന്നോക്ക ജാതിയിൽ പെട്ട ഒരു പത്രക്കാരനും പേരിനൊപ്പം ജാതി വാൽ വയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല. വാൽ ഉണ്ടായിരുന്ന പ്രശസ്തനായ ഒരു മാദ്ധ്യമ പ്രവർത്തകൻ സ്വന്തം ചാനൽ തുടങ്ങിയപ്പോൾ പേര് തന്നെ വെറും മൂന്നക്ഷരത്തിലേക്കൊതുക്കിയതും നമ്മൾ കണ്ടതാണ്. സംഗതി ജാതി നമ്മുടെ സമൂഹത്തിൽ ഇപ്പോളുമുണ്ടെങ്കിലും അതിനു പ്രാധാന്യം കൊടുക്കുകയും ജാതി നിയമങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന മലയാളികളുടെ എണ്ണം വർഷം ചെല്ലുംതോറും കുറഞ്ഞു വരികയാണ്. പ്രത്യേകിച്ച് പത്രം വായിക്കുകയും വാർത്ത ശ്രദ്ധിക്കുകയും ചെയ്യുന്നവരുടെയിടയിൽ. ചന്ദ്രപ്രകാശിനെ ഒരു വില്ലനായി അവതരിപ്പിക്കാൻ വേണ്ടി ചേർത്ത തെറ്റായ മസാലക്കൂട്ടാണ്‌ ഇതെന്നാണ് എന്റെ അഭിപ്രായം. ഇനി അതല്ല അയാൾ ശരിക്കും ഒരു പിന്തിരിപ്പനാണെന്നാണ് കാണിക്കാനാണ് ശ്രമമെങ്കിൽ സമ്മതിച്ചു. പുതിയ ചാനലിലെ അയാളുടെ അരങ്ങേറ്റം മഞ്ഞപ്പത്രങ്ങളെ തോൽപ്പിക്കുന്ന രീതിയിൽ ഒരു മന്ത്രിയുടെ പൈങ്കിളി സംഭാഷണം പുറത്തുവിട്ടുകൊണ്ടാണെന്നത് കൂടി കണക്കിലെടുക്കുമ്പോൾ സത്യം അതാവാനാണ് സാദ്ധ്യത. അല്ലെങ്കിൽ പണ്ട് തരുൺ തേജ്പാലും മാത്യു സാമുവലും ഒക്കെ ചെയ്തപോലെ വല്ലതുമൊക്കെ ചെയ്തു വേണ്ടേ ഇതുപോലുള്ള ഒരു മിടുക്കൻ ഹീറോയിസം കാണിക്കേണ്ടത് ?
ന്ദ്രപ്രകാശിനെപ്പോലെ കുറുക്കനായ ഒരു മാദ്ധ്യമ പ്രവർത്തകനെ ഒതുക്കാനാണ് ഷക്കീറ മുഹമ്മദ് എന്ന വക്കീൽ കഥാപാത്രമെന്ന് അത്യാവശ്യം സിനിമകൾ കാണുന്നവർക്ക് തുടക്കത്തിലേ തന്നെ പിടികിട്ടും. പ്രതീക്ഷിച്ചതു പോലെ തന്നെ രണ്ടാം പകുതിയിൽ അവർ നേർക്ക് നേർ വരുന്നു. എന്നാൽ ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം പോലെ ത്രില്ലിംഗ് ആകേണ്ടിയിരുന്ന ബാക്കി കഥ നനഞ്ഞ പടക്കം പോലെയായിപ്പോയി. ഒരു ലീഗൽ ത്രില്ലർ പോലെ ആസ്വദിക്കേണ്ടിയിരുന്ന ആ ഭാഗങ്ങൾ വലിയ നിയമ പരിജ്ഞാനമൊന്നുമില്ലാത്ത ഒരു പ്രേക്ഷകൻ എങ്ങനെയാവും ഉൾക്കൊള്ളുക എന്ന് സംശയമുണ്ട്. സി പിക്ക് നേരെ ചുമത്തപ്പെടുന്ന കേസുകളുടെ ഗൗരവവും അതിനു കിട്ടാവുന്ന ശിക്ഷയും അറിയാവുന്ന ഒരാൾക്കാണ് CP ചെന്നുപെട്ടിരിക്കുന്ന അവസ്ഥ നന്നായി മനസ്സിലാവുന്നത് . അതറിയാതെ ഒരാൾക്ക് ഇത് ജസ്റ്റ് എ കേസ് മാത്രമായിരിക്കും. ഇടയ്ക്ക് വച്ച് ജഡ്ജി മജിസ്രേട്ടാവുന്ന സീനും ഇതുപോലെ തന്നെ. മജിസ്രേട്ടും മുൻസിഫ് കോർട്ട് ജഡ്ജും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാത്ത എന്നെപ്പോലുള്ള പ്രേക്ഷകർക്ക് അദ്ദേഹം കോട്ടുമിട്ട് സ്ലോ മോഷനിൽ വരുന്ന ബിൽഡ് അപ്പ് എന്തിനായിരുന്നു എന്ന് മനസ്സിലാവാൻ സാദ്ധ്യതയില്ല. ഈ വിഷയത്തിൽ അല്പം കൂടി ഡീറ്റൈലിംഗ് ആവശ്യമുണ്ടായിരുന്നു എന്ന് തോന്നി. “ഇവിടം സ്വർഗ്ഗമാണ്” എന്ന ചിത്രത്തിൽ അമിക്കസ് ക്യൂറിയെയും അയാളുടെ അധികാരത്തെയും മറ്റും സിമ്പിളായി വിശദീകരിച്ചിരിക്കുന്നത് എങ്ങനെയാണെന്നോർക്കുക.
ന്ദ്രൻസ് അവതരിപ്പിക്കുന്ന ചോതി എന്ന ജഡ്ജാണ് മോശമായ മറ്റൊരു കഥാപാത്രം. ഒരു പിന്നോക്ക സമുദായക്കാരനാണ് അദ്ദേഹമെന്ന് ക്യാബിനു പുറത്തുള്ള ബോർഡിലൂടെ സിനിമ ആദ്യമേ തന്നെ കാണിച്ചു തരുന്നുണ്ട്. സമൂഹത്തിന്റെ താഴത്തെ തട്ടിൽ നിന്ന് ന്യായാധിപന്റെ കസേരയിലെത്തുന്ന അത്തരമൊരാളിൽ നിന്ന് ആത്മവിശ്വാസം തുളുമ്പുന്ന മുഖവും ശരീര ഭാഷയുമാണ് നമ്മൾ പ്രതീക്ഷിക്കുക. വെറുമൊരു ബ്യൂറോക്രാറ്റിക് റോൾ അല്ലല്ലോ ജഡ്ജിയുടേത്. വിശാലമായ അധികാരങ്ങളുള്ള ശക്തമായ ഒരു പദവിയാണത്. മജിസ്രേട്ടിന്റെ അധികാരം കൂടി വന്നു ചേരുന്നതോടെ അങ്ങനെയൊരാളുടെ ആർജ്ജവം വീണ്ടും വർദ്ധിക്കേണ്ടതാണ്. എന്നാൽ സിനിമയിൽ തുടക്കം മുതലേ അദ്ദേഹത്തെ അതീവ ദുർബലനായ ഒരു മനുഷ്യനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും അദ്ദേഹം മജിസ്രേട്ടാവുമ്പോളും ആ മാറ്റം പ്രേക്ഷകനിൽ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. ആ സ്ലോ മോഷൻ സീൻ കൂടിയില്ലായിരുന്നെങ്കിൽ അവിടെയെന്തോ മാറ്റം സംഭവിച്ചുവെന്ന് പ്രേക്ഷകൻ അറിയുകകൂടിയില്ലായിരുന്നു. സത്യം പറഞ്ഞാൽ വളരെ നന്നായി വർക്ക് ഔട്ട് ചെയ്യാമായിരുന്ന ഒരു എലിമെന്റാണ് സവർണ മാടമ്പിയായ മേനോൻ വക്കീലും ചന്ദ്രപ്രകാശും അദ്ദേഹത്തിന് നേർക്ക് നേർ വരുന്നതും ഒടുവിൽ അവർക്ക് അദ്ദേഹത്തിന്റെ കാരുണ്യത്തിനു വേണ്ടി കാത്തു നിൽക്കേണ്ടി വരുന്നതും. എന്നാൽ തളർന്ന ശബ്ദത്തിൽ ഒരേ വിളറിയ മുഖത്തോടെ സംസാരിക്കുന്ന ചോതിയുടെ ഭാവങ്ങളും ശരീര ഭാഷയുമെല്ലാം വൈറസ്സിലെ രേവതിയുടെ പ്രകടനത്തെ ഓർമിപ്പിച്ചു.
തിനാടകീയത നിറഞ്ഞു നിൽക്കുന്ന ചന്ദ്രപ്രകാശ് എന്ന കഥാപാത്രത്തെ പോലെ തന്നെയാണ് ടോവിനോയുടെ അഭിനയവും. രണ്ടാം പകുതിയിലെ ചില സീനുകളിലെ അദ്ദേഹത്തിന്റെ പ്രകടനം അടിമുടി കൃത്രിമത്വം നിറഞ്ഞു നിൽക്കുന്നതായിരുന്നു. പ്രത്യേകിച്ച് ആ ന്യൂസ് ഡിബേറ്റ് സീനുകളിൽ. അന്ന ബെന്നും അതുപോലെ തന്നെ. അന്നയുടെ മുഖഭാവങ്ങൾ , ഡയലോഗ് ഡെലിവറി ഒക്കെ വളരെ പ്രെഡിക്റ്റബിൾ ആയി മാറിയിട്ടുണ്ട്. അഭിനേതാക്കളിൽ ഇഷ്ടമായത് ഷറഫുദ്ദീൻ, ജോയ് മാത്യു, ദിലീഷ് നായർ, രാജേഷ് മാധവൻ എന്നിവരാണ്. ചെറിയ വേഷത്തിലാണെങ്കിലും കൂട്ടിക്കൽ ജയചന്ദ്രനും കൊള്ളാം. ഇന്ദ്രൻസ് ആ റോളിൽ വരേണ്ടിയിരുന്നില്ല എന്ന് തോന്നി. സാങ്കേതികമായി അത്യാവശ്യം നല്ല നിലവാരമുണ്ട്. രാത്രി ദൃശ്യങ്ങളിലെ ലൈറ്റും ഷോട്ട് കോമ്പോസിഷനുമൊക്കെ പലപ്പോളും Nightcrawler എന്ന പ്രശസ്ത ഹോളിവുഡ് ചിത്രത്തിലെ രംഗങ്ങളെ ഓർമിപ്പിച്ചു. ജാഫർ സിദ്ദിഖി എന്ന പുതിയ ഛായാഗ്രാഹകനാണ് ഇതിലെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നല്ല വർക്കാണ്. പശ്ചാത്തല സംഗീതവും കൊള്ളാം.
ത്രങ്ങൾ പശ്ചാത്തലമായി വന്നിട്ടുള്ള മലയാള സിനിമകളുടെ ഒരു പോക്ക് രസകരമാണ്. റിപ്പോർട്ടിങ്ങും പ്രൂഫ് റീഡിങ്ങും കൂടാതെ ഒറ്റയ്ക്ക് ത്രെഡിൽ പ്രസ് ചവിട്ടി പത്രം അച്ചടിക്കുന്ന ജോലി വരെ ചെയ്യുന്ന ഒറ്റയാൾ പത്രക്കാരായിരുന്നു ഒരുകാലത്ത് നമ്മുടെ സിനിമകളിലെ ഹീറോകൾ. പത്രധർമത്തിനു വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്തവർ. ഒരു തരം വിപ്ലവകാരികൾ. ന്യൂ ഡൽഹിയിലെ കൃഷ്ണമൂർത്തിയെ പോലെ അവരിൽ ചിലർ പ്രബലന്മാരായി വളരുന്നുണ്ടെങ്കിലും മുകളിലത്തെ ബ്രീഡിൽ പെട്ട പത്രക്കാർ സിനിമയുടെ മദ്ധ്യത്തിലോ ഒടുക്കത്തിലോ രക്തസാക്ഷിത്വം വഹിക്കുകയാണ് പതിവ്. കാലം പോകെപ്പോകെ പരുത്തി ജൂബയും സഞ്ചിയുമണിഞ്ഞ , ഹീറോ പേന പോക്കറ്റിൽ കുത്തി നടക്കുന്ന അത്തരം പത്രക്കാർ സിനിമയിൽ നിന്ന് ഔട്ടായി. ആ സ്ഥാനം ചാനൽ റിപ്പോർട്ടർമാർ കയ്യടക്കി. ഇപ്പോൾ സിനിമയിൽ മീഡിയ എന്ന് പറഞ്ഞാൽ ടി വി ചാനൽ മാത്രമായി മാറിയിട്ടുണ്ട്. പുതുസാങ്കേതികവിദ്യ മാധ്യമങ്ങളിലെ ഏറ്റവും അവസാനത്തെ അംഗമായ ഓൺലൈൻ ന്യൂസ് പോർട്ടലുകളെപ്പറ്റി ആദ്യമായി ഒരു റെഫെറൻസ് വരുന്നത് നാരദനിലാണെന്നു തോന്നുന്നു. എന്തായാലും മീഡിയയെ അടിസ്ഥാനമാക്കി മലയാളത്തിൽ സിനിമ പിടിക്കാനാണെങ്കിൽ ഒരു ചൂടൻ സബ്ജക്ടുകൾ ഒരു നൂറെണ്ണമെങ്കിലും നമ്മുടെ ചാനലുകളിൽ നിന്ന് തന്നെ കിട്ടും. സംഗതി സ്‌റ്റുഡിയോയിലിരുന്ന് പലരെയും വലിച്ചു കീറുമെങ്കിലും അവരിലും വിശുദ്ധപശുക്കൾ മാത്രമല്ലല്ലോ ഉള്ളത്.