നാട്ടുകാരില്‍ നിന്ന് പിടിച്ചുപറിച്ച് കിറ്റ് വിതരണം ചെയ്യുന്ന പരിപാടിയല്ലിത്, വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില: കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി

വിഷു കൈനീട്ട വിവാദത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി നടനും എം.പിയുമായ സുരേഷ് ഗോപി. സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷു കൈനീട്ടം വിവാദമാക്കുന്നതെന്ന് സുരേഷ ഗോപി ആരോപിച്ചു. വര്‍ക്കല ചിറയിന്‍കീഴ് നിയോജക മണ്ഡലങ്ങളിലെ ബിജെപി…

വിഷു കൈനീട്ട വിവാദത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി നടനും എം.പിയുമായ സുരേഷ് ഗോപി. സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷു കൈനീട്ടം വിവാദമാക്കുന്നതെന്ന് സുരേഷ ഗോപി ആരോപിച്ചു. വര്‍ക്കല ചിറയിന്‍കീഴ് നിയോജക മണ്ഡലങ്ങളിലെ ബിജെപി ബൂത്ത് ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച വിഷു കൈനീട്ട പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൃഹത്തില്‍ മാത്രം ഒരുങ്ങി നിന്നിരുന്ന ചടങ്ങ് ഇന്ന് ആദ്ധ്യാത്മിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിലും ആചാര്യന്മാരാലും നടത്തപ്പെടുന്നു. ദുഷിച്ച മനസ്സിന് നല്‍കാനും ശുദ്ധിയില്ലാത്ത മനസിന് വാങ്ങാനും കഴിയാത്ത ഒന്നാണ് വിഷു കൈ നീട്ടം.

ഒരു രൂപ നോട്ടുകൊണ്ട് ആരെയും സ്വാധീനിക്കാന്‍ കഴിയില്ല. ഇത് നാട്ടുകാരുടെ പണം പിടിച്ചു പറിച്ച് വാങ്ങി വിതരണം ചെയ്യുന്ന കിറ്റ് അല്ല, വിമര്‍ശനങ്ങള്‍ക്ക് പുല്ലു വിലയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച വിഷു കൈനീട്ട പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

വിഷു കൈനീട്ടം നല്‍കാന്‍ അമ്പലത്തില്‍ പണം നല്‍കിയ സംഭവം ചിലര്‍ വിവാദമാക്കിയതിന് എതിരെ ഇന്നലെയും സുരേഷ് ഗോപി ശക്തമായി പ്രതികരിച്ചിരുന്നു. വിഷു എന്ന് പറയുന്നത് ഹിന്ദവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ഒരു ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേയ്ക്കാണ് ഒരോ കുരുന്നും സംഭവന ചെയ്യുന്നത്, സുരേഷ് ഗോപി പറയുന്നു.

ചില വക്രബുദ്ധികളുടെ നീക്കം അതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടയി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കയ്യിലേയ്ക്ക് ഒരു രൂപയാണ് വെച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്.

ഒരു രൂപയുടെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളത്. നരേന്ദ്ര മോദിയുടേയോ സുരേഷ് ഗോപിയുടേയോ ചിത്രമല്ല. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് കൈവെള്ളയില്‍ വച്ചുകൊടുക്കുന്നത്. ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വ്വഹണത്തിനിറങ്ങുമ്പോള്‍ കയ്യില്‍ ഒരു കോടി വന്നുചേരുന്ന അനുഗ്രഹ വര്‍ഷമായിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. ആ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്. ഞാന്‍ ഉര്‍പ്പിച്ചു, ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍, ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

റിസര്‍വ് ബാങ്കില്‍നിന്നും വാങ്ങിയ ഒരു ലക്ഷം രൂപയുടെ ഒരു രൂപ നോട്ടുകളാണ് വിവിധ ഇടങ്ങളില്‍ വിഷു കൈ നീട്ടമായി വിതരണം ചെയ്യാന്‍ സുരേഷ് ഗോപി തയ്യാറാക്കിയിരിക്കുന്നത്. പലയിടത്തും താരം വിഷു കൈനീട്ടം വിതരണം ചെയ്യുകയും ചെയ്തു. ചിലയിടങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഇത്തരത്തില്‍ വിതരണം ചെയ്യുന്നതിനുള്ള തുക ശാന്തിയെ ഏല്‍പ്പികുകയും ചെയ്തിരുന്നു. അത്തരത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ സുരേഷ് ഗോപി പണം ഏല്‍പ്പിച്ചതാണ് വിവാദമായത്. വിഷുവിന്റെ മറവില്‍ എംപി രാഷ്ട്രീയം കളിക്കുകയാണെന്ന് ഇടതുപക്ഷ സംഘടന അനുകൂലികള്‍ ആരോപിച്ചു. ഇതിന് പിന്നാലെ ഇത്തരത്തില്‍ പണം മേടിക്കുന്നതിനെ വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു.