‘ഞാൻ ഓടിച്ചെന്ന് മോഹൻ ലാലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു ; ‘അതിന് പിന്നിൽ ഒരു സ്ത്രീയെന്ന് നടി ശാന്തകുമാരി

മലയാള സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളാണ് ശാന്തകുമാരി. 1977ൽ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി കരിയർ ആരംഭിച്ച നടി കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ്. സിനിമ…

മലയാള സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളാണ് ശാന്തകുമാരി. 1977ൽ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി കരിയർ ആരംഭിച്ച നടി കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ്. സിനിമ കൂടാതെ നിരവധി പരമ്പരകളിലും നടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇടക്കാലത്ത് നടിയെ സിനിമയിലൊന്നും കണ്ടിരുന്നില്ല. ശാന്തകുമാരി ഹൃദ്രോഗിയാണെന്ന പേരിൽ സിനിമാ മേഖലയിൽ പ്രചരിച്ച വാർത്തകളായിരുന്നു അതിന് കാരണം. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ശാന്തകുമാരി. അതിന്റെ ഭാഗമായി അഞ്ച് വർഷക്കാലം താൻ ജോലിയില്ലാതെ വീട്ടിൽ  ഇരുന്നെന്ന് ശാന്തകുമാരി പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശാന്തകുമാരി ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ കണ്ട ശേഷം തനിക്കൊരു വീട് ലഭിച്ചതിനെ കുറിച്ചും ശാന്തകുമാരി അഭിമുഖത്തിൽ  പറഞ്ഞു. ആ ഒരു റൂമർ വന്നതു കാരണം അഞ്ചു വർഷമാണ് ഞാൻ പണി ഇല്ലാതെ വീട്ടിൽ ഇരുന്നത്. ഒരു സ്ത്രീ ആയിരുന്നു ഇതിനു പിന്നിൽ. ആരാണ് എന്നൊന്നും ഞാൻ പറയില്ല.

അവരൊക്കെ സന്തോഷിക്കട്ടെ. തുറുപ്പുഗുലാൻ സിനിമയുടെ സമയത്താണ് ഇത്. ആ സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. അഞ്ച് ദിവസത്തെ ഡേറ്റും നൽകി. അവരുടെ വിളിക്കായി ഞാൻ നോക്കിയിരിക്കുകയായിരുന്നു. അന്ന് ഞാൻ ഹോസ്റ്റലിലായിരുന്നു താമസം. കാത്തിരുന്നിട്ടും വിളി വരാതായതോടെ പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചു. ചേച്ചി മരുന്നും കഴിച്ച് വെല്ലോടത്തും ഇരിക്ക് എന്നാണ് പറഞ്ഞത്,’ എനിക്ക് അസുഖങ്ങളൊന്നുമില്ലല്ലോ ഞാൻ മരുന്ന് ഒന്നും കഴിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് ചിന്തിച്ചത്. കാര്യം തിരക്കിയപ്പോൾ ആണ് ഞാൻ ഹാർട്ട് സർജറി ചെയ്തു കിടക്കുകയല്ലേ എന്ന രീതിയിൽ പറയുന്നത്. സുകുമാരി ചേച്ചി ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന സമയമാണത്. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുറച്ചു ഓറഞ്ചുമൊക്കെയായി ചിലർ എന്നെ കാണാൻ വന്നു. പിന്നീട് ഞാൻ അന്വേഷിച്ചപ്പോഴാണ് ഒരാൾ ഇങ്ങനെ പറഞ്ഞു നടക്കുന്ന കാര്യം അറിഞ്ഞത്. അതിനു ശേഷം അഞ്ച് വർഷത്തോളം ഞാൻ സിനിമയില്ലാതെ ഇരുന്നു എന്നും ശാന്തകുമാരി പറയുന്നു. എനിക്കൊരു മൂന്ന് സിനിമകൾ വന്ന് അതെല്ലാം പോയപ്പോഴാണ് ഞാൻ ശരിക്കും ഈ സംഭവം മനസിലാക്കുന്നത്. ഒരുപാട് പേരോട് പിന്നീട് പറഞ്ഞെങ്കിലും കാര്യമുണ്ടായിരുന്നില്ല. ഒടുവിലാണ് മാധ്യമങ്ങളെയൊക്കെ വിളിച്ച് എനിക്കൊരു കുഴപ്പവുമില്ലെന്ന് പറയുന്നത്. അമ്മ സംഘടനയിൽ നിന്നും കിട്ടുന്ന രണ്ടായിരം രൂപയാണ് എനിക്ക് അന്ന് ആകെ കിട്ടിക്കൊണ്ടിരുന്നത്. അത് ഹോസ്റ്റലിൽ കൊടുക്കും. പിന്നെ സിനിമയിലെ പ്രൊഡക്ഷനിലൊക്കെയുള്ള നല്ല പിള്ളേർ എന്നെ സഹായിക്കുമായിരുന്നു എന്നും  ശാന്തകുമാരി പറഞ്ഞു.

അമ്മ സംഘടനയുടെ വീട് ലഭിച്ചതിനെ കുറിച്ചും ശാന്തകുമാരി അഭിമുഖത്തിൽ പറഞ്ഞു. ‘സംഘടന വീട് വെച്ച് കൊടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ എഴുതി കൊടുത്തു. പക്ഷെ ഒരു വിവരവും ഉണ്ടായിരുന്നില്ല. കുറെ നാൾ ഞാൻ മോഹൻലാലിനെ കാണാനായി നടന്നു. ഒരു പ്രൊഡക്ഷൻ കൺട്രോളർമാരും സമ്മതിക്കുന്നുണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലും പോയി. അവസാനം ഇടക്കൊച്ചിയിലെ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നു. അവിടെയും ആരും കയറാൻ സമ്മതിച്ചില്ല. കൈയിൽ അഞ്ച് പൈസയില്ലാത്ത സമയമാണ് അതൊക്കെ. വൈറ്റിലയിൽ നിന്നും നടന്നാണ് അവിടെ വരെ പോയത്. എനിക്ക് വല്ലാതെ സങ്കടം വന്നു. പക്ഷെ ഗേറ്റിന്റെ അവിടെ നിൽക്കുന്ന എന്നെ ലാൽ കണ്ടു. ഗേറ്റ് തുറക്കാൻ പറഞ്ഞു. ഞാൻ ഓടി ചെന്ന് ലാലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അപ്പോൾ തന്നെ എനിക്ക് കസേരയൊക്കെ തന്നിട്ട് അദ്ദേഹം എല്ലാവരെയും വിളിച്ചു. കാര്യങ്ങൾ തിരക്കി. ചേച്ചിക്ക് സ്ഥലമുണ്ടെങ്കിൽ എത്രയും വേഗം വീട് വെച്ച് തരാമെന്ന് പറഞ്ഞു,’ ‘ഞാൻ ഇക്കാര്യം മക്കളോട് പറഞ്ഞു, അങ്ങനെ ഇളയവൾ അവൾക്ക് കൊടുത്ത സ്ഥലം എനിക്ക് തന്നു. അങ്ങനെ അത് ലാലിനെ കാണിച്ചു. അങ്ങനെയാണ് വീട് പണിതു തരുന്നത്. അതിന് വേണ്ടി സീമ ജി നായരും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് എനിക്കൊരു നല്ല വീട് ലഭിക്കുന്നത്,’ ശാന്തകുമാരി പറഞ്ഞു.