‘കുളി സീനിനിടെ നടിയുടെ മുണ്ട് അഴിഞ്ഞ് പോയി’ ; വിജയശ്രീയെപ്പറ്റി ശാന്തിവിള ദിനേശ് 

മലയാള സിനിമാ രം​ഗത്ത് എഴുപതുകളിൽ സെൻസേഷനായിരുന്ന നടിയാണ് വിജയശ്രീ. കുറച്ച് വർഷങ്ങൾ മാത്രമേ വിജയശ്രീയെ സിനിമകളിൽ കണ്ടിട്ടുള്ളൂ. എന്നാൽ ഇക്കാലയളവിനിടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ‍ സിനിമകളിലെല്ലാം വിജയശ്രീ തന്റെ സാന്നിധ്യം തെളിയിച്ചു. പ്രേം നസീറിനൊപ്പം നിരവധി സിനിമകളിൽ വിജയശ്രീ നായിക ആയെത്തി. എന്നാൽ അപ്രതീക്ഷിതമായ വിജയശ്രീയുടെ മരണം സിനിമാ ലോകത്തെ ഒന്നടങ്കം ഞെ‌ട്ടിച്ചു. 1974 ൽ തന്റെ 21ാം വയസിലാണ് വിജയശ്രീ മരിക്കുന്നത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് പുറത്ത് വന്ന വാർത്ത. എന്നാൽ വിജയശ്രീയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ ഇന്നും വ്യക്തതയില്ല. നടി  വിജയശ്രീയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. വിജയശ്രീയുടെ കരിയർ ​ഗ്രാഫിനെക്കുറിച്ചും ദുരൂഹ മരണത്തെക്കുറിച്ചുമാണ് ശാന്തിവിള ദിനേശ് ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ പരാമർശിക്കുന്നത്. ഷീല, ജയഭാരതി, ശാരദ എന്നിവർ തിളങ്ങി നിന്ന സമയത്താണ് വിജയശ്രീ സിനിമാ ലോകത്തേയ്ക്ക് കടന്ന് വരുന്നത്.

സൂപ്പർനായകനായി പ്രേം നസീർ മാറുന്ന കാലം. അക്കാലത്ത് ഷീലയുമായി എന്തൊക്കെയോ അസ്വാരസ്യം നസീർ സാറിനുണ്ടായിരുന്നു. ഞാനിനി പ്രേം നസീറിനൊപ്പം അഭിനയിക്കില്ലെന്ന് ഷീല പരസ്യമായി പ്രഖ്യാപിച്ച സമയം. അന്ന് നസീർ സാറിന്റെ ഭൂരിഭാ​ഗം സിനിമകളിലും നായികയാകുന്നത് ജയഭാരതിയാണ്. ആ സമയത്താണ് മേനിക്കൊഴുപ്പുള്ള, ശരീര പ്രദർശനം നടത്താൻ മടിയില്ലാത്ത വിജയശ്രീയുടെ ക‌ടന്ന് വരവ്. യഥേഷ്ടം തന്റെ മാദക മേനി ക്യാമറയ്ക്ക് മുന്നിൽ തുറന്ന് കാട്ടാൻ മടിയില്ലാത്ത ഇരുപത് വയസുകാരിയായിരുന്നു വിജയശ്രീ. മലയാള സിനിമയിൽ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് പേര് ദോഷം കേട്ട നായിക ആയിരുന്നു വിജയശ്രീ എന്നും . സിനിമാക്കാർ ഉപയോ​ഗിച്ചു എന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ നന്നായി സിനിമാക്കാർ വിജയശ്രീയെ ഉപയോ​ഗിച്ചു എന്നും ശാന്തിവിള ദിനേശ് പറയുകയാണ്. അഭിനയത്തിൽ മികവുള്ള നടി അല്ലായിരുന്നെങ്കിലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന വിജയശ്രീയെ പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. സിനിമയിലെത്തി വളരെ വേഗത്തിലാണ് വിജയശ്രീ ആരാധകരെ നേടിയെടുത്തത്. മേൽമുണ്ടിൽ കുളിക്കാനും, ബലാത്സ​ഗ സീനിൽ അഭിനയിക്കാനും തെല്ലും വൈമനസ്യം കാണിക്കാത്ത നായികയായിരുന്നു വിജയശ്രീ. ഉദയ സ്റ്റുഡിയോയുമായി വിജയശ്രീക്കുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. പ്രതിഫലം കൃത്യമായി തന്നില്ല, അഭിനയ ശേഷിക്ക് പകരം തന്റെ അവയവ ഭം​ഗി കാട്ടുന്നതിൽ മാത്രമാണ് ഉദയക്കാർക്ക് താൽപര്യമെന്നും വിജയശ്രീ നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചതും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. തന്നെ വേദനിപ്പിച്ച സംഭവവും വിജയശ്രീ അന്ന് നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാണിച്ചെന്നും ശാന്തിവിള ദിനേശ് പറയുന്നു. പൊന്നാപുരം കോട്ട എന്ന സിനിമയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന രം​ഗമുണ്ട്. മലയാളിയായാണ് ജനിച്ചതെങ്കിലും മദ്രാസിൽ വളർന്നതിനാൽ മുണ്ടുടുക്കാൻ അറിയില്ലായിരുന്നു വിജയശ്രീയ്ക്ക്.

കുളിച്ച് കൊണ്ടിരിക്കെ വസ്ത്രം അഴിഞ്ഞ് പോയി. ആ രം​ഗം സൂം ലെൻസ് ഉപയോ​ഗിച്ച് താനറിയാതെ പകർത്തിയെന്ന് നടി ആരോപിച്ചിരുന്നു. പൊന്നാപുരം കോ‌ട്ടയിൽ പല രം​ഗങ്ങളും ​ഗതികേട് കൊണ്ട് ചെയ്തിട്ടുണ്ടെന്ന് വിജയശ്രീ പറഞ്ഞിരുന്നു. നടൻ ​ഗോവിന്ദൻ കുട്ടിയെ മദ്യം കൊടുത്താണ് വിജയശ്രീയെ ബലാത്‌സംഗം  ചെയ്യുന്ന സീനിൽ അഭിനയിക്കാൻ വിട്ടത്. ​ഗോവിന്ദൻ കുട്ടി മൽപ്പിടുത്തക്കാരനാണ് തോറ്റ് തരില്ല, നീ പരമാവധി എതിരി‌ടമെന്നാണ് വിജയശ്രീയോട് പറഞ്ഞത്. നടിയെ ഈ  സീനെ‌ടുക്കുമ്പോൾ നാണം കെടുത്തി. ഇക്കാരണത്താൽ ഉദയ സിനിമകളിൽ അഭിനയിക്കില്ലെന്ന് വിജയശ്രീ പറഞ്ഞിട്ടുണ്ട്. പിന്നീട് മെറിലാന്റ് സ്റ്റുഡിയോയുമായി വിജയശ്രീ കരാറിലായെന്നും ശാന്തിവിള ദിനേശ് പറയുന്നു . ഇതിന്റെ പേരിൽ വിജയശ്രീക്ക് ഭീഷണി ഉണ്ടായിരുന്നെന്ന് ഒരു കാലത്ത് അഭ്യൂഹം വന്നിരുന്നെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. അതേസമയം വിജയശ്രീ മരിക്കുന്ന ദിവസം അവർക്ക് ഷൂട്ടിം​ഗ് ഇല്ലായിരുന്നു. മുകളിലത്തെ നിലയിലാണ് അവരുടെ മുറി. സന്ധ്യക്ക് ആ മുറിയിലേക്ക് കയറി വിഷം പാലിൽ ഒഴിച്ച് കുടിച്ചു എന്നാണ് പറയുന്നത്. വിജയശ്രീയുടേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇന്നും വ്യക്തതയില്ലെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാ‌ട്ടി.