രാവിലെ മുതല്‍ വൈകുന്നേരം വരെ നയന്‍താരയെ കാത്ത് നിന്നു, പക്ഷെ അവര്‍ ഇറങ്ങി വന്നില്ല- തുറന്ന് പറഞ്ഞ് ശരണ്യ ആനന്ദ്

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലാണ് നടി മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബവിളക്ക്. ആരാലും അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോകുന്ന കുടുംബിനിയായ സുമിത്ര എന്ന നായികാ കഥാപാത്രത്തെയാണ് മീര വാസുദേവ് അവതരിപ്പിക്കുന്നത്. മീര വാസുദേവ് ഈ സീരിയലില്‍ മൂന്ന് മക്കളുടെ അമ്മയായായാണ് വേഷമിടുന്നത്. സീരിയലില്‍ വില്ലത്തിയായെത്തുന്ന വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ശരണ്യ ആനന്ദ്.
ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലെത്തിയ ശരണ്യ വളരെ പെട്ടന്നാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.മുഖ്യ കഥാപാത്രമായ സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥിന്റെ പ്രണയിനിയായാണ് താരം വേഷമിടുന്നത്. മമ്മൂട്ടി നായകനായ മാമാങ്കം എന്ന സിനിമയിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. മലയാളി ആണെങ്കിലും ശരണ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലെ സൂറത്തിലാണ്. ഇപ്പോഴിതാ പണ്ട് നയന്‍താരയെ കാണാന്‍ തിരുവല്ലയിലെ അവരുടെ വീടിന് മുന്നില്‍ പോയി നിന്ന കഥ തുറന്ന് പറയുകയാണ് ശരണ്യ.

ശരണ്യയുടെ വാക്കുകള്‍-

ഹയര്‍ സെക്കന്‍ഡറി ഞാന്‍ പഠിച്ചത് നാട്ടിലാണ്. ആ സമയത്ത് ഞാന്‍ ആലപ്പുഴ എടത്വയിലെ അമ്മയുടെ വീട്ടിലാണ് നിന്നിരുന്നത്. അവിടെ നിന്നും നയന്‍താരയെ കാണാന്‍ വേണ്ടി അവരുടെ തിരുവല്ലയിലെ വീടിനടുത്ത് പോകുമായിരുന്നു. അവരുടെ വീടിനു മുന്‍പില്‍ ഞാന്‍ കാവല്‍ നില്‍ക്കുമായിരുന്നു. നയന്‍താര ആ വീടിനുള്ളില്‍ ഉണ്ടെന്നും എന്തേലും ആവശ്യത്തിനു അവര്‍ എപ്പോഴെങ്കിലും വീടിനു പുറത്തിറങ്ങും എന്നുമായിരുന്നു എന്റെ വിശ്വാസം. പക്ഷെ ഞാന്‍ വൈകുന്നേരം വരെ കാത്ത് നിന്നിട്ടും അവര്‍ വന്നില്ല. വൈകിട്ട് തിരിച്ചു വീട്ടിലേക്ക് പോന്നു, അമ്മയുടെ അനിയത്തിയുടെ മകന്‍ അരുണാണ് ഇതിനെല്ലാം കൂട്ട്. നയന്‍താരയെ കാണാന്‍ കഴിയാതെ പോയത് വലിയ സങ്കടമായിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി ഞാന്‍ അരുണിനോട് പറയുമായിരുന്നു നീ നോക്കിക്കോ ഞാനും ഒരു ദിവസം നാലാളറിയുന്ന അഭിനേത്രിയാകുമെന്ന്.എന്റെ കുടുംബത്തില്‍ ആര്‍ക്കും അഭിനയവുമായി യാതൊരു ബന്ധവുമില്ല. അതുക്കൊണ്ട് ഞാന്‍ അഭിനയിക്കണം എന്ന് പറയുമ്പോള്‍ അച്ഛനും അമ്മയും കരുതിയിരുന്നത് ഞാന്‍ വിടുവായത്തരം പറയുകയാണ് എന്നാണ്.