‘ഫ്രീക്ക് പെണ്ണേ’…എന്റെ പാട്ട്!!! ഷാന്‍ റഹ്‌മാന്‍ ക്രെഡിറ്റ് തട്ടിയെടുത്തു, ഗുരുതരആരോപണവുമായി യുവഗായകന്‍

മലയാളത്തില്‍ ഏറെ ആരാധകരുള്ള സംഗീത സംവിധായകനാണ് ഷാന്‍ റഹ്‌മാന്‍.
നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാന്‍. സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് യുവ ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്.

2019-ലിറങ്ങിയ ഒമര്‍ ലുലു ചിത്രം ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്നുതുടങ്ങുന്ന ഗാനത്തിന് ഈണം നല്കിയതിനുള്ള കടപ്പാട് തനിക്ക് തന്നില്ലെന്നാണ് സത്യജിത്ത് ഷാന് എതിരെ ആരോപിച്ചിരിക്കുന്നത്.

താന്‍ ഈണം നല്‍കിയ ഗാനം ക്രെഡിറ്റ് നല്‍കാതെ ഷാന്‍ റഹ്‌മാന്‍ സ്വന്തം പേരില്‍ പുറത്തിറക്കുകയായിരുന്നു എന്ന് സത്യജിത്ത് പറയുന്നു. 2015-ല്‍ കോട്ടയം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ വെച്ച് ഈ ഗാനം ആലപിക്കുന്നെന്ന് അവകാശപ്പെട്ടുള്ള വീഡിയോയും സത്യജിത്ത് പുറത്തുവിട്ടിട്ടുണ്ട്.

‘ഈ ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചത് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയാണിത്, പക്ഷേ അങ്ങനെയല്ല. 2018-ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറങ്ങിയത്. ഈ ഗാനത്തിന്റെ സംഗീതസംവിധായകനും ഗാനരചയിതാവും ഗായകനും ഞാനാണ്.

സിനിമയിറങ്ങുന്നതിന് നാല് വര്‍ഷം മുന്‍പാണ് ഈ ഗാനം ഒരുക്കിയത്. എന്നാല്‍ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ താന്‍ തന്നെയാണ് ഗാനത്തിന് ഈണം നല്‍കിയതെന്ന് അവകാശപ്പെട്ടു. പാട്ടിന്മേല്‍ ഞാന്‍ ഉന്നയിച്ച അവകാശം വ്യാജമാണെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി’, സത്യജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഇത് നേരിട്ട് മുഖത്ത് നോക്കി ചോദിച്ച അന്ന് ഷാന്‍ റഹ്‌മാന്‍ ചേട്ടന്‍ ബ്ലോക്ക് ചെയ്തിട്ട് പോയതാണ്, പിന്നീട് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഒരുപാട് പേര്‍ തഴയുകയും അവഗണനകള്‍ നേരിടുകയും ചെയ്തിരുന്നു. അന്ന് എന്റെ പക്കല്‍ തെളിവുകളുടെ അഭാവമുണ്ടായിരുന്നു. സത്യം എല്ലാക്കാലവും മറച്ചു വെക്കാന്‍ സാധിക്കുന്നതല്ല’, എന്നും സത്യജിത്ത് പറയുന്നു.