മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണ്‍ 15 അഭിമാനവും ആവേശവും’; സന്തോഷം പങ്കുവെച്ച് നടന്‍ മാധവന്‍

ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 15 സ്വന്തമാക്കി നടന്‍ മാധവന്‍. താരം തന്നെയാണ് അഭിമാനവും ആവേശവും എന്ന് പറഞ്ഞ് സന്തോഷം പങ്കുവച്ചത്. ആപ്പിള്‍ പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 15 സീരീസാണ് മാധവന്‍ സ്വന്തമാക്കിയത്. ‘ഇന്ത്യയില്‍ നിര്‍മ്മിച്ച…

ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 15 സ്വന്തമാക്കി നടന്‍ മാധവന്‍. താരം തന്നെയാണ് അഭിമാനവും ആവേശവും എന്ന് പറഞ്ഞ് സന്തോഷം പങ്കുവച്ചത്. ആപ്പിള്‍ പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 15 സീരീസാണ് മാധവന്‍ സ്വന്തമാക്കിയത്.

‘ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 15 സ്വന്തമാക്കിയതില്‍ ‘അഭിമാനവും ആവേശവും’ എന്നാണ് മാധവന്‍ എക്‌സില്‍ കുറിച്ചത്. പുതുതായി സ്വന്തമാക്കിയ പിങ്ക് നിറത്തിലുള്ള ഐഫോണ്‍ 15ന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ത്രിവര്‍ണ്ണ പതാകളുടെ ഇമോജികളും കുറിപ്പിനൊപ്പമുണ്ട്.

ആപ്പിളിന്റെ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ ഇന്ന് മുതലാണ് വിപണിയില്‍ എത്തിയത്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഇന്ന് ആപ്പിള്‍ സ്റ്റോറുകളിലെത്തി പണമടച്ചാല്‍ ഫോണ്‍ കിട്ടും.

ഐഫോണ്‍ നിര്‍മാണത്തിന്റെ നല്ലൊരു പങ്കും മുന്‍പ് ചൈന കേന്ദ്രീകരിച്ചായിരുന്നു നടന്നത്. 2020 മുതലാണ് ആപ്പിള്‍ അതിന്റെ മുന്‍നിര ഐഫോണുകളുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങിയത്. 2025ഓടെ 25 ശതമാനം ഐഫോണുകളും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് ഐഫോണ്‍ നിര്‍മാണം.

ഐഫോണ്‍ 15 പ്രോ മാക്‌സിന് 159900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 15 ലോഞ്ച് ചെയ്യുന്ന ദിവസം തന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഡിവൈസുകളും ആപ്പിള്‍ കമ്പനി വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുന്നേറ്റം. ആദ്യമായാണ് ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണുകള്‍ ലോഞ്ച് ദിവസം തന്നെ ആഗോള മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.