ആക്ഷന്‍ കട്ടിനിടയില്‍ പഠനം! ആക്ഷേപിച്ചവര്‍ക്ക് എ പ്ലസ് കൊണ്ട് ഗാഥയുടെ മറുപടി

സീരിയല്‍ ഷൂട്ട് ഇടവേളകളിലിരുന്ന് പഠിച്ചും പ്ലസ്ടുവിന് മികച്ച വിജയം നേടി നടി ഗാഥ സജി. കഴിഞ്ഞ ദിവസം പ്ലസ്ടു ഫലം വന്നപ്പോള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കിയിരിക്കുകയാണ് ഗാഥ. സ്റ്റഡി ലീവിന്റെ സമയത്ത്…

സീരിയല്‍ ഷൂട്ട് ഇടവേളകളിലിരുന്ന് പഠിച്ചും പ്ലസ്ടുവിന് മികച്ച വിജയം നേടി നടി ഗാഥ സജി. കഴിഞ്ഞ ദിവസം പ്ലസ്ടു ഫലം വന്നപ്പോള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കിയിരിക്കുകയാണ് ഗാഥ. സ്റ്റഡി ലീവിന്റെ സമയത്ത് മകളെ സീരിയലില്‍ അഭിനയിപ്പിക്കാന്‍ വിട്ടെന്നു പറഞ്ഞവര്‍ക്ക് എ പ്ല്‌സുകൊണ്ടാണ് ഗാഥ മറുപടി നല്‍കിയിരിക്കുന്നത്.

വാരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഗാഥ. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്ന മിടുക്കിയായിരുന്നു. പത്താം ക്ലാസിലും ഗാഥ മികച്ച വിജയം നേടിയിരുന്നു. സ്‌കൂളിലെ എല്ലാ പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു ഗാഥ.

സംവിധായകന്റെ കട്ട് ആക്ഷന്‍ ഇടവേളയിലെ കുറഞ്ഞ സമയത്തെ പഠനം കൊണ്ടാണ് ഗാഥയുടെ വിജയഗാഥ. എ പ്ല്‌സുകൊണ്ട് മകള്‍ മറുപടി നല്‍കിയതിന്റെ സന്തോഷത്തിലാണ് അച്ഛന്‍ ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി പീടികക്കാലായില്‍ സജിയും അമ്മ ബിന്ദുവുമുള്ളത്.

പ്രണയവര്‍ണങ്ങള്‍ എന്ന സീരിയലില്‍ പൂജ എന്ന കഥാപാത്രത്തെയാണ് ഗാഥ അവതരിപ്പിക്കുന്നത്. കെകെ രാജീവാണ് സംവിധാനം. മഞ്ജു പത്രോസ്, ലിഷോയ്, രാജേന്ദ്രന്‍, ഷൈലജ, റിച്ചാര്‍ഡ്, സ്വാതി, മഞ്ജു സതിഷ് തുടങ്ങിയ പ്രമുഖരുമാണ് അഭിനേതാക്കള്‍.

മാത്രമല്ല, സീരിയില്‍ നിന്നും സിനിമയിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഗാഥ. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മികച്ച കഥാപാത്രമായി ഗാഥ എത്താനിരിക്കുകയാണ്.

മാസം 15 ദിവസമാണ് ഷൂട്ടുണ്ടായിരുന്നത്. ഇതിനിടെ പ്രത്യേക അനുവാദം വാങ്ങി പഠിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ഗാഥ. സഹപ്രവര്‍ത്തകര്‍ ഷൂട്ടുകള്‍ക്കിടെ പഠിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കി നല്‍കി. ഇതിനിടെ പരീക്ഷയും ഷൂട്ടും അടുത്തടുത്ത ദിവസങ്ങളില്‍ വന്നപ്പോഴും സമയം ക്രമീകരിച്ചു നല്‍കിയും പിന്തുണച്ചു.

സീരിയലിലെ കഥാപാത്രം പൂജ ബിരുദ വിദ്യാര്‍ഥിയാണ്. എറണാകുളം സെന്റ് തെരേസാസിലോ ആലുവ സെന്റ് സേവ്യേഴ്‌സിലോ ആര്‍ട്‌സ് വിഷയത്തില്‍ ഡിഗ്രിക്കു ചേരാനാണ് ആഗ്രഹം. പഠനത്തോടൊപ്പം തന്നെ അഭിനയവും കൊണ്ടു പോകണം. സിവില്‍ സര്‍വീസിലും കൈ നോക്കണമെന്ന് ഗാഥ പറയുന്നു.