
ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളായ ഹരിത ജി നായർ വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിനിമാ എഡിറ്ററായ വിനായകാണ് ഹരിതയുടെ ഭർത്താവ്. ഒന്നര വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹരിത അറിയിച്ചു.
വിവാഹബന്ധം വേർപെടുത്തിയ വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ആരാധകരുമായി പങ്കുവെച്ചത്. “ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും,” ഹരിത കുറിച്ചു.
ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തിപരമാണെന്നും താരം വ്യക്തമാക്കി. ഈ യാത്രയിലുടനീളം തങ്ങളുടെ രണ്ട് കുടുംബങ്ങളും പിന്തുണച്ചിട്ടുണ്ടെന്നും, അവർക്ക് അതിൽ നന്ദിയുണ്ടെന്നും ഹരിത കൂട്ടിച്ചേർത്തു.
“ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും അഭ്യുദയകാംഷികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു. ഞങ്ങളുടെ ദുഷ്കരമായ നിമിഷങ്ങളിൽ ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും പരസ്പര ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ… ജീവിക്കാൻ അനുവദിക്കൂ,” എന്ന വാക്കുകളോടെയാണ് ഹരിത പോസ്റ്റ് അവസാനിപ്പിച്ചത്.
‘കസ്തൂരിമാൻ’ എന്ന പരമ്പരയിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഹരിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘തിങ്കൾക്കലമാൻ’ എന്ന പരമ്പരയിലെ കീർത്തി എന്ന കഥാപാത്രവും ശ്രദ്ധ നേടി. നിലവിൽ ‘ചെമ്പരത്തി’ എന്ന സീരിയലിലാണ് ഹരിത അഭിനയിക്കുന്നത്. നഴ്സിങ് പഠനത്തിനിടെയാണ് റിയാലിറ്റി ഷോയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്.











