
മഴ തോരും മുൻപേ സീരിയലിലെ ഒരു കാറപകടം ഷൂട്ട് ചെയ്യുന്ന രംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കഥാപാത്രങ്ങളിൽ ഒരാൾ കാർ അപകടത്തിൽപ്പെടുന്ന ദൃശ്യം ഷൂട്ട് ചെയ്യുന്ന രംഗമാണ് ഏഷ്യാനെറ്റിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കു വെച്ചിരിക്കുന്നത്.
സ്റ്റണ്ട്മാനെ ഉപയോഗിച്ച് ഒരേ മോഡലിലെ രണ്ട് കാറുകളുമായാണ് ചിത്രീകരണം നടന്നത്. കാർ പലവട്ടം തലകീഴായി മറിഞ്ഞെങ്കിലും സ്റ്റണ്ട്മാൻ പരുക്കുകളൊന്നും ഏൽക്കാതെ പുറത്തു വരുന്നതും ടീമംഗങ്ങളെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് ഉയർന്ന് പൊങ്ങി തലകീഴായി മറിയുന്ന രംഗമാണ് ഇത്തരത്തിൽ ഷൂട്ട് ചെയ്തത്.
ഒരു മില്യനിലേറെ ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്. നിരവധിയാളുകളാണ് വീഡിയോയ്ക്കു താഴെ സ്റ്റണ്ട് മാനെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. സിനിമയെ വെല്ലുന്ന അപകട രംഗമായിരുന്നു അതെന്നാണ് പലരും വീഡിയോയ്ക്കു താഴെ കുറിക്കുന്നത്.
അതേസമയം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നാണ് മഴതോരും മുൻപേ. ജോയ്സിയുടെ മഴതോരും മുൻപേ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ബിനു വെള്ളത്തൂവൽ സംവിധാനം ചെയ്യുന്ന ഈ സീരിയൽ. കുടുംബത്തിന്റെ അവഗണനകൾക്കിടയിൽ ജീവിക്കുന്ന അലീനയുടെ ഹൃദയസ്‍പർശിയായ കഥയാണ് മഴ തോരും മുൻപേ സീരിയൽ പറയുന്നത്. നടി നികിതയാണ് അലീനയായി എത്തുന്നത്.











