നിങ്ങൾ വന്നാൽ പൊലീസിനെ പിടിച്ച് ഏൽപ്പിക്കും ചേച്ചിയുടെ മകൾ പറഞ്ഞു’ ; സംഭവത്തെ കുറിച്ച്, ഷക്കീല  

തെന്നിന്ത്യൻ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യേകം പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. മലയാള സിനിമയിലടക്കം ഒരുകാലത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് താരം. മാദക താരമായി ഒരു കാലത്ത് തിളങ്ങിയ ഷക്കീല ബി ​ഗ്രേഡ് സിനിമകളിലെ നായികയായി…

തെന്നിന്ത്യൻ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യേകം പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. മലയാള സിനിമയിലടക്കം ഒരുകാലത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് താരം. മാദക താരമായി ഒരു കാലത്ത് തിളങ്ങിയ ഷക്കീല ബി ​ഗ്രേഡ് സിനിമകളിലെ നായികയായി സിനിമാ ലോകത്ത് അറിയപ്പെട്ടു. ജീവിതത്തിൽ പല വിഷമ ഘട്ടങ്ങളിലൂടെയും ഷക്കീല കടന്നു പോയിട്ടുണ്ട്.  പിന്നീട് ഏറെക്കാലം സിനിമാ രം​ഗത്ത് നിന്നും ഷക്കീല മാറി നിൽക്കുകയാണുണ്ടായത്. ഇതിനിടെ കുടുംബവുമായും ഷക്കീലയ്ക്ക് പ്രശ്നങ്ങളുണ്ടായി. ഇന്ന് തമിഴ് ഷോകളിൽ ഷക്കീല സാന്നിധ്യം അറിയിക്കാറുണ്ട്. സിനിമാ ലോകത്തെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ ഷക്കീല. ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിക്കാൻ ആദ്യം മടിച്ചിരുന്നെന്ന് ഷക്കീല പറയുന്നു. അച്ഛനോട് വന്ന് കഥ പറയുകയും ശമ്പളക്കാര്യം സംസാരിക്കുകയും ചെയ്യും. അച്ഛൻ ഞങ്ങളെ ഷൂട്ടിം​ഗ് സ്ഥലത്ത് എത്തിക്കും. ഞാനും സഹോദരിയുമാണ് അഭിനയിക്കാനെത്തിയത്. എന്നാൽ സഹോദരി വല്ലാതെ കരഞ്ഞു. ഞാനും കരഞ്ഞു. ഇതൊക്കെ അച്ഛനോട് സംസാരിച്ചതാണെന്ന് സംവിധായകൻ പറയും. വേറെ വഴിയില്ലാതെ അത്തരം രണ്ട് സീനുകൾ ചെയ്തു. വീട്ടിൽ വന്ന് അച്ഛനോട് ഇക്കാര്യം പറഞ്ഞത് അദ്ദേഹം കാര്യമായെടുത്തില്ല. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് അച്ഛൻ പറഞ്ഞു. ഞാൻ കള്ളം പറയുകയാണെന്ന് അദ്ദേഹം കരുതിയെന്ന് ഷക്കീല പറയുന്നു. ഇനി മുതൽ ശമ്പളക്കാര്യം മാത്രം നിങ്ങൾ സംസാരിച്ചാൽ മതിയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പിന്നീ‌ട് അച്ഛൻ മരിച്ചതിന് ശേഷം കിന്നാരത്തുമ്പികൾ എന്ന സിനിമ ചെയ്തു. അതിന് ശേഷമാണ് ഷക്കീല തരം​ഗം വന്നത്.

എന്നാൽ അന്നൊന്നും താൻ ന​ഗ്നത കാണിക്കുന്ന സിനിമകളിൽ അഭിനയിച്ചിട്ടില്ലെന്നും ഷക്കീല വ്യക്തമാക്കി. സിനിമകളിൽ നിന്നും ഇടവേളയെടുത്ത സമയത്തെക്കുറിച്ചും നടി സംസാരിച്ചു. കരിയറിലെ പീക്ക് സമയത്ത് ഒരു മണിക്കൂർ പോലും ഉറക്കം ലഭിച്ചിട്ടില്ല. ഇടവേളയെടുത്തപ്പോൾ വീട്ടിൽ വെറുതെ ഇരുന്നു. അപ്പോഴാണ് വണ്ണം വെച്ചത്. എങ്ങനെയിരുന്ന ആളാണ് ഇപ്പോൾ ഈ സ്ഥിതിയിലായെന്ന് ചിലർ പറയും. പക്ഷെ തനിക്കങ്ങനെ തോന്നിയിട്ടില്ല. കാരണം താരമായിരുന്നപ്പോഴും ഇപ്പോഴും ഞാൻ ഒരു പോലെയാണ്. ഷൂട്ടിം​ഗ് ഉണ്ടെങ്കിൽ ചെയ്യും. ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കും. നാല് വർഷം അരുമമൃ​ഗങ്ങളെ വളർത്തി. അമ്മയുടെ പാചകം പഠിച്ചു. സന്തോഷത്തോടെയാണ് കഴിഞ്ഞത്. സമ്പാദിച്ച പണം ഉണ്ടായിരുന്നു. ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ലെന്നും ഷക്കീല വ്യക്തമാക്കി. അടുത്ത കാലത്ത് തനിക്കുണ്ടായ വലിയൊരു വിഷമത്തെക്കുറിച്ചും ഷക്കീല തുറന്ന് സംസാരിച്ചു. ഒരു ദിവസം രാത്രി എട്ടര ആയിക്കാണും. അന്ന് ഞാൻ മദ്യപിച്ചില്ല. മനസിൽ എന്തോയൊരു ഫ്രസ്ട്രേഷൻ. ഞാൻ ഉറക്കു​ഗുളിക കഴിച്ച് ഉറങ്ങാൻ നോക്കി. പെട്ടെന്ന് മനസിൽ ഒരു ചിന്ത വന്നു. ചേച്ചി എന്നോട് ഏഴെട്ട് വർഷമായി സംസാരിക്കാറില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.

എല്ലാ അഭിമുഖങ്ങളിലും ഇക്കാര്യം പറയാറുണ്ട്. അത് കേട്ടിട്ടും എന്നോട് സംസാരിക്കാൻ ചേച്ചി തയ്യാറായിട്ടില്ല. ഉറക്കം വരാത്ത ആ ദിവസം അവരെ പോയി കാണാൻ തീരുമാനിച്ചു. എനിക്ക് വേണ്ടി കാറോടിക്കുന്ന സതീഷ് അന്ന് ഒപ്പമില്ലായിരുന്നു. ചേട്ടന്റെ പെൺമക്കളുടെ ഭർത്താക്കൻമാരോട് പറഞ്ഞ് എനിക്കൊരു ഡ്രെെവറെ ഏർപ്പാടാക്കി. ചേച്ചിയുടെ വീട് അറിയാമെങ്കിലും വഴി അറിയില്ലായിരുന്നു. ഞാൻ വരുന്ന വിവരമറിഞ്ഞ് ചേച്ചിയുടെ മൂത്തമകൾ പറഞ്ഞത് നിങ്ങൾ എന്തിനാണ് വരുന്നത്, വന്നാൽ പൊലീസിനെ പിടിച്ച് ഏൽപ്പിക്കുമെന്നാണ്. എന്നോട് നേരിട്ടല്ല പറഞ്ഞത് ഒരു സുഹൃത്തിനോടാണ് പറഞ്ഞത്. വഴി തിരഞ്ഞ് പോയിക്കൊണ്ടിരിക്കവെ ഒരു സുഹൃത്ത് അവളുടെ ഭർത്താവുമായി പ്രശ്നമാണെന്ന് പറഞ്ഞ് വിളിച്ചു. ഇതോ‌ടെ താൻ നേരെ  മതിയാക്കി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തന്റെ ശ്രദ്ധ തിരിച്ച് മടങ്ങി വരാൻ വേണ്ടി സുഹൃത്ത് മനപ്പൂർവം ചെയ്തതാണ് അതെന്നും ഷക്കീല പറയുന്നു. അതേസമയം തമിഴകത്ത് സജീവ സാന്നിധ്യമാണ് ഇന്ന് ഷക്കീല. ടെലിവിഷൻ പരിപാടികളിൽ അവതാരക ആയും മത്സരാർത്ഥി ആയുമൊക്കെ ഷക്കീല തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. അഭിമുഖ പരിപാടികളിൽ അവതാരകയായും മറ്റുമാണ് ഷക്കീല ഇന്ന് ജീവിതം മുന്നോട്ട് നയിക്കുന്നത്. ബി​ഗ് ബോസ് തെലുങ്കിൽ നിന്നും തന്നെ ആദ്യ ആഴ്ചയിൽ തന്നെ പുറത്താക്കിയതിനെക്കുറിച്ചും ഷക്കീല വെളിപ്പെടുത്തി. ഞാൻ പുകവലിച്ചതിനാലാണ് ബി​ഗ് ബോസിൽ നിന്ന് പുറത്തായതെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ അവിടെ മറ്റുള്ളവരും പുകവലിക്കുന്നുണ്ട്. അതല്ല കാരണമെന്നും ഷക്കീല പറയുന്നു. ബി​ഗ് ബോസിൽ ഇറങ്ങി വഴക്കടിക്കാനും തനിക്ക് പറ്റില്ല. കാരണം എനിക്കൊരു മാന്യതയുണ്ട്. ബി​ഗ് ബോസ് വീട്ടിലുള്ളവരും എന്നെ അമ്മയെന്നാണ് വിളിക്കുന്നത്. അവരുടെയടുത്ത് പോയി ചെറിയ കാര്യങ്ങൾക്ക് വഴക്കടിക്കാനാവില്ല. നല്ല രീതിയിൽ പുറത്ത് വന്നതിൽ സന്തോഷമേയുള്ളൂയെന്നും ഷക്കീല വ്യക്തമാക്കി. ഇപ്പോൾ മാദക നായിക എന്ന ലേബലിൽ നിന്ന് മാറി തമിഴ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഷക്കീലയ്ക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. കരിയറിലെ വീഴ്ചയും കുടുംബത്തിന്റെ മാറ്റി നിർത്തലുമെല്ലാം അതിജീവിച്ച ഷക്കീലയ്ക്ക് ഇന്ന് തന്റേതായ സുഹൃദ് വലയവുമുണ്ട്.