അബിക്കൊപ്പമുള്ള അപൂര്‍വ ഫോട്ടോയുമായി ഷെയ്ൻ നിഗം ; ഏറ്റെടുത്ത് ആരാധകർ 

സിനിമയിലെത്തിയ കാലം മുതല്‍ നിരവധി വിവാദങ്ങളിലൂടെ കടന്നു പോയിട്ടുള്ള യുവ നടനാണ് ഷെയ്ൻ നിഗം.പങ്കെടുത്ത ഒരു റിയാലിറ്റി ഷോയില്‍ പോലും നടൻ കലാഭവൻ അബിയുടെ മകനെന്ന ലേബലില്‍ ഒരു പരിഗണനയും ഷെയ്ൻ ചോദിച്ചിട്ടുമില്ല കിട്ടിയിട്ടുമില്ല…

സിനിമയിലെത്തിയ കാലം മുതല്‍ നിരവധി വിവാദങ്ങളിലൂടെ കടന്നു പോയിട്ടുള്ള യുവ നടനാണ് ഷെയ്ൻ നിഗം.പങ്കെടുത്ത ഒരു റിയാലിറ്റി ഷോയില്‍ പോലും നടൻ കലാഭവൻ അബിയുടെ മകനെന്ന ലേബലില്‍ ഒരു പരിഗണനയും ഷെയ്ൻ ചോദിച്ചിട്ടുമില്ല കിട്ടിയിട്ടുമില്ല എന്നതാണ് വാസ്തവം.സിനിമയില്‍ വളരാൻ ഷെയ്നിന് പ്രചോദനമായി മാറിയതും  പിതാവ് അബി തന്നെയാണ്. ഇപ്പോഴിതാ ഉപ്പ അബിക്കൊപ്പമുള്ള അപൂര്‍വമായൊരു ഫോട്ടോ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം.റബീഹ് പാറമ്മല്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച്‌ വാപ്പിച്ചി എന്നാണ് ഷെയ്ൻ തലക്കെട്ട് നല്‍കിയിരിക്കുന്നത്. അച്ഛൻ-മകൻ കോമ്പോയിലുള്ള ഫോട്ടോ വളരെ വേഗത്തില്‍ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്‌തു.ഈ ഫോട്ടോയ്ക്ക് നിരവധി ആരാധകര്‍ കമന്റുകളും കുറിക്കുന്നുണ്ട്.വാപ്പിച്ചിക്ക് വേണ്ടി നീ ഉയരങ്ങളില്‍ എത്തണം എന്നാണ് ഏറെയും പേര്‍ ഷെയ്നിനോട് കമന്റുകളിലൂടെ പറയുന്നത്.അബീക്കയുടെ മോഹങ്ങള്‍ പൂവാണിയിക്കാൻ നിനക്ക് കഴിയട്ടെ, അബിക്കയെ കൂടുതല്‍ മനോഹരമായി ഷെയ്നിലൂടെ കലാലോകം കാണുന്നു. ഉയരങ്ങളില്‍ എത്തട്ടെ, കഴിവുണ്ടായിട്ടും ഉയരങ്ങളില്‍ എത്തപ്പെടാതെ പോയ ഞങ്ങളുടെ അബീക്കയുടെ മകനാണ് നീ.ഉയരങ്ങളില്‍ എത്താൻ പ്രാര്‍ത്ഥിക്കുന്നു, ഷെയ്നിന്റെ ഈ വിജയക്കുതിപ്പ് കണ്ട് സ്വര്‍ഗത്തിലിരുന്ന് വാപ്പയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നെല്ലാമുള്ള കമന്റുകള്‍ ആളുകൾ കുറിക്കുന്നുണ്ട്. സ്വന്തം അധ്വാനവും കഴിവും കൊണ്ട് ഉയര്‍ന്ന് വന്ന കലാകാരനാണ് ഷെയ്ൻ നിഗം. മലയാളത്തിലെ ഒട്ടുമിക്ക മികച്ച സംവിധായകരുടേയും ചിത്രത്തിൽ ഷെയ്ൻ വേഷമിട്ടുണ്ട്. ഏത് കഥാപാത്രത്തെ അവതരിപ്പിച്ചാലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഷെയ്ൻ നിഗം കാഴ്ച വെയ്ക്കുന്നത്. താരപുത്രനാണെങ്കില്‍ കൂടിയും സിനിമയില്‍ വന്ന കാലം മുതല്‍ക്കേ നിരവധി പ്രതിസന്ധികൾ ഷെയ്‌ന് നേരിടേണ്ടി  വന്നിട്ടുണ്ട്.

ഏറ്റവും അവസാനം താരത്തിന്റേതായി പുറത്ത് വന്ന ആര്‍ഡിഎക്സ്  എന്ന സൂപ്പർ ഹിറ്റ് ചിത്രം തിയേറ്ററില്‍ എത്തും മുമ്പു പോലും ഷെയ്ന് സോഷ്യല്‍ മീഡിയ വഴി പലതവണ പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. തോറ്റ് കൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിതരാൻ ഈ ലോകം മുഴുവൻ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. ഇത് സ്നേഹമാണ്. നമ്മള്‍ സംസാരിക്കുമ്പോള്‍ നടക്കുമ്പോള്‍ അഭിനയിക്കുമ്പോള്‍ അങ്ങനെ എന്ത് ചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കില്‍ അത് ലോകം കാണും. ഇത് ഒന്നിന്റെയും അവസാനമല്ല.ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്’, എന്നാണ് കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുത്ത് പുരസ്കാരം ഏറ്റുവാങ്ങവേ ഷെയ്ൻ നിഗം പറഞ്ഞത്. അന്ന് പ്രസംഗിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഭംഗിക്കായി പറഞ്ഞതല്ലെന്നും താൻ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ടിരിക്കുന്നതാണെന്നും പിന്നീട് സ്വന്തം ജീവിതത്തിലൂടെ ഷെയ്ൻ കാണിച്ച്‌ തന്നുകൊണ്ടിരിക്കുകയാണ്. പിതാവിന് എത്തിപ്പിടിക്കാൻ സാധിക്കാതെ പോയ ഉയരങ്ങള്‍ കീഴടക്കാനെത്തിയ മകൻ എന്നാണ് ഷെയ്നിനെ വിശേഷിപ്പിച്ച്‌ സിനിമാ പ്രേമികള്‍ എപ്പോഴും പറയാറുള്ളത്. മിമിക്രി രംഗത്തിലൂടെയാണ് അബി പ്രശസ്തനാവുന്നത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ നടനായിരുന്നു. മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് പ്രചാരം നല്‍കിയ താരം കൂടിയാണ് അബി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയാണ് അബി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്  ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, വാര്‍ധക്യ പുരാണം, സൈന്യം, മഴവില്‍ കൂടാരം, ആനപ്പാറ അച്ചാമ്മ, പോര്‍ട്ടര്‍, കിരീടിമില്ലാത്ത രാജാക്കന്മാര്‍, രസികൻ തുടങ്ങി തൃശിവപേരൂര്‍ ക്ലിപ്തം എന്ന അവസാന സിനിമ വരെ നീണ്ട് നില്‍ക്കുന്ന കലാ ജീവിതത്തില്‍ അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അബി. രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30നാണ് അബി മരണത്തിന് കീഴടങ്ങിയത്