ശങ്കരാടിയുടെ ഓർമകൾക്ക് 22 വയസ് തികഞ്ഞിട്ടും നാട്യങ്ങളില്ലാത്ത നടൻ മലയാളികൾക്ക് പ്രിയങ്കരൻ

മലയാളികള്‍ക്ക് അത്രപെട്ടന്നൊന്നും മറക്കാനാകില്ല ശങ്കരാടിയെ. 1960 കളുടെ അവസാനകാലത്  സംവിധായകനും നിർമ്മാതാവുമായ കുഞ്ചാക്കോ തന്റെ പുതിയ ചിത്രമായ കടലമ്മയിലേക്ക്  നായകനായ സത്യന്റെ അച്ഛൻ വേഷം ചെയ്യാൻ  ചന്ദ്രശേഖരമേനോൻ എന്ന വ്യക്തിയെയാണ്  തിരഞ്ഞെടുത്തത്. നാടക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ചന്ദ്രശേഖരമേനോൻ  കുഞ്ചാക്കോയുടെ സെലക്ഷൻ തെറ്റിയില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അടുത്ത ഏതാനും വർഷങ്ങൾ കൊണ്ട് അയാൾ മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായി മാറി.കുറച്ച് വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ അയാൾ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായ ശങ്കരാടിയായി  മാറി. അങ്നെ 27ആം വയസില്‍ അന്‍പതുകാരനായ അതുല്യനടൻ സത്യന്റെ അച്ഛനായി തുടക്കം. പിന്നീടങ്ങോട്ട് നിരവധി ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍. ഒരു വസ്ര്തഹം നാല്പത് സിനിമ വരെ ചെയ്തിട്ടുണ്ട് ശങ്കരാടി. അങ്ങനെ  700ലേറെ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ  ജീവിക്കുന്ന അതുല്യ നടൻ ശങ്കരാടിയുടെ ഓർമ്മകൾക്ക്  22 വര്‍ഷം പിന്നിടുമ്പോളും മലയാളികൾക്ക് ഇന്നും പ്രിയങ്കരൻ. മനസ്സില്‍ ഓടിയെത്തുന്ന  ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമാണ് ഈ മഹാനടന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ചെയ്തതിൽ  പലതും ആവർത്തന വിരസത തോന്നിയേക്കാവുന്ന കഥാപാത്രങ്ങളായിരുന്നു എങ്കിലും  ആ കഥാപാത്രങ്ങൾ തമ്മിൽ സാമ്യത തോന്നിയില്ലെന്നത് തന്നെയാണ് ശങ്കരാടിയിലെ നടന്റെ വിജയവും.  തന്റേതായ ശൈലിയിലുളള അഭിനയും ശരീര പ്രകൃതിയും മറ്റുളളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അച്ഛന്‍, അമ്മാവന്‍, കാര്യസ്ഥന്‍ തുടങ്ങി ഒട്ടേറെ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി. ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ശങ്കരാടി 1960 മുതല്‍ 80 വരെയുളള കാലഘട്ടങ്ങളിലെ ഒട്ടുമിക്ക സിനിമകളിലെയും നിറ സാന്നിധ്യമായിരുന്നു.ഇരുട്ടിന്റെ ആത്മാവിലെ അച്യുതന്‍ നായര്‍, നാടോടിക്കാറ്റിലെ പണിക്കരമ്മാവന്‍, സന്ദേശത്തിലെ താത്വികാചാര്യന്‍ കുമാരപിള്ള, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ നോവലിസ്റ്റ് കുട്ടിച്ചൻ, വിയറ്റ്നാം കോളനിയിലെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച മാനസികരോഗി, മിന്നാരത്തിലെ  കുക്ക് അയ്യർ…. അങ്ങനെ വര്‍ഷത്തിൽ 40ലേറെ സിനിമകള്‍ ആവര്‍ത്തന വിരസതയില്ലാതെ പ്രേക്ഷകന് നല്‍കിയ മഹാനടന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാറാം 1969/1970/1971 എന്നിങ്ങനെ  മൂന്നു വര്‍ഷം അടുപ്പിച്ച് നേടിയ ശങ്കരാടി സംസ്ഥാന സര്‍ക്കാരിന്റെ സ്വഭാവ നടനുളള പുരസ്‌കാരവും നേടി. 1924 ല്‍  ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി വടക്കന്‍ പറവൂര്‍ മേമന വീട്ടിലാണ് ശങ്കരാടി ജനിച്ചത്.

ചന്ദ്രശേഖര മേനോന്‍ എന്നതാണ് യഥാര്‍ത്ഥ പേര് എങ്കിലും പിന്നീട് തറവാട്ടു പേരായ ശങ്കരാടി എന്ന പേരു സ്വീകരിച്ചു. എറണാകുളം മഹാരാജാസിൽ ഇന്റർമീഡിയറ്റ് പാസായ ശങ്കരാടി  മറൈൻ എഞ്ചിനിയറിങ്ങ് പഠനത്തിനായി ബറോഡയിൽ എത്തുകയും പഠനത്തിനിടയിൽ തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഇടപഴകുകയും റെയിൽ‌വേ തൊഴിലാളികളൂടെ സമരത്തിന്റെ നേതൃനിരയിൽ നിന്നു പ്രവർത്തിക്കുകയും ചെയ്തു. മറൈൻ എഞ്ചിനിയറിങ്ങ് പഠനം പൂർത്തിയാക്കാതെ മുംബൈയിൽ പത്രപ്രവർത്തകനായി ജോലി നോക്കി. നാട്ടിലെത്തി മുഴുനീള രാഷ്ട്രീയ പ്രവർത്തകനായി.ശങ്കരാടിയുടെ രാഷ്ട്രീയത്തിന്റെ തുടക്കം സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്കും തിരിഞ്ഞു. പിന്നീട് നടകരംഗത്ത് സജീവമായി . അങ്ങനെ നാടകത്തിൽ  നിന്നും കുഞ്ചാക്കോ വഴി സിനിമയിലേയ്ക്ക് എത്തിയ ശങ്കരാടി  സത്യൻ അന്തിക്കാടിന്റെ സിനിമകളിലൂടെ   മലയാള പ്രേക്ഷകരുടെ മനസിൽ തന്റെ കഥാപാത്രങ്ങളെ വളരെ രസകരമായി പ്രതിഷ്ടിച്ചു. മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലർ ആയി വിരാജിച്ച ശങ്കരാടി ഏറെ വൈകിയാണു വിവാഹിതനായത്. ശാരദയാണ് ഭാര്യ. മലയാളിയ്ക്ക് ഓർത്തെടുക്കാൻ ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ബാക്കി വച്ച് 2001 ഒക്ടോബറിൽ ആണ്  അദ്ദേഹം സിനിമാലോകത്തു നിന്ന് തന്നെ വിടപറഞ്ഞത്  എങ്കിലും ചെയ്തുവെച്ച വേഷങ്ങളിലൂടെ അദ്ദേഹം ഇന്നും  പ്രേക്ഷകരുടെ ഉള്ളിൽ തന്നെയുണ്ട്.