‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’, മമ്മൂട്ടിക്കൊപ്പം ഷറഫുദ്ദീന്‍

ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന്‍ ഓട്ടത്തിലാണ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ സ്വാര്‍ത്ഥതയില്ലാതെ നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഓടി നടക്കുന്ന പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ പറ്റിയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ അതിഥിവേഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ചിത്രം കണ്ട വലിയൊരു ശതമാനം പ്രേക്ഷകരെ സംബന്ധിച്ചും സര്‍പ്രൈസ് ആയിരുന്നു ആ വേഷം. ഇപ്പോഴിതാ ചിത്രവുമായി സഹകരിച്ചതിന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷറഫുദ്ദീന്‍. ‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’, മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഷറഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിതങ്ങനെയായിരുന്നു.

പ്രിയന് എല്ലാം നഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നിടത്തു നിന്നുമാണ് ചിത്രത്തിലേക്ക് മമ്മൂട്ടിയുടെ വരവ്. ഒരു ഡയലോഗും രണ്ട് സീനും മാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടിക്കുള്ളത്. എന്നാല്‍ അത്രയും സമയം കൊണ്ട് തന്നെ മമ്മൂട്ടി പ്രേക്ഷകരുടെ മനസ് നിറക്കുന്നുണ്ട്. ഏറെക്കാലത്തിനു ശേഷമാണ് ഒരു ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അനാര്‍ക്കലി മരക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി, സ്മിനു സിജു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ശബരീഷ് വര്‍മ, പ്രജീഷ് പ്രേം, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ലിജിന്‍ ബാംബിനോ സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം പി എന്‍ ഉണ്ണികൃഷ്ണനും എഡിറ്റിംഗ് ജോയല്‍ കവിയും നിര്‍വ്വഹിക്കുന്നു. മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്.

Previous articleവിവാഹിതരാവാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ!!! മുന്നറിയിപ്പുമായി അശ്വതി ശ്രീകാന്ത്
Next articleസണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘ത്രയം’; പുതിയ പോസ്റ്റര്‍ പുറത്ത്