‘സ്‌ക്രീനില്‍ അപ്പുവിനെ കണ്ടപ്പോള്‍ താങ്ങാനായില്ല’, സഹോദരന്റെ അവസാന സിനിമയ്ക്ക് ഡബ്ബ് ചെയ്ത് ശിവരാജ്കുമാര്‍

നടന്‍ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ ആരാധകര്‍ കരകയറിയിട്ടില്ല. പുനീത് അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ജെയിംസ്’. ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നതിന് മുമ്പായിരുന്നു പുനീതിന്റെ വിയോഗം. ഇപ്പോഴിതാ സിനിമയിലെ പുനീതിന്റെ ഭാഗങ്ങള്‍ക്ക് സഹോദരന്‍ ശിവ രാജ്കുമാര്‍ ശബ്ദം നല്‍കിയിരിക്കുകയാണ്.

‘എന്റെ സഹോദരന്റെ സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്നത് ഒരു വൈകാരിക മുഹൂര്‍ത്തമായിരുന്നു. സ്‌ക്രീനില്‍ അപ്പുവിനെ കണ്ടപ്പോള്‍ എനിക്ക് താങ്ങാനായില്ല. അവന്റെ ശബ്ദവുമായി പൊരുത്തപ്പെടുത്താനും ബുദ്ധിമുട്ടായിരുന്നു. രണ്ടര ദിവസമെടുത്താണ് ഞാന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. എന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്, പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’വെന്ന് ശിവരാജ് പ്രതികരിച്ചു. ചിത്രത്തില്‍ ശിവ രാജ്കുമാര്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്.

ചേതന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ജെയിംസ് മാര്‍ച്ച് 17നാണ് റിലീസ് ചെയ്യുന്നത്. പുനീതിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവര്‍ത്തരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്.

Gargi