‘സീരിയല്‍ കിസ്സര്‍’; ആരോഗ്യ പ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബീഹാറിലെ ജാമുയി ജില്ലയില്‍, ഒരു സ്ത്രീയെ ബലമായി ചുംബിക്കുന്ന ‘സീരിയല്‍ കിസ്സ’റുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മാര്‍ച്ച് 10 നാണ് സംഭവം നടന്നത്. ജാമുയിയിലെ സദര്‍ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവര്‍ത്തകയെയാണ് ബലമായി ചുംബിച്ചത്. ആശുപത്രി മതില്‍ ചാടിക്കയറിയ അക്രമി ഇവര്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ടു, തുടര്‍ന്ന് അവരെ പിടികൂടി ചുംബിക്കുകയായിരുന്നു.

യുവതി ജാമുയി പോലീസില്‍ പരാതി നല്‍കി, സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ വര്‍ധിച്ച സുരക്ഷാ നടപടികള്‍ വേണമെന്നും ആശുപത്രിയില്‍ പതിവായി എത്തുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി മുള്ളുവേലി സ്ഥാപിക്കണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

‘അവന്‍ എന്തിനാണ് ആശുപത്രി വളപ്പില്‍ വന്നതെന്ന് എനിക്കറിയില്ല, എനിക്ക് ആളെ അറിയില്ല, ഞാന്‍ അവനോട് എന്താണ് ചെയ്തത്? അവന്‍ എന്നെ പിടിച്ചപ്പോള്‍ ഞാന്‍ എതിര്‍ത്തു. ഹോസ്പിറ്റല്‍ സ്റ്റാഫിനെ വിളിച്ചു. പക്ഷേ, അപ്പോഴേക്കും ആ മനുഷ്യന്‍ രക്ഷപ്പെട്ടിരുന്നു…അതിര്‍ത്തി ഭിത്തി വളരെ ചെറുതാണ്. മുള്ളുവേലി കെട്ടി ആശുപത്രിയിലെത്തുന്ന സ്ത്രീകളെ സംരക്ഷിക്കാന്‍ അധികാരികളോട് ഞാന്‍ അഭ്യര്‍ത്ഥിച്ചുവെന്ന് യുവതി പറഞ്ഞു.

സംഭവം സോഷ്യല്‍ മീഡിയയില്‍ രോഷത്തിന് കാരണമായിട്ടുണ്ട്, ലൈംഗികാതിക്രമങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതി ഉടന്‍ പോലീസ് കസ്റ്റഡിയില്‍ ലഭിക്കുമെന്നും എസ്ഡിപിഒ ഡോ.രാകേഷ് കുമാര്‍ പറഞ്ഞു. ഇത്തരമൊരു സംഭവം ഈ പ്രദേശത്ത് ആദ്യമായിട്ടാണെന്ന് പോലീസ് പറഞ്ഞു.